ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പുറത്ത്; ഏകദിന ടീമിന് താൽക്കാലിക നായകൻ വരും: പക്ഷേ പന്തുമല്ല രോഹിത്തുമല്ല

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 23, 2025 09:07 AM IST

2 minute Read

 X/BCCI)
ഋഷഭ് പന്തും രോഹിത് ശർമയും (ഫയൽ ചിത്രം: X/BCCI)

മുംബൈ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ കളിക്കില്ല. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ഗിൽ, വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലാണ്. കഴുത്തിനേറ്റ പരുക്ക് ഭേദമാകാൻ സമയമെടുക്കുമെന്നാണ് വിവരം. താരത്തിന്റെ എംആർഐ സ്കാനിങ് ഉൾപ്പെടെ എടുത്തിട്ടുണ്ട്. എല്ലിനാണോ ഞരമ്പിനാണോ പരുക്കെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതോടെയാണ് താരത്തിന് കൂടുതൽ വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഏകദിന പരമ്പരയ്ക്കു ശേഷം നടക്കുന്ന ട്വന്റി20 പരമ്പരയിലും ഗിൽ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല.

ഗില്ലിന്റെ അഭാവത്തിൽ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ ടീമിനെ ആരു നയിക്കുമെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നു കഴിഞ്ഞു. ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ നേരത്തെ തന്നെ പരുക്കേറ്റ് പുറത്തായിരുന്നു. അഞ്ച് മാസത്തിലേറെ വിശ്രമം വേണ്ട ശ്രേയസ്, മാർച്ചിൽ ആരംഭിക്കുന്ന ഐപിഎലിലൂടെയാകും തിരിച്ചുവരവ് നടത്തുക. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പരുക്കേറ്റ് പുറത്തായ സാഹചര്യത്തിൽ താൽക്കാലിക ക്യാപ്റ്റനെയാണ് ബിസിസിഐ തേടുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, സീനിയർ താരം കെ.എൽ.രാഹുൽ, മുൻ ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളിൽ നിറയുന്നത്. എങ്കിലും കെ.എൽ.രാഹുലിനാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ, ഋഷഭ് പന്താണ് ഇന്ത്യൻ ടീമിനെ നയിക്കുന്നതെങ്കിലും ഏകദിന ടീമിൽ താരം സ്ഥിരമംഗമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഏകദിന മത്സരം മാത്രമാണ് പന്ത് കളിച്ചത്. ഇതിനാൽ താരത്തെ ക്യാപ്റ്റനാക്കാൻ സാധ്യത കുറവാണ്. രോഹിത് ശർമയ്ക്കു പകരമാണ് ഗില്ലിനെ ബിസിസിഐ ഏകദിനത്തിൽ സ്ഥിരം ക്യാപ്റ്റനാക്കിയത്. അതുകൊണ്ടു തന്നെ ഗിൽ കളിക്കാതിരിക്കുമ്പോൾ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കാൻ ബിസിസിഐ താൽപര്യപ്പെടില്ല. മറുവശത്ത്, ഏകദിന ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറായ കെ.എൽ.രാഹുലിന് ക്യാപ്റ്റനാകാൻ എല്ലാം സാഹചര്യങ്ങളും അനുകൂലമാണ്.

മുൻപ് മൂന്നു ഫോർമാറ്റിലും വൈസ് ക്യാപ്റ്റനായിരുന്ന രാഹുൽ, മൂന്ന് ഫോർമാറ്റുകളിലും ടീമിനെ നയിച്ചിട്ടുമുണ്ട്. 2023ലാണ് താരത്തെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയത്. 12 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച രാഹുൽ, എട്ടു മത്സരങ്ങളിലും വിജയിച്ചു. രാഹുൽ ക്യാപ്റ്റനായാൽ വൈസ് ക്യാപ്റ്റനായി ഒരുപക്ഷേ പന്തിനെ നിയമിച്ചേക്കും. രാഹുലിനും പന്തിനും ഒരുമിച്ച് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ മറ്റൊരു താരത്തെ വൈസ് ക്യാപ്റ്റനായി പരിഗണിക്കാനും സാധ്യതയുണ്ട്.

ഗില്ലിന്റെ അഭാവത്തിൽ, യശ്വസി ജയ്സ്വാൾ രോഹിത്തിനൊപ്പം ഓപ്പണറായേക്കുമെന്നാണ് വിവരം. അഭിഷേക് ശർമയെ റിസർവ് ഓപ്പണറായി ഏകദിന ടീമിലേക്കു പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്. സീനിയർ താരം ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചാൽ ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവർ പേസ് നിരയെ നയിക്കും. ആകാശ് ദീപിനെയും ചിലപ്പോൾ പരിഗണിച്ചേക്കും. പരുക്കിൽനിന്നു മുക്തനായ ഹാർദിക് പാണ്ഡ്യ, ഏകദിന ടീമിലുണ്ടാകില്ല. അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ ട്വന്റി20യിൽ മാത്രമാകും ഹാർദിക്കിനെ പരിഗണിക്കുക.

വ്യക്തിപരമായ കാരണങ്ങളാൽ കുൽദീപ് യാദവ് ഏകദിന പരമ്പരയിൽനിന്നു വിട്ടുനിൽക്കും. അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, വാഷിങ്ടൻ സുന്ദർ എന്നിവരാകും സ്പിൻ വിഭാഗം കൈകാര്യം ചെയ്യുക. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം, ഈ മാസം 30ന് റാഞ്ചിയിലാണ്. ഡിസംബർ 3ന് റായ്‌പുരിലും 6ന് വിശാഖപട്ടണത്തുമാണ് മറ്റു മത്സരങ്ങൾ.

English Summary:

Shubman Gill wounded impacts the Indian cricket team's ODI bid against South Africa. KL Rahul is apt to skipper the broadside successful Gill's absence, portion the squad creation whitethorn spot changes with imaginable opportunities for players similar Yashasvi Jaiswal.

Read Entire Article