കോലിയെ ടീമിലെടുക്കാൻ പിതാവിനോട് കൈക്കൂലി ചോദിച്ചു! പരസ്യചിത്രത്തിൽ അഭിനയിക്കുമ്പോൾ അനുഷ്കയുമായി പ്രണയം

8 months ago 10

മനോരമ ലേഖകൻ

Published: May 13 , 2025 10:03 AM IST

1 minute Read

CRICKET-AUS-IND
വിരാട് കോലി പരിശീലനത്തിനിടെ. Photo: SAEED KHAN/AFP

മൂന്നാം വയസ്സിലാണ് വിരാട് കോലി ആദ്യമായി ക്രിക്കറ്റ് ബാറ്റെടുത്തത്. പിതാവ് പ്രേം കോലിക്കായിരുന്നു ബോളറുടെ ജോലി. പ്രേം ഡൽഹിയിലെ ക്രിമിനൽ അഭിഭാഷകനായിരുന്നു. കോലിയെ ടീമിൽ ഉൾപ്പെടുത്താൻ ഒരാൾ പ്രേം കോലിയോട് കൈക്കൂലി ചോദിച്ചു. വിരാടിനു യോഗ്യതയുണ്ടെങ്കിൽ നിങ്ങൾ ടീമിലെടുക്കൂ; അതിനായി ഒന്നും നൽകാൻ താൻ തയാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.2006ൽ കോലിക്ക് 18 വയസ്സുള്ളപ്പോഴാണു പിതാവിന്റെ നിര്യാണം. രഞ്ജി ട്രോഫിയിൽ, കർണാടകയ്‌ക്കെതിരെ ഡൽഹിക്കുവേണ്ടി കോലി 40 റൺസെടുത്തു പുറത്താകാതെ നിന്ന ദിവസമായിരുന്നു പിതാവിന്റെ മരണം. പിറ്റേന്നു കോലി ബാറ്റിങ്ങിന് ഇറങ്ങില്ലെന്നു സകലരും കരുതി. എന്നാൽ, തന്നെ വലിയൊരു ക്രിക്കറ്ററാക്കാൻ ആഗ്രഹിച്ച പിതാവിനായി കോലി കളത്തിലിറങ്ങി; 90 റൺസെടുത്താണു മടങ്ങിയത്. രാജ്യാന്തര ക്രിക്കറ്റിലേക്കു കോലിക്കു വാതിൽ തുറന്നത് ഇതിനു പിന്നാലെ.   

2008ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചത് കോലിയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ വിജയമുറപ്പിച്ചപ്പോൾ തന്നെ ആഹ്ലാദപ്രകടനം ആരംഭിച്ച സഹകളിക്കാരോട് ശാന്തത പാലിക്കാനും മത്സരം പൂർത്തിയാക്കാനും നിർദേശിച്ച കോലിയുടെ പക്വമായ സമീപനം അന്നേ ശ്രദ്ധിക്കപ്പെട്ടു.  ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയ കോലി പുതിയൊരാളായി പുനർജനിച്ചതു 2012ൽ. പോഷകസമ്പൂർണമായ ഡയറ്റ് പിന്തുടർന്ന കോലി വസ്‌ത്രധാരണത്തിൽ സ്‌റ്റൈലിഷ് ആയി. കോലിയുടെ താടിയും ടാറ്റൂവുമെല്ലാം ട്രെൻഡ് ആയി. ലോകത്തിലെ ഏറ്റവും സ്‌റ്റൈലിഷ് ക്രിക്കറ്റർമാരിലൊരാൾ എന്ന വിശേഷണവും പിന്നാലെ.

അനുഷ്ക ശർമയുമായുള്ള പ്രണയം മൊട്ടിട്ടത് 2013ൽ ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുമ്പോഴാണ്. 4 വർഷത്തെ പ്രണയം 2017 ഡിസംബറിൽ ഇറ്റലിയിലെ മിലാനിൽ പൂത്തുലഞ്ഞു. തന്റെ സ്വഭാവം മെച്ചപ്പെടുത്തിയതും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രചോദിപ്പിച്ചതും അനുഷ്കയാണെന്ന് കോലി പറഞ്ഞിട്ടുണ്ട്.2022 ജനുവരിയിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു അപ്രതീക്ഷിതമായി രാജിവച്ച് വിരാട് കോലി ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ തോറ്റ് പരമ്പര കൈവിട്ടതിന്റെ പിറ്റേന്നാണു  സമൂഹമാധ്യമങ്ങളിലൂടെ അപ്രതീക്ഷിതമായി രാജി വാർത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ അപ്രതീക്ഷിതമായി ടെസ്റ്റ് കരിയറിൽനിന്നും വിരമിക്കൽ പ്രഖ്യാപനം.

English Summary:

Virat Kohli: beingness and cricket journey

Read Entire Article