
ജാക്ക് റസ്സൽ | X.com/@sharmabharat45
കളിക്കുന്ന കാലഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാക്ക് റസ്സല്‍. 1988 മുതല്‍ 1998 വരെ നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറില്‍ താരം 54 ടെസ്റ്റുകളും 40 ഏകദിനങ്ങളും കളിച്ചു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീമിനോട് ജാക്ക് റസ്സല്‍ പലതവണ ഏറ്റുമുട്ടിയിട്ടുമുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ഇപ്പോള്‍ ചിത്രം വരച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ക്രിക്കറ്റില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പണം ചിത്രം വരയിലൂടെ സമ്പാദിക്കുന്നുണ്ടെന്നും താരം പറയുന്നു.
'ഞാൻ 1998-ൽ ഇംഗ്ലണ്ട് ടീമിൽ നിന്നും 2004-ൽ കൗണ്ടി ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇപ്പോൾ 20 വർഷത്തിലേറെയായി. കാലം വളരെ വേഗത്തിൽ കടന്നുപോയി. ചിത്രം വരയുമായി ബന്ധപ്പെട്ട് ഞാൻ തിരക്കിലാണ്. എനിക്കിപ്പോൾ ആകെയുള്ള കഴിവ് അതുമാത്രമാണ്. അതിനാൽ ഞാൻ എല്ലാ ദിവസവും പെയിന്റ് ചെയ്യുന്നു. അതാണെന്റെ ജോലി. അങ്ങനെ ഞാൻ വരച്ചുകൊണ്ടേയിരിക്കുന്നു. ഞാനിപ്പോൾ ഇത് ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം 35-36 വർഷമായി. അത് ഞാൻ കളിച്ചിരുന്ന കാലഘട്ടത്തേക്കാൾ കൂടുതലാണ്.' - റസ്സൽ പറഞ്ഞു.
'അന്ന് ഞങ്ങൾക്ക് തരക്കേടില്ലാത്ത പ്രതിഫലം ലഭിച്ചിരുന്നു, പക്ഷെ ഇന്നത്തെ കളിക്കാർക്ക് ലഭിക്കുന്ന അത്രയുമില്ല. ഇന്നത്തെ കളിക്കാർ ഇംഗ്ലണ്ടിന് വേണ്ടി ഒരു അഞ്ചോ പത്തോ വർഷം കളിച്ചാൽ പിന്നെ അവർക്ക് ജോലി ചെയ്യേണ്ടി വരില്ല. പണം സൂക്ഷിച്ച് ഉപയോഗിക്കുകയാണെങ്കിൽ അവർക്ക് മറ്റുകുഴപ്പമൊന്നും ഉണ്ടാകില്ല.'
'പക്ഷേ ഞാനിത് പണത്തിന് വേണ്ടിയല്ല ചെയ്യുന്നത്. ഇതിനോടുള്ള അഭിനിവേശവും ഇഷ്ടവും കൊണ്ടാണ്. എന്നിരുന്നാലും കളിച്ചിരുന്നപ്പോൾ സമ്പാദിച്ചതിനേക്കാൾ കൂടുതൽ പണം ഞാൻ ഇപ്പോൾ പെയിന്റിങ്ങിലൂടെ സമ്പാദിക്കുന്നുണ്ട്. എനിക്ക് മറ്റൊരു ജോലി ചെയ്യേണ്ടി വന്നാൽ പോലും ഞാൻ ചിത്രം വരയ്ക്കുന്നത് തുടരും. ലോകമെമ്പാടുമുള്ള ആളുകൾ എന്റെ ചിത്രങ്ങൾ വാങ്ങുന്നുണ്ട്, അതിനാൽ എനിക്കിത് തുടരാൻ സാധിക്കുന്നു. അതുകൊണ്ട് ഒരു സ്ഥിരം ജോലിക്ക് പോകേണ്ടി വരുന്നില്ല.' - റസ്സൽ പറഞ്ഞു.
റസ്സല്‍ പര്യടനത്തിന്റെ ഭാഗമായി രണ്ടുതവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്. 1989-ല്‍ നെഹ്‌റു കപ്പും 1996-ല്‍ ലോകകപ്പും കളിക്കാനാണ് ഇന്ത്യയിലെത്തിയിരുന്നത്.
Content Highlights: Sachin Tendulkars Ex Rival Jack Russell Painter In London








English (US) ·