Published: October 15, 2025 01:25 PM IST
1 minute Read
ന്യൂഡൽഹി∙ ആരുടെയും താൽപര്യ പ്രകാരമല്ല ശുഭ്മൻ ഗില്ലിനെ ഇന്ത്യൻ ടീമിന്റെ നായകനായി നിയമിച്ചതെന്ന് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. ‘തന്റെ മികവിലൂടെ അദ്ദേഹം നേടിയെടുത്തതാണ് ഈ സ്ഥാനം. കഠിനാധ്വാനിയായ ക്രിക്കറ്ററാണ് ഗിൽ. ക്യാപ്റ്റൻ എന്ന നിലയിൽ ഇംഗ്ലണ്ട് പര്യടനത്തിൽ മികച്ച പ്രകടനമാണ് ഗിൽ നടത്തിയത്. നായകനായി ആദ്യ പരമ്പര തന്നെ ഇംഗ്ലണ്ടിൽ കളിക്കുകയും രണ്ട് ജയങ്ങൾ സ്വന്തമാക്കുകയും ചെയ്യുക ചെറിയ കാര്യമല്ല. ക്യാപ്റ്റൻസി തനിക്ക് പൂർണമായും അർഹതപ്പെട്ടതാണെന്ന് രണ്ടു പരമ്പരകളിലൂടെ ഗിൽ തെളിയിച്ചു കഴിഞ്ഞു.’
‘ഭാവിയെക്കുറിച്ച് സംസാരിക്കുന്നതിനെക്കാൾ വർത്തമാനകാലത്ത് ജീവിക്കാനാണ് എനിക്കിഷ്ടം. വിരാട് കോലിയും രോഹിത് ശർമയും ടീമിലെ പ്രധാന താരങ്ങളാണ്. ഓസ്ട്രേലിയൻ പരമ്പരയിലൂടെ അവർ വീണ്ടും ടീമിൽ തിരിച്ചെത്തിയിരിക്കുന്നു. അവരുടെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഏകദിന ലോകകപ്പിന് ഇനിയും എത്രയോ സമയം ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ഇരുവരുടെയും ഭാവിയെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ താൽപര്യമില്ല.’
‘ഫിറ്റ്നസ് നിലനിർത്താനും മികച്ച പരിശീലനം ഉറപ്പാക്കാനും താരങ്ങൾ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്കു പോകുന്നതിനു പകരം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്നാണ് എന്റെ അഭിപ്രായം. രഞ്ജി ട്രോഫി സീസൺ ആരംഭിക്കുകയാണല്ലോ. ടെസ്റ്റ് ടീമിന്റെ ഭാഗമായ താരങ്ങൾക്കെല്ലാം ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കു മുൻപ് മികച്ച പരിശീലനം ഉറപ്പാക്കാനുള്ള അവസരമാണ് രഞ്ജി മത്സരങ്ങൾ. അത് അവർ കൃത്യമായി ഉപയോഗപ്പെടുത്തുമെന്നാണ് എന്റെ പ്രതീക്ഷ.’
‘ഹർഷിത് റാണയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. നിങ്ങളുടെ യുട്യൂബ് ചാനലിൽ കാഴ്ചക്കാരെ ആകർഷിക്കാനായി 23 വയസ്സുമാത്രം പ്രായമുള്ള ഒരു കളിക്കാരനെ എന്തിനാണ് ഇങ്ങനെ ക്രൂശിക്കുന്നത്. ഹർഷിതിന്റെ ബന്ധുക്കളാരും സിലക്‌ഷൻ കമ്മിറ്റിയിലില്ല. സ്വന്തം കഴിവുകൊണ്ടാണ് അവൻ ഇവിടെ വരെ എത്തിയത്. വളർന്നുവരുന്ന താരങ്ങളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല.’– ഗൗതം ഗംഭീർ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് വിജയത്തിനു ശേഷം പ്രതികരിച്ചു.
English Summary:








English (US) ·