ക്രിക്കറ്റ് മതിയാക്കി പ്രിയങ്ക് പാഞ്ചൽ; രഞ്ജി സൂപ്പർതാരം,വിരമിച്ചത് ഐപിഎലിലും ദേശീയടീമിലും ഇടംനേടാതെ

7 months ago 10

26 May 2025, 10:35 PM IST

PRIYANK PANCHAL

Photo | PTI

അഹമ്മദാബാദ്: ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം പ്രിയങ്ക് പാഞ്ചല്‍. ആഭ്യന്തര ക്രിക്കറ്റിലെ 17 വര്‍ഷത്തെ കരിയറിനാണ് വിരാമമിടുന്നത്. ഗുജറാത്തിന്റെയും ഇന്ത്യ എ ടീമിന്റെയും മുന്‍ ക്യാപ്റ്റന്‍കൂടിയാണ് മുപത്തഞ്ചുകാരനായ താരം. ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെന്നറിയിച്ച് പ്രിയങ്ക് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗുജറാത്ത് പ്രഥമ രഞ്ജി ട്രോഫി കിരീടം നേടിയ 2016-17 വര്‍ഷം ടീമിനെ നയിച്ചിരുന്നത് പ്രിയങ്ക് പാഞ്ചലായിരുന്നു.

'പ്രിയങ്ക് പാഞ്ചല്‍ എന്ന ഞാന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍നിന്ന് ഉടന്‍തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. വൈകാരികവും സമ്പന്നവും ഏറെ കൃതജ്ഞതയുളവാക്കുന്നതുമായ നിമിഷമാണിത്' എന്ന് പ്രിയങ്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 29 സെഞ്ചുറികളും 34 അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 8,856 റണ്‍സ് നേടിയിട്ടുണ്ട്. 2015-16ല്‍ വിജയ് ഹസാരെ ട്രോഫി, 2021-13ലെയും 2013-14ലെയും സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടിയ ഗുജറാത്ത് ടീമിലും പാഞ്ചല്‍ അംഗമായിരുന്നു. രഞ്ജിയിൽ പ്രഥമ കിരീടം നേടിയ വര്‍ഷം 1,310 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി.

ഈ വര്‍ഷം രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ സെമി ഫൈനലിലാണ് അവസാനം കളിച്ചത്. സമനിലയില്‍ കലാശിച്ച മത്സരത്തില്‍ പാഞ്ചല്‍ 148 റണ്‍സ് നേടി കേരളത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും ആദ്യ ഇന്നിങ്സിലെ രണ്ട് റൺസ് ബലത്തിൽ കേരളം ഫൈനലിൽ കടന്നു. വിരമിക്കല്‍ പ്രഖ്യാപനത്തെ ഒരു യുഗത്തിന്റെ അന്ത്യമെന്ന് വിശേഷിപ്പിച്ച ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍, അദ്ദേഹത്തിന്റെ ക്രിക്കറ്റ് യാത്രയെ അഭിനന്ദിക്കുകയും ചെയ്തുകൊണ്ട് എക്സിൽ പോസ്റ്റുചെയ്തു.

Content Highlights: priyank panchal retires from each forms of cricket

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article