Published: January 20, 2026 02:58 PM IST Updated: January 20, 2026 04:26 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുമായുള്ള വാർഷിക കരാറിൽ മാറ്റം വരുത്താൻ ബിസിസിഐ. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റിയാണ് വാർഷിക കരാറിൽ മാറ്റങ്ങൾ വരുത്തണമെന്ന് ബിസിസിഐക്ക് നിർദേശം നൽകിയത്. നിലവിൽ നാലു വിഭാഗങ്ങളായുള്ള കരാറിൽനിന്ന് എ പ്ലസ് വിഭാഗം ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. സൂപ്പർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്.
ഇവരിൽ ബുമ്ര മാത്രമാണ് നിലവിൽ മൂന്നു ഫോർമാറ്റുകളിലും സജീവമായിട്ടുള്ളത്. രവീന്ദ്ര ജഡേജ ട്വന്റി20യിൽനിന്നു വിരമിച്ചപ്പോൾ ട്വന്റി20യിൽനിന്നും ടെസ്റ്റിൽനിന്നു വിരമിച്ച കോലിയും രോഹിത്തും ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. പുതിയ നിർദേശം ബിസിസിഐ അംഗീകരിച്ചാൽ വാർഷിക കരാറിൽ ഇനിമുതൽ മൂന്നു വിഭാഗങ്ങളെ ഉണ്ടാകൂ: എ, ബി, സി.
അങ്ങനെയെങ്കിൽ വിരാട് കോലിയെയും രോഹിത് ശർമയെയും ബി വിഭാഗത്തിലേക്ക് തരംതാഴ്ത്തുമെന്നാണ് വിവരം. ഓരോ വിഭാഗങ്ങൾക്കും നൽകുന്ന കരാർ തുകയിൽ മാറ്റം വരുത്തണമോയെന്ന് ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിൽ മാത്രമേ തീരുമാനമാനമാകൂ. നിലവിൽ, എ പ്ലസ് വിഭാഗത്തിന് പ്രതിവർഷം 7 കോടി രൂപയാണ് വാർഷിക പ്രതിഫലം. എ, ബി, സി വിഭാഗങ്ങളിലെ താരങ്ങൾക്ക് യഥാക്രമം 5 കോടി, 3 കോടി, 1 കോടി എന്നിങ്ങനെയാണ് നൽകുന്നത്. മാച്ച് ഫീസിനു പുറമേയാണ് ഈ തുക നൽകുന്നത്.
എ പ്ലസ് കാറ്റഗറിയിലുള്ള ബുമ്ര പോലും തിരഞ്ഞെടുത്ത മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്. ഒരു വർഷത്തിലേറെയായി ഏകദിനത്തിൽ കളിക്കുന്നുമില്ല. ഇതോടെയാണ് കരാറിൽ സമ്പൂർണ അഴിച്ചുപണിക്ക് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി നിർദേശം നൽകിയത്. നിലവിലെ ഗ്രേഡുകൾ ഇങ്ങനെയാണ്.
എ+ : രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
എ: മുഹമ്മദ് സിറാജ്, കെ.എൽ.രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്
ബി: സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ
സി: റിങ്കു സിങ്, തിലക് വർമ, ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, രവി ബിഷ്ണോയ്, വാഷിങ്ടൻ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പട്ടീദാർ, ധ്രുവ് ജുറേൽ, സർഫറാസ് ഖാൻ, നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ കിഷൻ, അഭിഷേക് ശർമ, ആകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ
ഉയർന്ന വിഭാഗത്തിൽ ആരൊക്കെ?
മൂന്നു ഫോർമാറ്റുകളിലും സജീവമായ താരങ്ങൾക്കാണ് ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്നത്. അതിനാൽ ജസ്പ്രീത് ബുമ്ര തീർച്ചയായും ഉയർന്ന വിഭാഗത്തിലാകും. ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മൻ ഗില്ലും ഈ വിഭാഗത്തിലുണ്ടാകും. മറ്റു താരങ്ങൾ ആരൊക്കെയാകും എന്നതിലാണ് ആകാംക്ഷ.
മാറ്റങ്ങൾ എന്തൊക്കെ?
ഇന്ത്യൻ ടീമിൽ ഏറെക്കാലമായി പരിഗണിക്കാത്ത മുഹമ്മദ് ഷമിക്ക് ബിസിസിഐയുമായുള്ള കരാർ നഷ്ടപ്പെട്ടേയ്ക്കാം. ഏകദിനത്തിലും ടെസ്റ്റിലും സ്ഥിരമായ അർഷ്ദീപ് സിങ് സിയിൽ നിന്ന് ബിയിലേക്ക് ഉയർന്നേക്കും. വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ഹർഷിത് റാണയ്ക്കും പ്രമോഷൻ കിട്ടിയേക്കും.
English Summary:








English (US) ·