Published: May 24 , 2025 07:38 AM IST
1 minute Read
ന്യൂഡൽഹി ∙ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും അഭാവം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വലിയ വെല്ലുവിളിയാകുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. ഈ വെല്ലുവിളി ടീമിലെ മറ്റു യുവതാരങ്ങൾക്കുള്ള അവസരം കൂടിയാണ്. രോഹിത്തിന്റെയും വിരാടിന്റെയും അഭാവം നികത്താൻ അവർക്കു കഴിയണമെന്നും ഗംഭീർ പറഞ്ഞു. വിരാടിന്റെയും രോഹിത്തിന്റെയും അപ്രതീക്ഷിത വിരമിക്കലുകൾക്കു പിന്നാലെ ആദ്യമായാണ് ഇന്ത്യൻ കോച്ച് പ്രതികരിക്കുന്നത്.
‘‘എപ്പോൾ കളി നിർത്തണമെന്നും വിരമിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം ആ താരത്തിനാണ്. കോച്ചിനോ സിലക്‌ടർക്കോ രാജ്യത്തെ മറ്റാർക്കെങ്കിലുമോ ഒരാളോടു രാജിവയ്ക്കണമെന്നോ രാജി വയ്ക്കരുതെന്നോ പറയാൻ അവകാശമില്ല. ഇന്ത്യയ്ക്കു ടെസ്റ്റ് ക്യാപ്റ്റനെ മാത്രമല്ല, ഇരുവരുടെയും വിലപിടിപ്പുള്ള അനുഭവസമ്പത്തുകൂടിയാണു നഷ്ടമായത്. ഇതു നിസ്സാര കാര്യമല്ല. മറ്റു പലർക്കും അവസരത്തിനൊത്തുയരാനും ഞാനിവിടെയുണ്ട് എന്നു പറയാനുമുള്ള സമയമാണിത്. ചാംപ്യൻസ് ട്രോഫിയുടെ സമയത്തു ജസ്പ്രീത് ബുമ്ര ഇല്ലാതിരുന്നപ്പോഴും ഞാൻ ഇതേ അഭിപ്രായം പറഞ്ഞിരുന്നു.’’ – ഒരു ചാനൽ പരിപാടിയിൽ ഗംഭീർ വ്യക്തമാക്കി.
രോഹിത്തും വിരാടും ഏകദിന ക്രിക്കറ്റിൽനിന്നു വിരമിച്ചിട്ടില്ലാത്തതിനാൽ ഇരുവരെയും 2027 ഏകദിന ലോകകപ്പ് ടീമിൽ പ്രതീക്ഷിക്കാമോയെന്നു ചോദ്യമുയർന്നു. ‘‘അതിനേറെ സമയം ബാക്കിയുണ്ട്. അതിനു മുൻപ് നമുക്കൊരു ട്വന്റി20 ലോകകപ്പ് നടക്കാനുണ്ട്. ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞാൽ പിന്നീട് ശ്രദ്ധയത്രയും ട്വന്റി20 ലോകകപ്പിനായിരിക്കും. ഒപ്പം ഒരു കാര്യംകൂടി പറയാം; നന്നായി പെർഫോം ചെയ്യുന്ന ഒരു താരത്തെ സംബന്ധിച്ചു പ്രായം വെറും നമ്പർ മാത്രം!’’
English Summary:








English (US) ·