'ക്രിക്കറ്റ് കളിച്ചതിൽ പശ്ചാത്തപിക്കുന്നു, കളിയെക്കുറിച്ച് അറിവില്ലാത്തവര്‍ പഠിപ്പിക്കാന്‍ വരുന്നു'

9 months ago 6

21 April 2025, 04:56 PM IST

mohammad azharuddin

Photo | ANI

ഹൈദരാബാദ്: രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് തന്റെ പേര് നീക്കാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ നീക്കം വേദനിപ്പിക്കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ക്രിക്കറ്റ് കളിച്ചതില്‍ പശ്ചാത്തപിക്കുന്നതായും കളിയെക്കുറിച്ച് അറിവില്ലാത്തവര്‍ നേതൃത്വത്തിന്റെ ഭാഗമാകുന്നത് ഹൃദയഭേദകമാണെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. വിഷയത്തില്‍ ബിസിസിഐ ഇടപെടണമെന്നും താന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വളരെയധികം വേദനയോടെയാണ് ഞാനിത് പറയുന്നത്. ക്രിക്കറ്റ് കളിച്ചതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. കളിയെ കുറിച്ച് ഒരറിവും ഇല്ലാത്തവര്‍ നയിക്കാനും പഠിപ്പിക്കാനുമുള്ള സ്ഥാനങ്ങളിലെത്തുന്നത് കാണേണ്ടിവരുന്നത് ഹൃദയഭേദകമാണ്. ഇത് ഈ കായികരംഗത്തിന് തന്നെ അപമാനകരമാണ്.'- അസ്ഹറുദ്ദീന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

'ഈ അനീതിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകും. വിഷയത്തില്‍ ബിസിസിഐ ഇടപ്പെട്ട് കൃത്യമായ നടപടി സ്വീകരിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്‌റ്റേഡിയത്തിലെ പാസിനെ സംബന്ധിച്ച് അസോസിയേഷനുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദും തര്‍ക്കത്തിലാണ്. മോശം ഭരണവും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.'- അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് മുഹമ്മദ് അസ്ഹറുദ്ദിന്റെ പേര് നീക്കാന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഓംബുഡ്‌സ്മാന്‍ വിധിച്ചത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് നല്‍കിയ പരാതിയിന്മേലാണ് വിധി. അസ്ഹറുദ്ദീന്‍ അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ പദവി ദുരുപയോഗം ചെയ്ത് സ്റ്റാന്‍ഡിന് സ്വന്തം പേരുനല്‍കുകയായിരുന്നുവെന്നാണ് പരാതി. സ്റ്റേഡിയത്തിലെ നോര്‍ത്ത് സ്റ്റാന്‍ഡിനാണ് അസ്ഹറുദ്ദീന്റെ പേര് നല്‍കിയിരുന്നത്.

Content Highlights: Mohammad Azharuddin connected Hyderabad Cricket Association to region his sanction from stand

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article