12 April 2025, 10:15 AM IST

Photo: x.com/mufaddal_vohra/
ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ പ്യൂമയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. 2017-ല്‍ ആരംഭിച്ച എട്ടു വര്‍ഷത്തെ കരാറിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. പ്യൂമയുമായുള്ള കരാര്‍ കോലി പുതുക്കിയില്ല. പകരം സ്വന്തം ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ 'വണ്‍8' ശക്തിപ്പെടുത്താനാണ് കോലിയുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കരാര്‍ പുതുക്കുന്നതിനായി പ്യൂമ നല്‍കിയ 300 കോടി രൂപയുടെ ഓഫര്‍ കോലി നിരസിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.
2017-ല്‍ പ്യൂമയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുന്നതിനായി എട്ടു വര്‍ഷത്തെ കരാറിലാണ് കോലി ഒപ്പുവെച്ചത്. 110 കോടി രൂപയുടെ കരാറായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ മൂന്നിരട്ടി മൂല്യമുള്ള കരാറാണ് കോലി നിരസിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോലി അംബാസിഡറായതോടെ രാജ്യത്തെ ഏറ്റവും വലിയ കായിക വസ്ത്ര നിര്‍മാതാക്കളായി പ്യൂമ ഇന്ത്യ മാറിയിരുന്നു.
പ്യൂമയുമായി പിരിഞ്ഞ കോലി പകരം സ്പോര്‍ട്സ് വെയര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അജിലിറ്റാസുമായി സഹകരിക്കാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്യൂമ ഇന്ത്യയുടെയും സൗത്ത്-ഈസ്റ്റ് ഏഷ്യ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഭിഷേക് ഗാംഗുലി 2023-ല്‍ സ്ഥാപിച്ച കായിക വസ്ത്ര നിര്‍മ്മാണ കമ്പനിയാണ് അജിലിറ്റാസ്. ബെംഗളൂരുവാണ് അജിലിറ്റാസിന്റെ ആസ്ഥാനം. അജിലിറ്റാസില്‍ കോലി നിക്ഷേപകനായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും സ്വന്തം ബ്രാന്‍ഡായ വണ്‍8-നെ ആഗോളവത്കരിക്കുക എന്നതിലാകും കോലിയുടെ പ്രധാന ശ്രദ്ധ.
Content Highlights: Virat Kohli ends his Puma deal, rejecting a ₹300 crore connection to absorption connected his ain brand, `One8`








English (US) ·