Published: November 28, 2025 10:26 AM IST
1 minute Read
റാഞ്ചി ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്.ധോണിയെ വീട്ടിലെത്തി സന്ദർശിച്ച് ഇന്ത്യൻ താരം വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി റാഞ്ചിയിലെത്തിയപ്പോഴാണ് കോലി, ധോണിയുടെ വീട്ടിലെത്തിയത്. വ്യാഴാഴ്ച രാത്രി വൻ സുരക്ഷാ സന്നാഹത്തോടെയായിരുന്നു സന്ദർശനം. വീടിനു പുറത്ത് ഒട്ടേറെ ആരാധകർ തടിച്ചുകൂടിയിരുന്നു.
വീട്ടിലെ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ഒരുമിച്ച് ഒരു വാഹനത്തിൽ പുറത്തേയ്ക്കു പോകുകയും ചെയ്തു. ധോണി ഡ്രൈവ് ചെയ്യുന്ന വാഹനത്തിൽ കോലിയിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ‘റീയൂണിയൻ ഓഫ് ദി ഇയർ’ എന്ന അടിക്കുറിപ്പോടെയാണ് ധോണി– കോലി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇന്ത്യൻ താരം ഋഷഭ് പന്തും ധോണിയുടെ വീട്ടിലെത്തിയിരുന്നു.
നിലവിൽ കുടുംബത്തോടൊപ്പം ലണ്ടനിൽ താമസിക്കുന്ന കോലി, ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കായാണ് ഇന്ത്യയിൽ എത്തിയത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച താരം, നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഫോമിലേക്ക് എത്തിയിരുന്നില്ലെങ്കിലും മൂന്നാം മത്സരത്തിൽ 81 പന്തിൽ 74 റൺസെടുത്ത് പുറത്താകാതെനിന്നു. രോഹിത് ശർമയ്ക്കൊപ്പം ചേർന്നുണ്ടാക്കിയ കൂട്ടുകെട്ട്, ഇന്ത്യൻ വിജയത്തിൽ നിർണായകമാകുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക്, ഏകദിന പരമ്പര നിർണായകമാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ കെ.എൽ.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. റാഞ്ചിയിൽ 30നാണ് ആദ്യ മത്സരം. ഡിസംബർ 3ന് റായ്‌പുരിലും 6ന് വിശാഖപട്ടണത്തും യഥാക്രമം രണ്ടും മൂന്നും മത്സരങ്ങൾ നടക്കും.
English Summary:








English (US) ·