Published: June 19 , 2025 09:44 PM IST
1 minute Read
ലണ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച് വിദേശ ലീഗുകളിൽ കളിക്കാൻ പോകാൻ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം തന്നെ ഉപദേശിച്ചിരുന്നതായി മലയാളി താരം കരുൺ നായരുടെ വെളിപ്പെടുത്തൽ. വിദേശ ലീഗുകളിൽ കളിച്ചു കിട്ടുന്ന പണം കൊണ്ടു സുരക്ഷിതമായി ജീവിക്കാമെന്ന് ഈ താരം ഉപദേശിച്ചതായും കരുൺ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി വീണ്ടും കളിക്കാനുള്ള ഒരുക്കത്തിലാണ് കരുൺ നായർ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ താരത്തിന് അവസരം ലഭിച്ചേക്കും.
‘‘ഒരു പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം എന്നെ വിളിച്ചത് ഇപ്പോഴും ഓർമയുണ്ട്. ഞാൻ വിരമിക്കണമെന്നാണു പറഞ്ഞത്. ലീഗ് ക്രിക്കറ്റുകളിലെ പണം എന്നെ സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് വളരെ എളുപ്പമുള്ള കാര്യവുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്താൽ പിന്നീട് സ്വയം പഴിക്കേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു.’’– കരുൺ നായർ പ്രതികരിച്ചു. ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കുന്നത് പലപ്പോഴും സങ്കൽപിച്ചു നോക്കിയിട്ടുണ്ടെന്നും കരുൺ വ്യക്തമാക്കി.
‘‘കഴിഞ്ഞ വർഷം നടന്ന ഒരു ആഭ്യന്തര ക്രിക്കറ്റിനിടെ ദേശീയ ഗാനമുണ്ടായിരുന്നു. ഞങ്ങളെല്ലാം നിരയായി നിൽക്കുകയാണ്. ഇന്ത്യൻ ടീമില്‍ കളിക്കുന്നത് ഒരിക്കൽ കൂടി സംഭവിക്കണമെന്ന് അന്ന് എനിക്കു തോന്നി. ഇന്ത്യയുടെ വെള്ള ജഴ്സിയിൽ ഞാൻ എന്നെ സങ്കല്‍പിക്കും. ഇന്ത്യൻ ടീമിലേക്കു തിരിച്ചുവരണം, ശരീരവും മനസ്സും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണത്. അതിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.’’– കരുൺ നായർ പറഞ്ഞു. വെള്ളിയാഴ്ച ഹെഡിങ്‍ലിയിലാണ് ഇന്ത്യ– ഇംഗ്ലണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.
English Summary:








English (US) ·