
അനയ ബംഗാർ, വിരാട് കോലി | Photo: AP
ന്യൂഡല്‍ഹി: വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിന്റെ ഞെട്ടല്‍ ആരാധകര്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. വിരമിക്കല്‍ തീരുമാനം അറിയിച്ചതിനു പിന്നാലെ കായിക ലോകത്തെ പ്രമുഖരെല്ലാംതന്നെ കോലിക്ക് ആശംസയറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കോലിയുമൊന്നിച്ച് പരിശീലിച്ചതിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകള്‍ അനയ ബംഗാര്‍.
കഴിഞ്ഞവര്‍ഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി വഴി സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക് മാറിയതായും അവര്‍ പറഞ്ഞിരുന്നു. അനയ നേരത്തെ പ്രാദേശിക ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത്. അനയയുടെ പിതാവ് സഞ്ജയ് ബംഗാര്‍ ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനമത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്.
''അതെ ഞാന്‍ കോലിയെ പലതവണ കണ്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പരിശീലനം നേടിയിട്ടുണ്ട്. അച്ഛനും ഒപ്പമുണ്ടായിരുന്നു. എന്റെ ബാറ്റിങ് കണ്ട് ഏതാനും ബാറ്റിങ് ടിപ്പുകളും അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് അടുത്തുനിന്ന് കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്'', ഫില്‍മിഗ്യാന്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനയ പറഞ്ഞു.
''ഇത്രയും വലിയ സമ്മര്‍ദങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. സ്വന്തം കരുത്തിനെ പൂര്‍ണമായും മനസിലാക്കുകയും അതില്‍ പൂര്‍ണമായും വിശ്വസിക്കുകയും ചെയ്യുന്ന തരത്തിലേക്കാണ് താന്‍ പരിശീലിക്കാറുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കളിക്കളത്തില്‍ തനിക്ക് എന്ത് ചെയ്യാനാകുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അദ്ദേഹം അതില്‍ വിശ്വാസമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ചും നിങ്ങളുടെ കളിയെക്കുറിച്ചും ശരിയായ ബോധ്യമുണ്ടെങ്കില്‍ മറ്റു കാര്യങ്ങളെല്ലാം ശരിയായി വരും'', അനയ കൂട്ടിച്ചേര്‍ത്തു.
മേയ് 12-ാം തീയതിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി കോലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2011-ല്‍ ജമൈക്കയില്‍ വെസ്റ്റിന്‍ഡീസിനെതിരേ ആരംഭിച്ച കരിയറിനാണ് 14 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം വിരാമമിട്ടത്. ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലായിരുന്നു കോലി അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് ജേഴ്‌സി അണിഞ്ഞത്.
Content Highlights: Anaya Bangar, girl of Sanjay Bangar, shares her acquisition grooming with Virat Kohli








English (US) ·