
ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്
സംഗീതസംവിധായകന്‍ ഔസേപ്പച്ചന് 70-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. ഔസേപ്പച്ചനുമായുള്ള ദീര്‍ഘകാലത്തെ ബന്ധം ഓര്‍ത്തെടുത്തായിരുന്നു കുറിപ്പ്. യേശുക്രിസ്തുവുമായുള്ള മുഖസാദൃശ്യമാണ് ഔസേപ്പച്ചനിലേക്ക് തന്നെ അടുപ്പിച്ചതെന്ന് ഷിബു ചക്രവര്‍ത്തി കുറിച്ചു.
'ഔസേപ്പിനിന്ന് ബെര്‍ത്ത് ഡേ', എന്നാണ് ഷിബു ചക്രവര്‍ത്തിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 'എണ്‍പത്തിയഞ്ചിലാവണം ഔസേപ്പിനെ ഞാന്‍ ആദ്യം കാണുന്നത്. മദ്രാസ് റെക്കാര്‍ഡിങ് തീയേറ്ററുകളില്‍ റെക്‌സ് മാഷ് ഉള്‍പ്പടെ പലരേയും അറിയാമായിരുന്നെങ്കിലും യേശുക്രിസ്തുവുമായുള്ള ഇയാളുടെ മുഖസാദൃശ്യമാണ് അയാളിലേയ്ക്ക് എന്നെ അടുപ്പിച്ചത്', ഷിബു ചക്രവര്‍ത്തി ഓര്‍ത്തെടുത്തു.
'അത് ഒരു ചില്ലറ അടുപ്പമൊന്നുമായിരുന്നില്ല. മദ്രാസിലെ എന്റെ ഇടത്താവളമായി പിന്നെ ഔസേപ്പിന്റെ വീട്, വീട്ടുകാരി മറിയ എന്റെ അന്നദാതാവും. അതിനിടയില്‍ ഏറെ സ്വാഭാവികവും അതിലേറെ ലാഘവത്തോടെയും ഞങ്ങള്‍ കുറെ പാട്ടുകളും ഉണ്ടാക്കി. ഞങ്ങള്‍ സ്വയം രസിച്ചുചെയ്ത വര്‍ക്കുകള്‍. ആ രസം തന്നെയായിരുന്നു ആ പാട്ടുകളുടെ മാനദണ്ഡവും', അദ്ദേഹം കുറിച്ചു.
'ആരെഴുതിയാലും അയാള്‍ ചെയ്തിരുന്ന അന്നത്തെ പാട്ടുകളിലെല്ലാം ചുമ്മാ ഞാന്‍ തലയിട്ടു, മറ്റാര് ഈണമിട്ടാലും അവരറിയാതെ എന്റെ പാട്ടുകള്‍ ഞാന്‍ ഔസേപ്പിനേയും കേള്‍പ്പിച്ചു. ഒരു മനസ്സോടെ ഒന്നിച്ചിരുന്നുണ്ടാക്കിയ പാട്ടുകളായത് കൊണ്ടാവാം അവ ഇന്നും നിലനില്‍ക്കുന്നത്. ഇന്നില്ലാത്തതും ആ ഒന്നിച്ചിരിപ്പാണ്', ഷിബു ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.
'ബെര്‍ത്ത് ഡേ ആശംസിക്കാന്‍ വന്ന ഞാന്‍ മറ്റെന്തിലേയ്‌ക്കോ പോയി. മറ്റ് എന്തോ അല്ലല്ലോ, മ്യൂസിക്കല്ലേ; അതില്ലാതെ നമ്മളില്ലല്ലോ. താന്‍ ഉണ്ടാക്കാറുള്ള ഹൃദയസ്പര്‍ശിയായ ഈണം പോലെ ഈ സൗഹൃദവും എന്നും നിലനില്ക്കട്ടെ', ഔസേപ്പച്ചന് ആശംസ നേര്‍ന്നു.
Content Highlights: Shibu Chakravarthy wishes euphony manager Ouseppachan connected his 70th birthday
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·