Published: October 21, 2025 03:56 PM IST Updated: October 21, 2025 04:40 PM IST
1 minute Read
പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിന മത്സരത്തിനു ഗ്രൗണ്ടിലിറങ്ങും മുൻപ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും മുന്നിലേക്കു നിൽക്കാൻ വേണ്ടി കാത്തുനിൽക്കുന്ന സൂപ്പർ താരം വിരാട് കോലിയുടെ ദൃശ്യങ്ങള്‍ വൈറല്‍. ബൗണ്ടറി ലൈനിനു പുറത്തെ തയാറെടുപ്പുകൾക്കു ശേഷമാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മുന്നിലേക്കു പോകുന്നതിനായി വിരാട് കോലി കാത്തുനില്‍ക്കുന്നത്. ഗില്ലിനും ശ്രേയസിനും പിന്നിലായാണു കോലി നടന്നുപോകുന്നതും.
സംഭവത്തിന്റെ ദൃശ്യങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കോലി എപ്പോഴും മറ്റുള്ളവരെ മുന്നിലേക്കു വരാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ആളാണെന്ന് ഒരു ആരാധകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. യുവതാരങ്ങൾക്കു വേണ്ടി എപ്പോഴും നിന്നിട്ടുള്ള ആളാണ് കോലിയെന്നും ആരാധകർ പുകഴ്ത്തുന്നു. ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം കോലി ആദ്യമായി ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയ മത്സരമായിരുന്നു പെർത്തിലേത്.
എന്നാൽ പെർത്തിൽ കോലി ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. എട്ടു പന്തുകൾ നേരിട്ട കോലി റണ്ണൊന്നുമെടുക്കാതെയാണു മടങ്ങിയത്. മിച്ചല്‍ സ്റ്റാർക്കിന്റെ പന്തു നേരിട്ട കോലിയെ തകർപ്പൻ ഡൈവിലൂടെ കൂപ്പർ കോണോലി ക്യാച്ചെടുത്താണു പുറത്താക്കിയത്.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ഏഴു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. മഴകാരണം 26 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 131 റൺസ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 29 പന്തുകൾ ബാക്കിനിൽക്കെയാണ് ഓസീസ് എത്തിയത്. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച അഡ്‍ലെയ്ഡിൽ നടക്കും.
English Summary:
Virat Kohli's 'Selfless' Act For Captain Shubman Gill, Vice-Captain Shreyas Iyer In 1st ODI Viral








English (US) ·