Published: July 27 , 2025 07:41 PM IST
1 minute Read
മാഞ്ചസ്റ്റർ∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നതിനിടെ, ആശങ്കൾക്ക് ആക്കമേറ്റി ക്രച്ചസിന്റെ സഹായത്തോടെ ഋഷഭ് പന്ത് ഗ്രൗണ്ടിലേക്ക് വരുന്ന ദൃശ്യങ്ങൾ പുറത്ത്. ആവശ്യമെങ്കിൽ പന്ത് ഇന്ന് ബാറ്റിങ്ങിന് ഇറങ്ങുമെന്ന് ബാറ്റിങ് പരിശീലകൻ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിനിടെയാണ്, ക്രച്ചസിലൂന്നി പന്ത് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ എത്തിയത്. മാഞ്ചസ്റ്റർ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് പന്തുകൊണ്ട് താരത്തിന്റെ കാൽവിരലിന് പൊട്ടലേറ്റത്. തുടർന്ന് ധ്രുവ് ജുറേലാണ് ഇന്ത്യയ്‌ക്കായി വിക്കറ്റ് കാത്തത്.
പരുക്കേറ്റതിനു പിന്നാലെ തിരികെ കയറിയെങ്കിലും, ഒന്നാം ഇന്നിങ്സിൽ ഇന്ത്യ തകർച്ചയിലേക്കു വീണതോടെ പന്ത് ബാറ്റു ചെയ്യാൻ തിരിച്ചെത്തിയിരുന്നു. 37 റൺസുമായി ക്രീസ് വിട്ട താരം തിരിച്ചെത്തി അർധസെഞ്ചറിയും കുറിച്ചു. അഞ്ചാം ദിനം 90 ഓവറും ബാറ്റു ചെയ്ത് ഏതുവിധേനയും പരാജയം ഒഴിവാക്കാൻ ഇന്ത്യ അത്യധ്വാനം ചെയ്യുന്നതിനിടെയാണ് പന്ത് ക്രച്ചസിന്റെ സഹായത്തോടെ വേദിയിലേക്കു വരുന്ന ചിത്രങ്ങൾ വൈറലായത്.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 174 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ, ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 107 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെന്ന നിലയിലാണ്. 38 റൺസുമായി രവീന്ദ്ര ജഡേജയും 40 റൺസുമായി വാഷിങ്ടൻ സുന്ദറും ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ഇതുവരെ 65 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
നാലാം ദിനം രണ്ടു സെഷൻ പൂർണമായും ഇംഗ്ലണ്ട് ബോളിങ് ആക്രമണത്തിനെതിരെ കോട്ടകെട്ടാൻ കൂട്ടുനിന്ന കെ.എൽ. രാഹുൽ കയ്യൊഴിഞ്ഞിട്ടും സെഞ്ചറിയുമായി പടനയിച്ച ഗിൽ, 103 റൺസെടുത്താണ് പുറത്തായത്. 238 പന്തിൽ 12 ഫോറുകൾ സഹിതം 103 റൺസെടുത്ത ഗില്ലിനെ ജോഫ്ര ആർച്ചർ വിക്കറ്റ് കീപ്പർ ജയ്മി സ്മിത്തിന്റെ കൈകളിലെത്തിച്ചു. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 89 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 88 റൺസ് പിന്നിൽ. വാഷിങ്ടൻ സുന്ദർ (21), രവീന്ദ്ര ജഡേജ (0) എന്നിവരാണ് ക്രീസിൽ.
പരമ്പരയിലെ നാലാം സെഞ്ചറി കുറിച്ച ശുഭ്മൻ ഗിൽ (103), ഓപ്പണർ കെ.എൽ. രാഹുൽ (90) എന്നിവരാണ് ഇന്ന് പുറത്തായ ഇന്ത്യൻ ബാറ്റർമാർ. 228 പന്തിൽ 12 ഫോറുകൾ സഹിതമാണ് ഗിൽ സെഞ്ചറി പൂർത്തിയാക്കിയത്. 238 പന്തിൽ 103 റൺസുമായി പുറത്താവുകയും ചെയ്തു. 230 പന്തിൽ എട്ടു ഫോറുകൾ സഹിതം 90 റൺസെടുത്താണ് രാഹുൽ പുറത്തായത്. മൂന്നാം വിക്കറ്റിൽ രാഹുൽ – ഗിൽ സഖ്യം 417 റൺസ് നേരിട്ട് 188 റൺസാണ് നേടിയത്. ഈ നൂറ്റാണ്ടിൽ ഇംഗ്ലിഷ് മണ്ണിൽ ഒരു ഇന്ത്യൻ സഖ്യം നേരിടുന്ന ഏറ്റവും ഉയർന്ന പന്തുകളാണ് ഇവർ നേരിട്ട 417 പന്തുകൾ.
English Summary:








English (US) ·