ക്രമസമാധാന ചുമതലകളിൽ സജീവമെന്ന് പോലീസ്; കൃഷ്ണകുമാറുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന്

7 months ago 6

ആര്‍. അനന്തകൃഷ്ണന്‍ | മാതൃഭൂമി ന്യൂസ്

11 June 2025, 06:25 PM IST

g krishnakumar

കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ട വീഡിയോയിൽനിന്ന്‌, കൃഷ്ണകുമാറിനൊപ്പം ദിയ കൃഷ്ണ Photo: YouTube/ Sindhu Krishna, instagram/diya krishna

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന്. കൃഷ്ണകുമാറിന്റെ പരാതിയില്‍ എടുത്ത കേസും അദ്ദേഹത്തിനെതിരേ യുവതികളുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്‌. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ കൈമാറിയത്‌.

കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന 'ഒ ബൈ ഓസി' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നത്. മൂന്നു വനിതാജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി. കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണ്‌ ജീവനക്കാരായ യുവതികള്‍ പരാതിപ്പെട്ടത്. തിരുവനന്തപുരം മ്യൂസിയം പോലീസായിരുന്നു കേസുകള്‍ അന്വേഷിച്ചുവരുന്നത്. ഇതാണ് ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡിജിപി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

മ്യൂസിയം പോലീസ് കേസ് അന്വേഷിക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസുകള്‍ സെന്‍സേഷണലാണ്. മ്യൂസിയം സ്റ്റേഷന്‍ ക്രമസമാധാന ചുമതലയില്‍ സജീവമായി നില്‍ക്കുന്ന സ്റ്റേഷനാണ്. ഈ തിരക്കുകള്‍ക്കിടയില്‍ കേസുകള്‍ കാര്യമായി അന്വേഷിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. അതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കേസില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കൃഷ്ണകുമാറിന് പുറമേ ജീവനക്കാരികളും മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നുവെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകൂടി കേസ് ക്രൈംബ്രാഞ്ചിന് വിട്ടതിന് പിന്നിലുണ്ടെന്നാണ് സൂചന. യുവതികളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചായിരുന്നു മ്യൂസിയം പോലീസ് അന്വേഷണം നടത്തിവന്നിരുന്നത്. ഇത് പൂര്‍ത്തിയാവാന്‍ രണ്ടുദിവസംകൂടെ വേണ്ടിവരുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. അതിനിടെയിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്.

Content Highlights: Complaints against and by Krishna Kumar transferred to transgression branch

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article