
Photo: x.com/Sportskeeda/
കാബൂള്‍: അഫ്ഗാനിസ്താനിലെ ടി20 ക്രിക്കറ്റ് ലീഗായ ഷപഗീസ ക്രിക്കറ്റ് ലീഗ് (എസ്‌സിഎല്‍) ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത് ഒരു അപൂര്‍വ കാഴ്ചയ്ക്കായിരുന്നു. അമോ ഷാര്‍ക്ക്‌സും മിസ് ഐനക് നൈറ്റ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ അമോ ഷാര്‍ക്ക്‌സിലെ ഒരു 18-കാരന്‍ പയ്യന്‍ അഫ്ഗാനിസ്താന്‍ ദേശീയ ടീം അംഗവും മിസ് ഐനക് നൈറ്റ്‌സ് ഓള്‍റൗണ്ടറുമായ മുഹമ്മദ് നബിയെ സിക്‌സറിന് പറത്തി. അമോ ഷാര്‍ക്ക്‌സ് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. ഇതോടെ പിറന്നത് ഒരു അപൂര്‍വ മുഹൂര്‍ത്തമായിരുന്നു. മുഹമ്മദ് നബിയെ സിക്‌സറിന് പറത്തിയ ആ 18-കാരന്റെ പേര് ഹസന്‍ ഇസഖീല്‍. 40-കാരനായ നബിയുടെ തന്നെ മകന്‍. ഇതോടെ കളത്തില്‍ അച്ഛനെ സിക്‌സറിന് തൂക്കിയ മകനായി ഹസന്‍ ഇസഖീല്‍.
അമോ ഷാര്‍ക്ക്‌സിനായി ഓപ്പണറായി ഇറങ്ങിയ ഇസഖീല്‍ 36 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സെടുത്ത് ടോപ് സ്‌കോററായ മത്സരത്തില്‍ ടീം 19.4 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് നബിയുടെ മിസ് ഐനക് നൈറ്റ്‌സ് 17 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഈ വര്‍ഷമാദ്യം ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഐസിസിക്ക് നല്‍കിയ അഭിമുഖത്തിനിടെ മകന്‍ ഇസഖീലിനൊപ്പം കളിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് നബി പറഞ്ഞിരുന്നു. അഫ്ഗാനിസ്താന്‍ ദേശീയ ടീമില്‍ മകനൊപ്പം കളിക്കുക എന്നതായിരുന്നു നബിയുടെ സ്വപ്നം. ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ ഏകദിനത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരുന്ന നബി ആ തീരുമാനം മാറ്റിയതുപോലും മകനൊപ്പം ദേശീയ ടീമില്‍ കളിക്കുക എന്ന സ്വപ്‌നം കാരണമായിരുന്നു.
ഓപ്പണിങ് ബാറ്ററായ ഹസന്‍ ഇസഖീല്‍ 25 ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നായി 599 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 45 പന്തില്‍ നിന്ന് 150 റണ്‍സ് അടിച്ചെടുത്തതോടെയാണ് ഇസഖീല്‍ ശ്രദ്ധേയനാകുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയെന്ന റെക്കോഡും താരത്തിനുണ്ട്.
അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന വാര്‍ഷിക ടി20 ടൂര്‍ണമെന്റാണ് എസ്സിഎല്‍. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഇതില്‍ അഫ്ഗാന്‍ സീനിയര്‍ കളിക്കാര്‍, അണ്ടര്‍-19 താരങ്ങള്‍, എ ടീമിലെ അംഗങ്ങള്‍, വിദേശ താരങ്ങള്‍ എന്നിവരെല്ലാം ഉണ്ടാകും.
Content Highlights: 18-year-old Hassan Izakhhail smashes his father, Mohammad Nabi, for a six








English (US) ·