.jpg?%24p=50fe035&f=16x10&w=852&q=0.8)
സഞ്ജു സാംസൺ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിക്കറ്റ് ആവേശം നിറച്ച് കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം സീസൺ വരുന്നു. ഓഗസ്റ്റ് 21 മുതലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ കെസിഎൽ ആരംഭിക്കുക. സഞ്ജു സാംസണും സച്ചിൻ ബേബിയുമുൾപ്പെടെ കേരള ക്രിക്കറ്റിലെ മുഴുവൻ താരങ്ങളും ഇത്തവണ കെസിഎലിനായി മൈതാനത്തിറങ്ങും.
ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥം കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കെസിഎൽ ലോഞ്ചിങ് പരിപാടി ഞായറാഴ്ച വൈകീട്ട് 5.30-ന് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കും. ചടങ്ങിൽ മന്ത്രി വി.അബ്ദുറഹ്മാൻ കെസിഎലിന്റെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം നിർവഹിക്കും.
കേരളത്തനിമയും ക്രിക്കറ്റും ഒത്തുചേർന്ന ഭാഗ്യചിഹ്നം തയ്യാറാക്കുന്നത് ടൂൺസ് അനിമേഷനാണ്. ആദ്യ സീസണിൽ ചാമ്പ്യൻഷിപ്പിന് ഭാഗ്യചിഹ്നം ഉണ്ടായിരുന്നില്ല. കേരള ക്രിക്കറ്റ് അസോസിയേഷൻ അടുത്ത വർഷങ്ങളിൽ സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്ന വനിതാ ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നവും ഇത്തവണ തയ്യാറാക്കിയിട്ടുണ്ട്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ആറു ടീമുകളെയും ചടങ്ങിൽ പരിചയപ്പെടുത്തും.
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്.കുമാർ, കെസിഎൽ കൗൺസിൽ ചെയർമാൻ നസീർ മച്ചാൻ, അദാനി ട്രിവാൻഡ്രം റോയൽസ് ഉടമകളായ പ്രിയദർശൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, ജോസ് തോമസ് പട്ടാര, ഷിബു മത്തായി, റിയാസ് ആദം, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ഉടമ സോഹൻ റോയ്, കൊച്ചി ബ്ലൂടൈഗേഴ്‌സ് ഉടമ സുഭാഷ് ജോർജ് മാനുവൽ, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉടമ സഞ്ജു മുഹമ്മദ്, ഫിനെസ് തൃശ്ശൂർ ടൈറ്റൻസ് ഉടമ സജാദ് സേഠ്, ആലപ്പി റിപ്പിൾസ് ഉടമകളായ ടി.എസ്.കലാധരൻ, കൃഷ്ണ കലാധരൻ, ഷിബു മാത്യു, റാഫേൽ തോമസ് എന്നിവർ പങ്കെടുക്കും.ലീഗിന്റെ പ്രചാരണത്തിനായി 21 മുതൽ ഓഗസ്റ്റ് 16 വരെ കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ട്രോഫി ടൂറിനോടൊപ്പം വിവിധ പരിപാടികൾ അരങ്ങേറും. സെലിബ്രിറ്റികൾ, കായികതാരങ്ങൾ എന്നിവർ പരിപാടിയുടെ ഭാഗമാകും. രാത്രി 8.30-ന് അഗം ബാൻഡ് സംഗീത പരിപാടിയും അരങ്ങേറും. ഉദ്ഘാടന ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Content Highlights: KCL Season 2 starts August 21st astatine Greenfield Stadium








English (US) ·