ക്യാപ്റ്റന്റെ നിര്‍ദേശങ്ങൾ അനുസരിക്കാതെ ജഡേജ, ‘സീനിയറിനോട്’ തർക്കിക്കാതെ ഗില്ലിന്റെ പിൻമാറ്റം- വിഡിയോ

6 months ago 6

മനോരമ ലേഖകൻ

Published: July 07 , 2025 02:50 PM IST

1 minute Read

 DARREN STAPLES / AFP
ശുഭ്മൻ ഗില്ലും രവീന്ദ്ര ജഡേജയും മത്സരത്തിനിടെ. Photo: DARREN STAPLES / AFP

ബർമിങ്ങാം∙ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മുന്നോട്ടുവച്ച നിർദേശങ്ങൾ അനുസരിക്കാതെ സീനിയർ താരം രവീന്ദ്ര ജഡേജ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ പുറത്താക്കാൻ ഗിൽ ചില തന്ത്രങ്ങൾ മുന്നോട്ടുവച്ചെങ്കിലും, അതിൽ കാര്യമില്ലെന്നു പറഞ്ഞ് ജഡേജ തള്ളുകയായിരുന്നു. സീനിയർ താരമായ ജഡേജയുടെ വാദം അംഗീകരിച്ച ഗിൽ ആ നീക്കം വേണ്ടെന്നു വയ്ക്കുകയും ചെയ്തു. ഞായറാഴ്ച ബെൻ സ്റ്റോക്സും ജെയ്മി സ്മിത്തും ബാറ്റിങ് തുടരുന്നതിനിടെയായിരുന്നു സംഭവം.

സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഗില്ലിന്റെ നിർദേശം ഇങ്ങനെയായിരുന്നു. ‘‘ജഡ്ഡു ഭായ്, പുറത്തേക്കു കയറി അടിക്കാൻ അദ്ദേഹത്തെ അനുവദിക്കൂ.’’ ലോങ് ഓണിലെ ഫീൽഡറുടെ പൊസിഷൻ മാറ്റിനോക്കാനും ഗിൽ നിര്‍ദേശിച്ചു. ‘‘അതിൽ കാര്യമില്ല. പന്ത് അങ്ങോട്ടു പോയാലും അതു പിടിക്കാന്‍ ആരെങ്കിലും വേണ്ടിവരും.’’– എന്നായിരുന്നു രവീന്ദ്ര ജഡേജ ഗില്ലിനു നൽകിയ മറുപടി. ഇരുവരുടേയും സംസാരം സ്റ്റംപ് മൈക്കിലാണു പതിഞ്ഞത്. 

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. രണ്ടാം ഇന്നിങ്സിൽ 15 ഓവറുകൾ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ 40 റൺസ് വഴങ്ങി ഒരു വിക്കറ്റു നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ ജ‍ഡേജയ്ക്കു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. 19 ടെസ്റ്റ് മത്സരങ്ങൾക്കു ശേഷമാണ് ഇന്ത്യ എജ്ബാസ്റ്റനിൽ ഒരു കളി ജയിക്കുന്നത്. 336 റൺസ് വിജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–1ന് ഇംഗ്ലണ്ടിന് ഒപ്പമെത്തി.

English Summary:

Ravindra Jadeja refuses Shubman Gill's orders, India skipper softly walks back

Read Entire Article