
അനയ ബംഗാർ | Instagram.com/anayabangar, സഞ്ജയ് ബംഗാർ | AFP
കഴിഞ്ഞവർഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി വഴി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക് മാറിയിരുന്നു. എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ പറ്റി ചിന്തിക്കേണ്ട സാഹചര്യത്തിൽ എത്തിനിൽക്കുകയാണെന്നാണ് അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അനയ വ്യക്തമാക്കിയത്. തനിക്ക് ക്രിക്കറ്റിൽ സ്ഥാനമില്ലെന്ന് അച്ഛൻ സഞ്ജയ് ബംഗാർ പറഞ്ഞതായി അനയ പറയുന്നു. ലല്ലൻടോപ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ക്രിക്കറ്റില്‍ എനിക്ക് സ്ഥാനമില്ലെന്ന വസ്തുത പറയുകയാണ് അച്ഛന്‍ ചെയ്തത്. എനിക്ക് എന്റേതായ നിലപാടെടുക്കേണ്ടതായി വന്നു. ഹോര്‍മോണ്‍ തെറാപ്പി നടത്താനുള്ള തീരുമാനത്തിന് പിന്നാലെ ലോകം മുഴുവന്‍ എനിക്കെതിരേയാണെന്ന് തോന്നി. ആത്മഹത്യയെക്കുറിച്ചുള്ള തോന്നലുകളുമുണ്ടായി. എനിക്ക് മറ്റ് അവസരങ്ങളോ അവകാശങ്ങളോ ശേഷിക്കുന്നില്ല. - അനയ പറഞ്ഞു.
ക്രിക്കറ്റിലോ സമൂഹത്തിലോ പുറംലോകത്തിലോ തനിക്ക് യാതൊരു സ്ഥാനവുമില്ലെന്നും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചില താരങ്ങള്‍ പിന്തുണയ്ക്കുകയും മറ്റുചിലര്‍ അധിക്ഷേപിച്ചതായും അനയ വെളിപ്പെടുത്തി.
'ചില താരങ്ങള്‍ അവരുടെ നഗ്നചിത്രങ്ങള്‍ അയച്ചുതന്നിട്ടുണ്ട്. ഒരു താരം എല്ലാവരുടെയും മുന്നില്‍വെച്ച് മോശമായി പെരുമാറി. അതേയാള്‍ എന്റെ അടുത്തുവന്നിരുന്ന് ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വെച്ച് മറ്റൊരു സംഭവവുമുണ്ടായി. എന്റെ സാഹചര്യത്തെക്കുറിച്ച് ഒരു ക്രിക്കറോട് പറഞ്ഞപ്പോള്‍ 'നമുക്ക് കാറില്‍ പോകാം, എനിക്ക് നിന്റൊപ്പം ഒരുമിച്ച് കിടക്കണം' എന്നാണ് പറഞ്ഞത്.' - അനയ പറഞ്ഞു.
ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ക്രിക്കറ്റില്‍ ശരിയായ ചട്ടങ്ങളില്ലെന്നും ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അടുത്തിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അനയ പറഞ്ഞിരുന്നു.
'എനിക്ക് സ്‌നേഹവും അഭിനിവേശവുമുള്ള ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ പറ്റി ഒരിക്കല്‍പോലും ചിന്തിക്കേണ്ടിവരുമെന്ന് കരുതിയതല്ല. എന്നാല്‍ ഇപ്പോള്‍ വേദനാജനകമായ യാഥാര്‍ഥ്യത്തെ നേരിടുകയാണ്. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി നടത്തിയ ഒരു ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍ എന്റെ ശരീരം പൂര്‍ണമായി മാറി. ശരീരത്തിന്റെ കരുത്തും മസിലുകളും കായികപരമായ കഴിവുകളുമെല്ലാം നഷ്ടപ്പെടുകയാണ്. ക്രിക്കറ്റ് എന്നില്‍ നിന്നും വഴുതിപോയ്‌ക്കൊണ്ടിരിക്കുകയാണ്.' - അനയ കുറിച്ചു.
'ക്രിക്കറ്റില്‍ ട്രാന്‍സ് വുമണിന് കൃത്യമായ ചട്ടങ്ങളില്ലാത്തതാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. ഈ സംവിധാനം എന്നെ പുറത്താക്കുന്നതുപോലെയാണ് തോന്നുന്നത്. കഴിവില്ലാത്തതുകൊണ്ടല്ല, മറിച്ച് നിയമങ്ങളാണെന്ന് പ്രശ്‌നമെന്നും' അവര്‍ കുറിച്ചു. അനയ നേരത്തെ പ്രാദേശിക ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത്. അനയയുടെ പിതാവ് സഞ്ജയ് ബംഗാര്‍ ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനമത്സരങ്ങളും കളിച്ചിട്ടുണ്ട്.
Content Highlights: Anaya Bangar Sanjay Bangars Child Who Underwent Gender Re-Affirming Surgery revealation








English (US) ·