
വിരാട് കോലി | PTI, ഷമ മുഹമ്മദ് | Photo: Mathrubhumi
ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് നടത്തിയ വിവാദപരാമര്‍ശമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. പ്രസ്താവനയ്‌ക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. എന്നാല്‍ ഷമ മുഹമ്മദ് ഇതാദ്യമായല്ല ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ രംഗത്തുവരുന്നത്. ഇതിനുമുമ്പ് കോലി നടത്തിയ ഒരു പ്രതികരണത്തിനെതിരേ ഷമ ശക്തമായ വിമര്‍ശനവുമായി മുന്നോട്ടുവന്നിരുന്നു. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമില്ലെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിടാന്‍ കോലി ആവശ്യപ്പെട്ട സംഭവത്തിലാണ് അന്ന് ഷമ താരത്തിനെതിരേ രംഗത്തെത്തിയത്.
കോലി തന്റെ 30-ാം ജന്മദിനത്തില്‍ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി പറയുന്നതിനിടയിലാണ് വിവാദപരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ ബാറ്റര്‍മാരെക്കാള്‍ തനിക്കിഷ്ടം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ് കാണാനാണെന്നും വിരാട് കോലി അമിത പ്രാധാന്യം ലഭിച്ച താരമാണെന്നുമായിരുന്നു ആരാധകന്‍ കമന്റ് ചെയ്തത്. കോലിയുടെ ബാറ്റിങ്ങില്‍ ഒരു പ്രത്യേകതയുമില്ലെന്നും ആരാധകന്‍ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണം ആരാധകനോട് രാജ്യം വിടാനാണ് കോലി പറഞ്ഞത്.
'നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. അങ്ങനെ ഞാന്‍ കരുതുന്നില്ല. രാജ്യത്തുനിന്ന് മാറി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുരാജ്യങ്ങളെ ആരാധിക്കുന്നത് എന്തിനാണ്?' - കോലി അന്ന് ആരാധകന് നല്‍കിയ മറുപടി ഇതായിരുന്നു.
ഇതിന് പിന്നാലെയാണ് താരത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് ആഞ്ഞടിച്ചത്. കോലി ബ്രിട്ടീഷുകാര്‍ കണ്ടുപിടിച്ച ഗെയിം കളിച്ച് കോടികള്‍ സമ്പാദിച്ചിട്ടാണ് വിദേശതാരത്തെ ഇഷ്ടപ്പെടുന്നവരോട് രാജ്യം വിടാന്‍ പോകാന്‍ പറയുന്നതെന്ന് ഷമ എക്‌സില്‍ കുറിച്ചു.
'വിരാട് കോലി ബ്രിട്ടീഷുകാര്‍ കണ്ടുപിടിച്ച ഗെയിം കളിച്ച്, വിദേശ ബ്രാന്‍ഡുകളില്‍ നിന്ന് കോടികള്‍ സമ്പാദിക്കുന്നു. ഇറ്റലിയില്‍ നിന്ന് വിവാഹം കഴിച്ചു, ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരമായി ഹെര്‍ഷല്‍ ഗിബ്‌സിനെ തിരഞ്ഞെടുത്തു. ആഞ്ചലിക് കെര്‍ബറാണ് മികച്ച ടെന്നീസ് താരം. പക്ഷേ വിദേശതാരത്തെ ഇഷ്ടപ്പെടുന്നവരോട് രാജ്യം വിടാന്‍ പറയുന്നു.' -ഷമ 2018-ല്‍ കോലിക്കെതിരേ പ്രതികരിച്ചതിങ്ങനെയായിരുന്നു.

ഇപ്പോഴിതാ ഈ പോസ്റ്റ് നിരവധി പേര്‍ സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും പങ്കുവെക്കുന്നുണ്ട്. രോഹിത് അമിതവണ്ണമുള്ളയാളാണെന്നും മികച്ച ക്യാപ്റ്റനൊന്നുമല്ലെന്നുമായിരുന്നു ഷമയുടെ വിമര്‍ശനം.
'ഒരു കായികതാരം എന്ന നിലയില്‍ രോഹിത് ശര്‍മയ്ക്ക് വണ്ണം കൂടുതലാണ്. ശരീരഭാരം കുറയ്ക്കണം. തീർച്ചയായും ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മതിപ്പുളവാക്കാത്ത ക്യാപ്റ്റൻ' - ഷമ എക്‌സില്‍ കുറിച്ചു. പിന്നാലെ വിഷയത്തില്‍ വലിയ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടന്നത്. ഷമ മുഹമ്മദിനെ പിന്തുണച്ചും എതിര്‍ത്തും പലരും കമന്റുമായി എത്തി.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസീലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സിന് പുറത്തായതിന് പിന്നാലെയായിരുന്നു അവരുടെ പരാമര്‍ശം. വൈകാതെ ഷമയുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി. വിമര്‍ശനങ്ങള്‍ ശക്തമായതിനു പിന്നാലെ ഷമ മുഹമ്മദ് എക്സ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
Content Highlights: Congress Leader Shama Mohameds aged Post against kohli








English (US) ·