
വിരാട് കോലിയും രോഹിത് ശർമയും | AP, ഗ്ലെൻ മാക്സ്വെൽ | PTI, നിക്കൊളാസ് പുരാൻ, AFP
ട്വന്റി-20 ക്രിക്കറ്റിലും ഏകദിനത്തിലുമൊക്കെ ബൗളർമാരുടെ പേടിസ്വപ്നമായ താരം. കഴിഞ്ഞവർഷം കൂടുതൽ സിക്സറുകൾ പറത്തിയ കളിക്കാരൻ. ഐപിഎൽ ക്രിക്കറ്റിൽ ഇത്തവണ അഞ്ഞൂറിലേറെ റൺസ് നേടിയ ബാറ്റർമാരിലൊരാൾ. വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പൂരൻ വിരമിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്.
ഇന്ത്യൻ നായകൻ രോഹിത് ശർമയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽനിന്നും ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസെൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിച്ചുവെന്ന വാർത്തവന്ന് ദിവസങ്ങൾക്കകമാണ് ഈ വാർത്തയും വരുന്നത്. ആ നിരയിലേക്ക് 29-ാം വയസ്സിൽ പൊടുന്നനെ നിക്കോളാസ് പൂരൻ കയറിവരുകയായിരുന്നു. ട്വന്റി-20 ലോകകപ്പിന് എട്ടുമാസംമാത്രം ശേഷിക്കേയാണ് വിൻഡീസ് താരത്തിന്റെ പടിയിറക്കം.
പണം കായ്ക്കും ലീഗുകൾ
ക്രിക്കറ്റിൽ ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ ഒരു ഡസനിലേറെ താരങ്ങൾ വിവിധ ഫോർമാറ്റുകളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പലരും പ്രായക്കൂടുതൽ, ടീമിലിടംകണ്ടെത്താനുള്ള സാധ്യതയില്ലായ്മ എന്നിവ കാരണമാണ് വിരമിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൽ, മാനസികസമ്മർദം എന്നിവയും ചിലരുടെ തീരുമാനത്തിനു കാരണമാണ്. ഇതിനെല്ലാമപ്പുറം ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗ് (ഐപിഎൽ) ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളിൽനിന്ന് താരങ്ങൾക്കു ലഭിക്കുന്ന വൻപ്രതിഫലം വിരമിക്കലിനുള്ള പ്രധാനകാരണമാണ്. ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരമായ നിക്കോളാസിന് ഒരു സീസണിൽ ശമ്പളമായി ലഭിക്കുന്നത് 21 കോടി രൂപയാണ്. അതേസമയം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിൽനിന്ന് വാർഷികശമ്പളമായി ലഭിക്കുന്നത് രണ്ടുകോടിയോളം രൂപമാത്രം. രണ്ടുവർഷംമുൻപ് യുഎസ്എയിൽ ആരംഭിച്ച മേജർ ലീഗ് ക്രിക്കറ്റി(എംഎൽസി)ൽ എംഐ ന്യൂയോർക്ക് ടീമിന്റെ നായകനായി നിക്കോളാസിനെ നിയമിച്ചുകഴിഞ്ഞു. ഇവിടെയും വൻതുകയാണ് ഓഫർ. എംഎൽസിയിൽ വാഷിങ്ടൺ ഫ്രീഡം ടീമിന്റെ നായകനാണ് ഓസ്‌ട്രേലിയക്കാരൻ ഗ്ലെൻ മാക്സ്‌വെൽ. ഓസീസ് താരം കുറച്ചുദിവസങ്ങൾക്കുമുൻപാണ് ഏകദിനക്രിക്കറ്റിനോട് വിടപറഞ്ഞത്.
29 വയസ്സാകുമ്പോഴേക്കും 29 ട്വന്റി-20 ഫ്രാഞ്ചൈസി ടീമുകൾക്കായി നിക്കോളാസ് കളിച്ചുകഴിഞ്ഞു. ഇന്ത്യ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് ലീഗുകളിലെ വിവിധ ടീമുകളാണിവ. നിക്കോളാസിനെപ്പോലെ തിളങ്ങിനിൽക്കുന്ന താരങ്ങൾക്ക് വിവിധ ലീഗുകളിൽനിന്നായി വർഷം 40-50 കോടി രൂപയെങ്കിലും ലഭിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.
അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് പൊടുന്നനെ താരങ്ങൾ വിരമിക്കാനെന്താണു കാരണം. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ മോഹവലയത്തിൽ കുടുങ്ങുന്നതാണെന്ന ചർച്ച സജീവമാകുന്നുണ്ട്.
രോഹിത് ശർമ (38)
ഇന്ത്യ, ടെസ്റ്റ്, ട്വന്റി-20 വിരമിച്ചു. ഏകദിനത്തിൽതുടരും
സ്റ്റീവൻ സ്മിത്ത് (36)
ഓസ്ട്രേലിയ, ഏകദിനത്തിൽനിന്ന് വിരമിച്ചു, ടെസ്റ്റിൽ തുടരും
ദിമുത് കരുണരത്നെ (37)
ശ്രീലങ്ക, അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
വിരാട് കോലി (36)
ഇന്ത്യ, ടെസ്റ്റ്, ട്വന്റി-20 വിരമിച്ചു. ഏകദിനത്തിൽ തുടരും
ഗ്ലെൻ മാക്സ്‌വെൽ (36)
ഓസ്ട്രേലിയ, ഏകദിനത്തിൽനിന്ന് വിരമിച്ചു, ട്വന്റി-20യിൽ തുടരും
വൃദ്ധിമാൻ സാഹ (40)
ഇന്ത്യ, ടെസ്റ്റിൽനിന്ന് വിരമിച്ചു
മാർട്ടിൻ ഗപ്റ്റിൽ (38)
ന്യൂസീലൻഡ്, അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
Content Highlights: kohli rohit maxwell pooran retirement








English (US) ·