'ക്യാപ്റ്റൻ കൂൾ' ഇനി സ്വന്തം; പേരിന് ട്രേഡ്മാർക്ക് സ്വന്തമാക്കാനൊരുങ്ങി ധോനി

6 months ago 6

30 June 2025, 05:38 PM IST

ms dhoni

Photo: PTI

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ കൂള്‍, ലോകക്രിക്കറ്റില്‍ പതിറ്റാണ്ടുകളായി ഉയര്‍ന്നുകേള്‍ക്കുന്ന വിശേഷണമാണിത്. ഇങ്ങനെ കേള്‍ക്കുമ്പോഴൊക്കെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയെ ഓര്‍മവരാത്തവരായി ആരുമുണ്ടാകില്ല. ധോനിക്ക് ഈ പേര് ചാര്‍ത്തികിട്ടിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ ഈ പേരിന് ട്രേഡ്മാര്‍ക്ക് സ്വന്തമാക്കാനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍.

ക്യാപ്റ്റന്‍ കൂള്‍ എന്ന പേരിന് ധോനി അപേക്ഷ സമര്‍പ്പിച്ചതായും ഇത് അംഗീകരിച്ചെന്നുമാണ് ട്രേഡ്മാര്‍ക്ക്‌സ് റജിസ്ട്രി പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇത് ഒഫീഷ്യല്‍ ട്രേഡ്മാര്‍ക്ക് ജേണലില്‍ ജൂണ്‍ 16 ന് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നാലുമാസത്തിനകം ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഉന്നയിക്കാം. എതിര്‍പ്പുകളൊന്നും ഉന്നയിക്കപ്പെട്ടില്ലെങ്കില്‍ പേര് ഉപയോഗിക്കാനുള്ള അവകാശം ധോനിക്ക് ലഭിക്കും. സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററുകള്‍, കോച്ചിങ് സര്‍വീസുകള്‍, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് ധോനിക്ക് ഉപയോഗിക്കാനാകും.

ട്രേഡ്മാര്‍ക്കിനായി അപേക്ഷസമര്‍പ്പിച്ച ഘട്ടത്തില്‍ റജിസ്ട്രിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതായി ധോനിയുടെ അഭിഭാഷക മാനസി അഗര്‍വാള്‍ പറഞ്ഞു. ട്രേഡ്മാര്‍ക്‌സ് ആക്ടിലെ സെക്ഷന്‍ 11(1) പ്രകാരമാണ് എതിര്‍പ്പുന്നയിച്ചത്. ഈ പേരിന് സമാനമായ വിശേഷണങ്ങള്‍ നിലവിലുണ്ടെന്നും അത് അളുകളെ ആശയക്കുഴപ്പത്തിലാക്കുമെന്നുമാണ് അധികൃതര്‍ ഉന്നയിച്ചിരുന്നത്.

എന്നാല്‍ ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം ധോനിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും പൊതുഇടങ്ങളില്‍ താരം ഇത്തരത്തില്‍ അറിയപ്പെടാറുണ്ടെന്നും ധോനിയുടെ അഭിഭാഷകര്‍ വാദിച്ചു. അതിന് പിന്നാലെ ഇത് റജിസ്ട്രി അംഗീകരിക്കുകയായിരുന്നു.

Content Highlights: MS Dhoni files for trademark of iconic nickname Captain Cool

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article