Published: January 03, 2026 05:07 PM IST Updated: January 03, 2026 05:57 PM IST
1 minute Read
മുംബൈ ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ അഭ്യൂഹങ്ങൾ അസ്ഥാനത്താക്കി രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിൽ സ്ഥാനം നിലനിർത്തി. പന്തിനു പകരം ഇഷാൻ കിഷനെയോ ധ്രുവ് ജുറേലിനെയോ പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പേസർ മുഹമ്മദ് സിറാജും ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ മുഹമ്മദ് ഷമിയെ ഇത്തവണയും തഴഞ്ഞു. സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ടീമിലുണ്ട്.
ടീമിലുൾപ്പെടുത്തിയെങ്കിലും വൈസ്റ്റ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫിറ്റ്നസ് തെളിയിക്കണം. പേസർ ജസ്പ്രീത് ബുമ്ര, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഏകദിന മത്സരത്തിൽ പത്ത് ഓവർ എറിയുന്നതിനുള്ള ഫിറ്റ്നസ് ടെസ്റ്റും ഹാർദിക് പാസായില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര കളിച്ച ടീമിൽനിന്ന് ഋതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ, ധ്രുവ് ജുറേൽ എന്നിവരെയാണ് ഒഴിവാക്കിയത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഋതുരാജ് സെഞ്ചറി നേടിയെങ്കിലും ശ്രേയസ് തിരിച്ചെത്തിയതോടെ താരത്തെ ഒഴിവാക്കുകയായിരുന്നു. ഹാർദിക്കിന്റെ അസാന്നിധ്യത്തിൽ പേസ് ഓൾറൗണ്ടറായി നിതീഷ് കുമാർ റെഡ്ഡി ടീമിൽ സ്ഥാനം നിലനിർത്തി.
മുഹമ്മദ് സിറാജിനെ കൂടാതെ അർഷ്ദീപ് സിങ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പേസ് ബോളർമാർ. സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് ഉള്ളപ്പോൾ സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവരുമുണ്ട്. അക്ഷർ പട്ടേലിനെ പരിഗണിച്ചില്ല. ഓപ്പണർമാരായി രോഹിത്തും ക്യാപ്റ്റൻ ഗില്ലുമുള്ളപ്പോൾ യശസ്വി ജയ്‌സ്വാളാണ് ബാക്അപ് ഓപ്പണർ.
ജനുവരി 11ന് വഡോദരയിലാണ് ആദ്യ ഏകദിനം. 14ന് രാജ്കോട്ടിലും 18ന് ഇൻഡോറിലുമാണ് യഥാക്രമം രണ്ടും മൂന്നും മത്സരങ്ങൾ. ഇതിനു ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയും കിവീസിനെതിരെ കളിക്കും. ട്വന്റി20 ലോകകപ്പിനുള്ള അതേ ടീമാണ് പരമ്പരയിൽ കളിക്കുക. ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ജനുവരി 31നു തിരുവനന്തപുരത്താണ്.
English Summary:








English (US) ·