ന്യൂഡല്‍ഹി: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയിലായതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട ചര്‍ച്ച രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഭാവിയെക്കുറിച്ചാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെ ഇരുവരും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇരുവരും ടെസ്റ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവെച്ചാണ് ഏകദിനത്തില്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇരുവരും ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2027-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാടിനോ രോഹിത്തിനോ സ്ഥാനം ഉറപ്പില്ല. ഇരുവരും രണ്ട് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചു കഴിഞ്ഞതിനാല്‍ ഇനി ലഭിക്കാന്‍ പോകുന്ന മത്സരസമയവും പരിമിതമായിരിക്കും. അതിനാല്‍ തന്നെ ഇനി ലോകകപ്പ് ടീമിലെ സ്ഥാനത്തില്‍ എന്തെങ്കിലും സാധ്യത കാണണമെങ്കില്‍ ഇരുവരും ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുന്ന ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാകാന്‍ ഇരുവരും ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലെന്ന് സെലക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. ഈ പരമ്പരയോടെ ഇരുവരുടെയും അന്താരാഷ്ട്ര കരിയര്‍ തന്നെ അവസാനിച്ചേക്കാമെന്നും അതിനാല്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസീസ് പരമ്പരയ്ക്കു ശേഷം ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയാല്‍ അതില്‍ അദ്ഭുതപ്പെടാനില്ല.
ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിജയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റനെന്ന നിലയിലെ സെലക്ഷന്‍ കമ്മിറ്റിയുടെ വിശ്വാസത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിരവധി യുവതാരങ്ങളും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ 2027 ലോകകപ്പിന് യുവതാരങ്ങളുമായി തന്നെ തുടരാനാണ് സെലക്ടര്‍മാരുടെ നീക്കം.
2027 ഓക്ടോബര്‍-നവംബറില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായിനടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് ഇരുവരും ടീമില്‍ തുടരുന്നത്. അപ്പോള്‍ രോഹിത് ശര്‍മയ്ക്ക് 40 വയസ്സും കോലിക്ക് 38 വയസ്സും പൂര്‍ത്തിയാകും. ഏകദിനത്തിനുമാത്രമായി രണ്ടുവര്‍ഷത്തിലേറെക്കാലം ഇരുവരെയും നിലനിര്‍ത്തുന്നത് പ്രായോഗികമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മാസങ്ങളുടെ ഇടവേളയിലെത്തുന്ന മത്സരങ്ങള്‍ക്കായി ഫിറ്റ്‌നസും മത്സരശേഷിയും നിലനിര്‍ത്താന്‍ ഇവര്‍ക്കു കഴിയുമോയെന്നതാണ് മറ്റൊരു ചോദ്യം.
Content Highlights: Reports suggest Kohli and Rohit mightiness not beryllium portion of India`s 2027 World Cup plans








English (US) ·