ക്രിസ്റ്റ്യാനോ അല്‍ നസര്‍ വിടുകയാണോ? സൂചന നല്‍കി താരം, ചെന്നെത്തുക മെസിയുടെ MLS തട്ടകത്തിലോ?

7 months ago 8

27 May 2025, 10:47 AM IST

cristiano ronaldo

Photo | AFP

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍ വിടുമെന്ന് സൂചന. സൗദി പ്രോ ലീഗ് സീസണ്‍ അവസാന ഘട്ടത്തിലെത്തിയതിനു പിന്നാലെ 'അധ്യായം അവസാനിച്ചു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പോസ്റ്റുചെയ്തു. 2022-ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് അല്‍ നസറിലെത്തിയ താരത്തിന്റെ കരാര്‍ കാലാവധി ഈ ജൂണ്‍ 30-ന് അവസാനിക്കാനിരിക്കെയാണിത്. അതേസമയം അല്‍ നസര്‍ വിടുമെന്ന് ക്രിസ്റ്റ്യാനോയോ ക്ലബ്ബോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

'ഈ അധ്യായം അവസാനിച്ചു. കഥയോ? അതിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി'- അല്‍ നസറിന്റെ ജഴ്‌സിയണിഞ്ഞ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ക്രിസ്റ്റ്യാനോ കുറിച്ചു. ജൂണ്‍ ഒന്നുമുതല്‍ പത്തുവരെ പ്രത്യേക ട്രാന്‍സ്ഫര്‍ വിന്‍ഡോ നടക്കുന്നുണ്ട്. ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ക്ലബ്ബുകള്‍ക്ക് കളിക്കാരെ സ്വന്തമാക്കാനുള്ള അവസരമാണിത്. ക്ലബ്ബ് ലോകകപ്പ് ആരംഭിക്കുന്നതിനു മുന്നെയായി നാല്‍പ്പതുകാരനായ താരം ചില ക്ലബ്ബുകളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും വിവരങ്ങളുണ്ട്.

സെമി ഫൈനലില്‍ ജപ്പാന്റെ കവാസാക്കി ഫ്രണ്ടേലിനോട് പരാജയപ്പെട്ടതോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് പങ്കെടുക്കാന്‍ അല്‍ നസറിന് സാധിച്ചിരുന്നില്ല. സൗദി പ്രോ ലീഗില്‍ അല്‍ ഇത്തിഹാദിനും അല്‍ ഹിലാലിനും പിന്നാലെ മൂന്നാംസ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്. ക്രിസ്റ്റിയാനോ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിന് ഒരു സീസണില്‍ ഒരു ട്രോഫി പോലും നേടാനായില്ല. അതേസമയം ലീഗിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം റൊണാള്‍ഡോയാണ്. കഴിഞ്ഞവര്‍ഷംതന്നെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

അല്‍ നസറിലെ മൂന്നുവര്‍ഷം 111 മത്സരങ്ങളില്‍നിന്നായി 99 ഗോളുകളോടെ ക്രിസ്റ്റിയാനോ അവിസ്മരണീയമാക്കി. ഇതോടെ ക്രിസ്റ്റിയാനോയുടെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 936 ആയി. ഈ സീസണില്‍ മാത്രം ക്രിസ്റ്റിയാനോ 25 ഗോളുകള്‍ നേടി. ഇത് രണ്ടാംതവണയാണ് താരം സൗദി പ്രോ ലീഗില്‍ ടോപ് സ്‌കോററാവുന്നത്. താരം നോര്‍ത്ത് അമേരിക്കന്‍ ലീഗായ എംഎല്‍എസിലെത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ മെസിയുടെ പ്രധാന എതിരാളിയാവും. അതേസമയം സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലിലേക്ക് കൂടുമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Cristiano Ronaldo Hints astatine Al Nassr Departure

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article