Published: May 06 , 2025 07:58 PM IST
1 minute Read
മുംബൈ∙ വിരാട് കോലി കയ്യബദ്ധത്തിൽ ‘ലൈക്ക്’ ചെയ്തതിന്റെ പേരിൽ നേട്ടം കൊയ്ത് ബോളിവുഡ് താരം അവ്നീത് കൗർ. രണ്ടു ദിവസം കൊണ്ട് 18 ലക്ഷത്തിലേറെ ഫോളോവേഴ്സിനെയാണ് അവ്നീതിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലഭിച്ചത്. സംഭവത്തിനു ശേഷം യുവനടിക്ക് 12 പുതിയ ബ്രാൻഡുകളുടെ പരസ്യക്കരാർ ലഭിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ആവശ്യക്കാരേറിയതോടെ ഇൻസ്റ്റയിലെ ബ്രാൻഡ് പ്രൊമോഷനു വാങ്ങുന്ന തുകയും അവ്നീത് വർധിപ്പിച്ചു.
കോലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് അവ്നീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തുടർന്ന്, ‘ലൈക്ക്’ ബോധപൂർവം സംഭവിച്ചതല്ലെന്ന് വിശദീകരിച്ച് കോലി രംഗത്തെത്തുകയും ചെയ്തു. അവ്നീത് കൗർ പച്ചനിറത്തിലുള്ള സ്റ്റൈലിഷ് വസ്ത്രമണിഞ്ഞു നിൽക്കുന്ന ചിത്രത്തിനാണ് കോലി ലൈക്ക് അടിച്ചത്. ഭാര്യ അനുഷ്ക ശർമയുടെ ജന്മദിനത്തിൽ ഹൃദ്യമായ ആശംസ നേർന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ്, കോലി അവ്നീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ട്രോളുകൾ വ്യാപകമായതിനു പിന്നാലെ അവ്നീതിന്റെ ചിത്രത്തിനുള്ള കോലിയുടെ ‘ലൈക്ക്’ അപ്രത്യക്ഷമായിരുന്നു. എന്നിട്ടും സ്ക്രീൻഷോട്ടുകളായി ഈ ലൈക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോലി വിശദീകരണവുമായി രംഗത്തെത്തിയത്.‘‘ഒരു കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. എന്റെ ഫീഡ് ക്ലിയർ ചെയ്യുന്ന സമയത്ത് അൽഗൊരിതത്തിൽ വന്ന പിഴവു നിമിത്തമാകാം ഇത്തരമൊരു ഇന്ററാക്ഷൻ റജിസ്റ്റർ ആയത്. അല്ലാതെ അതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർഥിക്കുന്നു. മനസിലാക്കിയതിന് നന്ദി’ – കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
English Summary:








English (US) ·