Published: November 30, 2025 03:26 PM IST Updated: December 01, 2025 01:40 AM IST
1 minute Read
ലക്നൗ ∙ മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ഇന്ന് ക്യാപ്റ്റൻമാരുടെ ദിനമായിരുന്നു. പഞ്ചാബ് ക്യാപ്റ്റൻ അഭിഷേക് ശർമ (52 പന്തിൽ 148), ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷൻ (50 പന്തിൽ 113), ബംഗാൾ ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ (66 പന്തിൽ 130*) എന്നിവർ സെഞ്ചറിയുമായി തിളങ്ങിയപ്പോൾ കേരളത്തിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണും ഒട്ടും കുറച്ചില്ല. ഛത്തീസ്ഗഡിനെതിരായ മത്സരത്തിൽ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം, മുന്നിൽനിന്നു നയിച്ച സഞ്ജുവിന്റെ (15 പന്തിൽ 43) ഇന്നിങ്സ് കരുത്തിൽ എട്ടു വിക്കറ്റിനു വിജയിച്ചു. ബോളിങ്ങിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ കെ.എം.ആസിഫാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത കേരളം, ഛത്തീസ്ഗഡിനെ 19.1 ഓവറിൽ 120 റൺസിനു ചുരുട്ടിക്കെട്ടുകയായിരുന്നു. കേരളത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. കെ.എം.ആസിഫ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ, അരങ്ങേറ്റക്കാരൻ വിഘ്നേഷ് പുത്തൂരും അങ്കിത് ശർമയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. എൻ.എം.ഷറഫുദ്ദീൻ, എം.ഡി.നിധീഷ്, അബ്ദുൽ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 41 റൺസെുത്ത ക്യാപ്റ്റൻ അമൻദീപ് ഖരെയാണ് ഛത്തീസ്ഗഡിന്റെ ടോപ് സ്കോറർ.സഞ്ജീത് ദേശായി 35 റൺസെടുത്തപ്പോൾ ശശാങ്ക് ചന്ദ്രകാർ 17 റൺസെടുത്തു. മറ്റു ബാറ്റർമാർക്കാർക്കും രണ്ടക്കം കടക്കാനായില്ല.
മറുപടി ബാറ്റിങ്ങിൽ, ഓപ്പണായി ഇറങ്ങിയ സഞ്ജു സാംസൺ കത്തികയറിയതോടെ കേരളം അതിവേഗം കുതിക്കുകയായിരുന്നു. അഞ്ച് സിക്സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. അഞ്ചാം ഓവറിൽ, അർധസെഞ്ചറിക്ക് ഏഴു റൺസകലെ രവി കിരണാണ് സഞ്ജുവിനെ ആനന്ദ് റാവുവിന്റെ കൈകളിൽ എത്തിച്ചത്. പിന്നീട് രോഹൻ കുന്നുമ്മൽ (17 പന്തിൽ 33), സൽമാൻ നിസാർ (18 പന്തിൽ 16*), വിഷ്ണു വിനോദ്(14 പന്തിൽ 22*) എന്നിവരുടെ ബാറ്റിങ് മികവിൽ 10.4 ഓവറിൽ കേരളം ലക്ഷ്യം കണ്ടു.
English Summary:








English (US) ·