
സൂര്യകുമാർ യാദവും സൽമാൻ ആഗയും | X.com/@mashqooqmohti
ദുബായ്: ഏഷ്യാകപ്പ് മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാന്‍ തയ്യാറാവാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ഒട്ടും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാത്ത നടപടിയാണ് ഇതെന്ന് പറഞ്ഞ അഫ്രീദി, ക്യാപ്റ്റൻമാരുടെ വാർത്താസമ്മേളനത്തിൽ സൂര്യകുമാർ യാദവ് സൽമാൻ ആഗയ്ക്ക് കൈകൊടുത്തിരുന്നതായും പറഞ്ഞു.
ഏഷ്യാ കപ്പ് ആരംഭിച്ചപ്പോൾ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി സാമൂഹികമാധ്യമങ്ങളിൽ ബഹിഷ്‌കരണ ക്യാംപെയ്‌നുകൾ നിറഞ്ഞിരുന്നു. സമ്മർദ്ദം ഉണ്ടായിരുന്നതിനാൽ, ഞങ്ങളുടെ ടീമുമായി ഹസ്തദാനം ചെയ്യരുതെന്ന് കളിക്കാരോടും ബിസിസിഐയോടും പറഞ്ഞതിൽ അതിശയിക്കാനില്ല.- പാകിസ്താനിൽ സമാ ടിവിയോട് അഫ്രീദി പ്രതികരിച്ചു.
എൻ്റെ അഭിപ്രായത്തിൽ, ഒട്ടും സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായിരുന്നില്ല. അവർ ലോകത്തിന് മുന്നിൽ വീണ്ടും നാണംകെടും. നമ്മുടെ നിലപാട് തികച്ചും ശരിയായിരുന്നുവെന്ന് ഞാൻ കരുതുന്നു. നമ്മുടെ പിസിബി ചെയർമാൻ ശരിയായ നിലപാടാണ് സ്വീകരിച്ചത്.- അഫ്രീദി പറഞ്ഞു. അതേസമയം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അവർക്ക് മുകളിൽ നിന്ന് ഉത്തരവുകൾ ലഭിക്കുകയായിരുന്നുവെന്നും അഫ്രീദി കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻമാരുടെ വാർത്താസമ്മേളനത്തിൽ അതേ സൂര്യകുമാർ യാദവ് സൽമാൻ ആഗയ്ക്കും മൊഹ്‌സിൻ നഖ്‌വിക്കും ഹസ്തദാനം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ജനക്കൂട്ടത്തിന് മുന്നിൽ, സോഷ്യൽ മീഡിയയിലെ സമ്മർദ്ദം കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിഞ്ഞില്ല.- അഫ്രീദി പറഞ്ഞു.
മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് അവഗണിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഇന്ത്യന്‍ താരങ്ങളും സ്റ്റാഫും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നു മാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടയ്ക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയാണുണ്ടായത്.
മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും അഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.
Content Highlights: shahid afridi connected handshake controversey india suryakumar yadav








English (US) ·