ഒടുവില്‍ ബിസിസിഐക്കും വിരാട് കോലിയെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. രോഹിത് ശര്‍മയ്ക്കു പിന്നാലെ അങ്ങനെ കോലിയും ഇന്ത്യയുടെ വെളുത്ത വസ്ത്രം അഴിച്ചുവെച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 11.45-ഓടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്. ഈ തീരുമാനം എളുപ്പമല്ലെന്നും താന്‍ പ്രതീക്ഷിച്ചതിലേറെ ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് തിരിച്ചുതന്നിട്ടുണ്ടെന്നും കോലി പോസ്റ്റില്‍ വ്യക്തമാക്കി.
കോലിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും തന്റെ കരിയറിലെ ഒരു മഹത്തായ അധ്യായത്തിന് അന്ത്യം കുറിക്കാന്‍ ശരിയായ സമയമാണിതെന്ന് പറഞ്ഞ് അദ്ദേഹം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സ്വന്തമാക്കാന്‍ മോഹിച്ച ഒരു ആഗ്രഹം ബാക്കിവെച്ചാണ് കോലി പടിയിറങ്ങുന്നത്. താരത്തിന്റെ വിരമിക്കലിനു പിന്നാലെ അദ്ദേഹത്തിന്റെ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ താന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹം മനസുതുറക്കുന്നുണ്ട്. ടെസ്റ്റില്‍ 10,000 റണ്‍സ് നേടണമെന്നതാണ് തന്റെ ആഗ്രഹമെന്ന് കോലി ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. ആ ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം പടിയിറങ്ങുന്നതും.
''റെക്കോഡുകളെ പിന്തുടരുന്ന ഒരാളല്ല ഞാന്‍. ഒരു മത്സരത്തില്‍ ഞാന്‍ സെഞ്ചുറി നേടുമ്പോള്‍, അത് ഏറ്റവും വേഗത്തിലുള്ള 10 സെഞ്ചുറിയോ അല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തെങ്കിലുമാണോ എന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കുന്നത്. മത്സരത്തിന് ശേഷമാണ് ഞാന്‍ അതിനെ കുറിച്ച് അറിയുക. അഞ്ച് ഇന്നിങ്‌സുകള്‍ ബാക്കിയുണ്ട്, മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഞാന്‍ ഒരു റെക്കോഡ് സ്ഥാപിക്കും മത്സരത്തിനു മുമ്പ് ഇതുപോലുള്ള ഒരു കാര്യവും ഞാന്‍ ശ്രദ്ധിക്കാറില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുക എന്നതാണ് എന്റെ ലക്ഷ്യം, അത് ഞാന്‍ ശരിക്കും നേടാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്.'' - 2013-ലെ ഒരു അഭിമുഖത്തില്‍ കോലി പറഞ്ഞ വാക്കുകളാണിത്.
ടെസ്റ്റില്‍ 10,000 റണ്‍സെന്ന നാഴികക്കല്ലിന് 770 റണ്‍സ് അകലെയാണ് കോലി തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50-ന് മുകളില്‍ ശരാശരി നിലനിര്‍ത്തിയിരുന്ന കളിക്കാരനായിരുന്നു കോലി. പക്ഷേ സമീപകാലത്ത് ടെസ്റ്റിലെ മോശം ഫോം അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരിയേയും ബാധിച്ചു. ടെസ്റ്റ് കരിയറിന് അവസാനം കുറിക്കുമ്പോള്‍ 46.85 ആണ് അദ്ദേഹത്തിന്റെ ശരാശരി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കോലിയുടെ ഏറ്റവും മോശം ബാറ്റിങ് ശരാശരി കൂടിയാണിത്.
കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 190 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ സാധിച്ചിരുന്നത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ നേടിയ സെഞ്ചുറിക്ക് ശേഷം പിന്നീട് അദ്ദേഹം ബാറ്റിങ്ങില്‍ അമ്പേ പരാജയമായിമാറി.
വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കണമെന്ന് സെലക്ടര്‍മാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും അതിന് കാത്തുനില്‍ക്കാതെ കോലി ടെസ്റ്റില്‍ നിന്ന് പടിയിറങ്ങാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
2011-ല്‍ വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു ടെസ്റ്റില്‍ കോലിയുടെ അരങ്ങേറ്റം. ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റില്‍ 14 സീസണുകളിലായി ഇന്ത്യന്‍ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളില്‍ കളിച്ചു. 9230 റണ്‍സ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തില്‍ മാത്രമാണ് താരത്തെ കാണാനാവുക.
Content Highlights: Virat Kohli announces status from Test cricket, leaving down a legacy








English (US) ·