കോലിക്കു പകരം മലയാളി താരം വരുമോ? ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ ടീമിനെ തേടി ഇന്ത്യ, വിരമിക്കൽ അവസാനിച്ചിട്ടില്ല!

8 months ago 7

ഷമീർ റഹ്മാൻ

Published: May 15 , 2025 10:41 AM IST

2 minute Read

  • നാലാം നമ്പർ ബാറ്ററായി ആരു കളിക്കും? ബുമ്രയ്ക്കൊപ്പം ബോളിങ് ഓപ്പൺ ചെയ്യാൻ ആരു വരും? ചോദ്യങ്ങൾ തീരുന്നില്ല...

sarfaraz-shreyas-karun
സർഫറാസ് ഖാൻ, ശ്രേയസ് അയ്യർ, കരുൺ നായർ

ജൂൺ 20, ലീഡ്സ്, ഇംഗ്ലണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ തലമുറമാറ്റത്തിന് അരങ്ങൊരുങ്ങുന്ന വേദിയും ദിവസവും ഇതാണ്. 2025–2027 ലോക ടെസ്റ്റ് ചാംപ്യൻഷിപ് സൈക്കിളിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ 5 ടെസ്റ്റ് മത്സരങ്ങളിൽ ആദ്യത്തേത്. ആധുനിക ക്രിക്കറ്റിൽ രാജ്യത്തിന്റെ യുഗപുരുഷന്മാരായ വിരാട് കോലിയും രോഹിത് ശർമയും ഇല്ലാതെ ഇന്ത്യ അശ്വമേധത്തിനു തയാറെടുക്കുമ്പോൾ, സിലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും മനസ്സിലെന്തെന്ന് ആരാധകർക്ക് ഒരു പിടിയും കിട്ടുന്നില്ല. സമീപ വർഷങ്ങളിൽ നാട്ടിലും മറുനാട്ടിലും നടത്തിയ മിന്നുന്ന പ്രകടനങ്ങൾ ആവർത്തിക്കാൻ ശേഷിയുള്ള ടീമിനെ ഇംഗ്ലണ്ടിനെതിരെ ഇറക്കാൻ ഇന്ത്യയ്ക്കു കഴിയുമോ എന്ന കാര്യത്തിലും ആരാധകർ കൺഫ്യൂഷനിലാണ്.

നാലിൽ ആര്?രോഹിത് വിരമിച്ചതോടെ ഓപ്പണിങ്ങിലും കോലിയുടെ യാത്രാമൊഴിയോടെ നാലാം നമ്പറിലും പകരക്കാർ ആരാകുമെന്നു നിലവിൽ ഒരു സൂചനയുമില്ല. കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി സച്ചിൻ തെൻഡുൽക്കറും വിരാട് കോലിയും അലങ്കരിച്ച നാലാം നമ്പർ സ്ഥാനത്തേക്കു സ്വാഭാവികമായൊരു പകരക്കാരനെ ആർക്കും ചൂണ്ടിക്കാട്ടാനാകുന്നില്ല. ശുഭ്മൻ ഗിൽ, കെ.എൽ.രാഹുൽ, ഇക്കഴിഞ്ഞ ആഭ്യന്തര സീസണിൽ ഉജ്വല പ്രകടനം നടത്തിയ കരുൺ നായർ, യുവ ബാറ്റർമാരായ ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ തുടങ്ങിയ പേരുകളൊക്കെ ഊഹാപോഹങ്ങളിലുണ്ട്.

അടുത്ത കാലത്തായി മൂന്നാം നമ്പറിൽ തിളങ്ങിയ ഗിൽ അവിടെനിന്ന് ഒരു പടവ് ഇറങ്ങി കോലിയുടെ പിൻഗാമിയാകാൻ തയാറാകുമോ എന്നു കണ്ടറിയണം. ക്ലാസിക്കൽ ഷോട്ടുകളും മോഡേൺ ഷോട്ടുകളും ഒരുപോലെ വഴങ്ങുന്ന ഗില്ലിനു നാലാം നമ്പറിൽ തിളങ്ങാൻ കഴിയുമെങ്കിലും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെ പ്രകടനം ശരാശരിയാണെന്ന ആക്ഷേപം നിലവിലുണ്ട്. അഥവാ ഗിൽ സന്നദ്ധത അറിയിച്ചാൽ, നിർണായകമായ മൂന്നാം നമ്പറിൽ ആരു ബാറ്റു ചെയ്യുമെന്ന പ്രശ്നം ഉദിക്കുകയും ചെയ്യും!

ഓപ്പണർ മുതൽ ആറാം നമ്പർ വരെയുള്ള മിക്ക സ്ഥാനങ്ങളിലും കളിച്ചു പരിചയമുള്ള കെ.എൽ രാഹുലിനെ നാലാം നമ്പറിൽ ഇറക്കണമെന്ന വാദവുമുണ്ട്. പക്ഷേ, അപ്പോൾ യശസ്വി ജയ്സ്വാളിനൊപ്പം ആര് ഓപ്പണറാകും എന്ന ചോദ്യം ഉയരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കരുൺ നായർ, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ എന്നിവരെ പരിഗണിക്കാമെന്നു വച്ചാൽ ഇംഗ്ലണ്ടിലെ ബോളിങ് അനുകൂല സാഹചര്യങ്ങളിൽ ഇവരിൽ എത്രമാത്രം സിലക്ടർമാർ വിശ്വാസമർപ്പിക്കും എന്നും കണ്ടറിയണം. രോഹിത്തിന്റെ സ്ഥാനത്ത് പുതിയ ഓപ്പണറെ പരീക്ഷിക്കാനാണു തീരുമാനമെങ്കിൽ ഇംഗ്ലണ്ടിന്റെ സീമർമാർക്കെതിരെ പടപൊരുതാൻ സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരിൽ ആർക്കെങ്കിലും നറുക്കുവീണേക്കും.

ബുമ്രയ്ക്കൊപ്പം  ആരൊക്കെ?

പേസ് ബോളിങ്ങിനെ അനുകൂലിക്കുന്ന ലീഡ്സ് ഹെഡിങ്‌ലി പിച്ചിൽ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഇന്ത്യ ഏതൊക്കെ പേസർമാരെ ഉൾപ്പെടുത്തും എന്നതാണ് മറ്റൊരു ചോദ്യം. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ് തുടങ്ങിയവരാണ് പരിഗണനയിൽ. 

മുൻകാലത്ത് ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഷമിയുടെ സാധ്യത പൂർണമായി അവസാനിച്ചിട്ടില്ലെങ്കിലും തുലാസിലാണെന്നാണു സൂചന. ഓസ്ട്രേലിയൻ പര്യടനത്തിനിടെ വിരമിച്ച ഓഫ്സ്പിന്നർ ആർ. അശ്വിന്റെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന വാഷിങ്ടൻ സുന്ദറിനെ സ്പിൻ ഓൾറൗണ്ടർ സ്ഥാനത്തേക്കു പരിഗണിച്ചാൽ വെറ്ററൻ താരം രവീന്ദ്ര ജഡജയ്ക്ക് ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ടേക്കും. അതേ സമയം, ജ‍ഡേജയുടെ പരിചയസമ്പത്തിനെ അവഗണിക്കാൻ കഴിയുമോ എന്ന ചോദ്യവുമുണ്ട്.

വീണ്ടും വെടിമുഴക്കം?

ഓസ്ട്രേലിയൻ പരമ്പരയ്ക്കിടെ ആർ. അശ്വിന്റെ അപ്രതീക്ഷിത വിരമിക്കലിൽ തുടങ്ങിയ ചലനമാണ് പിന്നീട് രോഹിത്തിന്റെയും കോലിയുടെയും രാജിയിലേക്കെത്തിയത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിനു മുന്നോടിയായി മറ്റൊരു താരം കൂടി വിരമിക്കൽ പ്രഖ്യാപിച്ചേക്കും എന്നൊരു പ്രചാരണവും ക്രിക്കറ്റ് ലോകത്തുണ്ട്. മുഹമ്മദ് ഷമിയെയും രവീന്ദ്ര ജ‍ഡേജയെയും ലക്ഷ്യം വച്ചുള്ളതാണിത്.

English Summary:

Generational Shift successful Indian Cricket, Waiting for Kohli's Replacement

Read Entire Article