'ക്രിക്കറ്റ്, ആത്മീയത അടക്കമുള്ളവ വിഷയങ്ങൾ, രാഷ്ട്രീയം തൊടില്ല'; യുട്യൂബ് ചാനലുമായി സിദ്ദു

8 months ago 9

navjot singh sidhu

നവജ്യോത് സിങ് സിദ്ധു | PTI

ന്യൂഡല്‍ഹി: ക്രിക്കറ്റ്, കമന്ററി, രാഷ്ട്രീയം എന്നിവയിലെല്ലാം ഒരു കൈനോക്കി വിജയിച്ച പ്രതിഭയാണ് നവജ്യോത് സിങ് സിദ്ധു. സ്വന്തമായി യുട്യൂബ് ചാനല്‍കൂടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ അദ്ദേഹം. നവജ്യോത് സിങ് സിദ്ധു എന്നു പേരിട്ടിരിക്കുന്ന ചാനലിന്റെ ലോഞ്ചിങ് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ അനുഭവങ്ങളും അതിജീവനങ്ങളുമെല്ലാം ആളുകളുമായി പങ്കുവെയ്ക്കാന്‍ ഉദ്ദേശിച്ചാണ് ചാനല്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ ഒരുപാട് നല്ലതല്ലാത്ത അനുഭവങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിട്ടുണ്ടെന്ന് സിദ്ദു പറഞ്ഞു. ഇത്തരത്തിലുള്ള ജീവിതത്തിലെ വ്യത്യസ്ത വശങ്ങള്‍ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കും. പരമാവധി സമയം ചാനലിനായി ചെലവഴിക്കും. അഞ്ചുമാസത്തിനിടെ മുപ്പത് കിലോയിലധികം ഭാരംകുറച്ചതിനു പിന്നിലെ രഹസ്യം ഇതിനകം ഒരുകോടിയോളംപേര്‍ തന്നോട് ചോദിച്ചിട്ടുണ്ടാകും. അത്തരം കാര്യങ്ങളെല്ലാം യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തും. വ്യക്തിപരമായ അനുഭവങ്ങളിലും താത്പര്യങ്ങളിലും മാത്രമായിരിക്കും ചാനല്‍ കേന്ദ്രീകരിക്കുക. ക്രിക്കറ്റ്, ആത്മീയത, ആരോഗ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പങ്കുവെയ്ക്കുമെന്നും രാഷ്ട്രീയം പറയില്ലെന്നും അദ്ദേഹം അറിയിച്ചു.

അഞ്ചുമാസത്തിനിടെ 33 കിലോയോളം ഭാരംകുറച്ചെന്നറിയിച്ച് സിദ്ദു കഴിഞ്ഞ ജനുവരിയില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഭാരം കുറയ്ക്കുന്നതിനു മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഡയറ്റ്, നടത്തം, വ്യായാമം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെയാണ് ഈ രീതിയിലേക്ക് മാറാന്‍ കഴിഞ്ഞതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ലളിതമായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും വെറും 40 ദിവസംകൊണ്ട് തന്റെ ഭാര്യ നവജ്യോത് കൗര്‍ സ്റ്റേജ്-4 സ്തനാര്‍ബുദത്തെ മറികടന്നതായി അവകാശപ്പെട്ട് സിദ്ദു നേരത്തേ രംഗത്തെത്തിയിരുന്നു. ഇത് വിവാദമായി. ശരീരത്തിന് ഭക്ഷണം നിഷേധിക്കുന്നതിലൂടെ കാന്‍സര്‍ കോശങ്ങള്‍ സ്വാഭാവികമായി മരിക്കാന്‍ തുടങ്ങുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വേപ്പില, മഞ്ഞള്‍ തുടങ്ങിയവയും ഉപവാസവും കാന്‍സര്‍ ഭേദമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Content Highlights: navjot singh sidhu launches youtube channel

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article