കോലിക്ക് സെഞ്ചറി നഷ്ടം, ഗില്ലിന് അർധ സെഞ്ചറി, സിക്സർ തൂക്കി കളി ജയിപ്പിച്ചത് രാഹുൽ; ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം

1 week ago 1

ഓൺലൈൻ ഡെസ്‌ക്

Published: January 11, 2026 01:11 PM IST Updated: January 11, 2026 10:15 PM IST

2 minute Read

kohli-1
വിരാട് കോലിയുടെ ബാറ്റിങ്. Photo: X@BCCI

വഡോദര∙ ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. 91 പന്തിൽ 93 റൺസെടുത്തു പുറത്തായ വിരാട് കോലിയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (71 പന്തിൽ 56) അർധ സെഞ്ചറി നേടി. ശ്രേയസ് അയ്യർ (47 പന്തിൽ 49), കെ.എൽ. രാഹുല്‍ (21 പന്തിൽ 29), ഹർഷിത് റാണ (23 പന്തിൽ 29), രോഹിത് ശർമ (29 പന്തിൽ 26) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.

വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. വിരാട് കോലിയാണ് കളിയിലെ താരം. ബാറ്റിങ്ങിനിടെ, രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോർഡ് വിരാട് കോലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്സുകളിൽനിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്. സച്ചിന്‍ തെൻഡുൽക്കര്‍ക്ക് 28,000 കടക്കാൻ 644 ഇന്നിങ്സുകളാണു വേണ്ടിവന്നത്. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു വിരാട് കോലി. സച്ചിനും കോലിക്കും പുറമേ ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ‌ കുമാർ സംഗക്കാരയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ 666 ഇന്നിങ്സുകൾ എടുത്താണ് സംഗക്കാര 28,000 റണ്‍സ് നേട്ടം പിന്നിട്ടത്.

NZ

300-8 50/50

IND

306-6 49-50

മറുപടി ബാറ്റിങ്ങിൽ സ്കോർ 39 ൽ നിൽക്കെ ഇന്ത്യയ്ക്ക് രോഹിത് ശർമയെ നഷ്ടമായിരുന്നു. കൈൽ ജാമീസണിന്റെ പന്തിൽ മിച്ചൽ ബ്രേസ്‍‌വെല്ലിന്റെ ക്യാച്ചിലായിരുന്നു രോഹിതിന്റെ മടക്കം. രണ്ടു സിക്സും മൂന്നു ഫോറും അടിച്ച് മികച്ച ഫോമിൽ കളിക്കുകയായിരുന്ന രോഹിതിന്റെ പുറത്താകൽ അപ്രതീക്ഷിതമായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും കോലിയും തകർത്തടിച്ചതോടെ ഇന്ത്യ 16.1 ഓവറിൽ (97 പന്തുകൾ) 100 പിന്നിട്ടു. കോലിയും ഗില്ലും ചേർന്ന് സെഞ്ചറി കൂട്ടുകെട്ടാണ് (118) ഇന്ത്യയ്ക്കായി പടുത്തുയര്‍ത്തിയത്. സ്കോർ 157ൽ നിൽക്കെ ഗില്ലിനെ ഇന്ത്യൻ വംശജനായ കിവീസ് സ്പിന്നർ ആദിത്യ അശോക് ഗ്ലെൻ ഫിലിപ്സിന്റെ കൈകളിലെത്തിച്ചു. 44 പന്തുകളിൽനിന്നാണ് കോലി 50 കടന്നത്. അർധസെഞ്ചറിയിലെത്താൻ ആറു ഫോറുകൾ മാത്രമായിരുന്നു കോലി നേടിയത്. ഗില്ലിനു പിന്നാലെയെത്തിയ ശ്രേയസ് അയ്യരും തകർത്തടിച്ചതോടെ ഇന്ത്യ അനായാസം 200 കടന്നു.

സ്കോർ 234ൽ നിൽക്കെ കോലിയും, 239 ൽ രവീന്ദ്ര ജഡേജയും 242 ല്‍ ശ്രേയസ് അയ്യരും പുറത്തായത് മത്സരത്തിൽ ന്യൂസീലൻഡിനു പ്രതീക്ഷ നൽകി. എന്നാൽ ഹർഷിത് റാണ നിലയുറപ്പിച്ചത് ഇന്ത്യയ്ക്കു കരുത്തായി. 23 പന്തുകൾ നേരിട്ട റാണ 29 റൺസെടുത്തു. അവസാന രണ്ടോവറിൽ 12 റൺസ് മാത്രമാണ് ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. 48–ാം ഓവറിലെ ആറാം പന്ത് സിക്സർ തൂക്കി കെ.എൽ. രാഹുൽ ഇന്ത്യയുടെ വിജയമുറപ്പിക്കുകയായിരുന്നു.

gill-batting

ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ്. Photo: X@BCCI

300 തൊട്ട് കിവീസ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ കിവീസ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു. ഡാരിൽ മിച്ചൽ (71 പന്തിൽ 84), ഹെൻറി നിക്കോൾസ് (69 പന്തിൽ 62), ഡെവോൺ കോൺവെ (67 പന്തിൽ 56) എന്നിവര്‍ അർധസെഞ്ചറി നേടി.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനായി മികച്ച തുടക്കമാണ് ഓപ്പണർമാരായ ഡെവോൺ കോൺവെയും ഹെൻറി നിക്കോൾസും ചേർന്നു നൽകിയത്. ഇരുവരും അർധസെഞ്ചറി നേടിയതോടെ സ്കോർ 100 ഉം കടന്നു മുന്നേറി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പരിശ്രമിച്ചുനോക്കിയെങ്കിലും ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റു വീഴ്ത്തിയത് ഹർഷിത് റാണ. 

india-wicket

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo:X@BCCI

മത്സരത്തിന്റെ 22–ാം ഓവറിൽ നിക്കോൾസിനെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ പിടിച്ചെടുത്തതോടെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടം. പിന്നാലെ കോൺവെയെ ബോൾഡാക്കിയ ഹർഷിത് മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി. മധ്യനിരയിൽ വിൽ യങ് (16 പന്തിൽ 12), ഗ്ലെൻ ഫിലിപ്സ് (19 പന്തിൽ 12), മിച്ചൽ ഹെ (13 പന്തില്‍ 18), ക്യാപ്റ്റൻ മിച്ചൽ ബ്രേസ്‍വെൽ (18 പന്തിൽ 16) എന്നിവരെല്ലാം ചെറിയ സ്കോറുകൾക്കു പുറത്തായപ്പോൾ അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിനു രക്ഷയായത്. മൂന്ന് സിക്സുകളും അഞ്ച് ഫോറുകളും ബൗണ്ടറി കടത്തിയ ഡാരിൽ മിച്ചൽ പ്രസിദ്ധ് കൃഷ്ണയുടെ 48–ാം ഓവറിലെ നാലാം പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ന്യൂസീലന്‍ഡ് സ്കോർ 280 കടന്നിരുന്നു. വാലറ്റത്ത് ക്രിസ്റ്റ്യൻ ക്ലാർക്കും തിളങ്ങിയതോടെ (17 പന്തിൽ 24) കിവീസ് 300 തൊട്ടു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. കുൽദീപ് യാദവിനും ഒരു വിക്കറ്റുണ്ട്.

English Summary:

India vs New Zealand, 1st ODI- Live Score | Match Updates

Read Entire Article