04 August 2025, 09:42 AM IST

ക്രിസ് വോക്ക്സ് | AFP
കെന്നിങ്ടണ്‍: നിർണായകമായ ഓവൽ ടെസ്റ്റ് കാത്തുവെച്ചിരിക്കുന്നത് എന്തായിരിക്കും? പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കുമോ അതോ ജയം പിടിച്ചെടുത്ത് ഇന്ത്യ ഒപ്പമെത്തുമോ? ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മഴ കാരണം നാലാം ദിവസത്തെ കളിയവസാനിപ്പിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ്. ജയത്തിലേക്ക് അവര്‍ക്കിനി 35 റണ്‍സ് കൂടി വേണം. നാലുവിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് ജയിക്കാം.
എന്നാൽ തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റിങ്ങിനിറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വോക്ക്സ് കളിച്ചില്ലെങ്കിൽ ഇന്ത്യക്ക് മൂന്നുവിക്കറ്റ് വീഴ്ത്തിയാൽ തന്നെ കളി ജയിക്കാം. ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ദിനം ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് ക്രിസ് വോക്‌സിന് പരിക്കേൽക്കുന്നത്. പിന്നീട് ടെസ്റ്റിൽ വോക്ക്സിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. വോക്ക്സ് കളിക്കുമോ എന്നതിനെ സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട്.
നിങ്ങൾ ഒരുപക്ഷേ അവനെ ഡ്രസ്സിംഗ് റൂമിൽ കണ്ടിരിക്കാം. മറ്റുള്ളവരെപ്പോലെ തന്നെയാണ് വോക്ക്സും. കളിക്കാർ എല്ലാം സമർപ്പിക്കേണ്ട ഒരു പരമ്പരയാണിത്. - റൂട്ട് പറഞ്ഞു.
താരം കടുത്ത വേദനയിലാണെന്നും റൂട്ട് കൂട്ടിച്ചേർത്തു. ഈ പരമ്പരയിലെ മറ്റ് കളിക്കാരെ നമ്മൾ കണ്ടില്ലേ. ഒടിഞ്ഞ പാദവുമായാണ് ഋഷഭ് പന്ത് ബാറ്റ് ചെയ്തത്. കാര്യങ്ങൾ അവിടംവരെ എത്തില്ലെന്ന് പ്രതീക്ഷിക്കാം. എന്നാൽ ആവശ്യമെങ്കിൽ വോക്ക്സ് ബാറ്റിങ്ങിന് ഇറങ്ങാൻ തയ്യാറാണെന്നും റൂട്ട് പറഞ്ഞു.
നിലവിൽ ജാമി സ്മിത്തും (2*) ജാമി ഓവര്‍ട്ടണുമാണ് (0*) ക്രീസില്‍. ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികളും ഇരുവരുടെയും കൂട്ടുകെട്ടുമാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയായിരുന്നു.
Content Highlights: chris woakes wounded oval trial basal response








English (US) ·