Published: November 15, 2025 08:06 AM IST
1 minute Read
-
അയർലൻഡിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ്
ജനീവ ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ അയർലൻഡ് ഡിഫൻഡർ ഡാറാ ഒഷിയയെ കൈമുട്ടുകൊണ്ട് ഇടിച്ച പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു കിട്ടിയ ചുവപ്പുകാർഡിന്റെ തീവ്രത അറിയാൻ 3 ആഴ്ച കാത്തിരിക്കണം! ഡബ്ലിനിൽ നടന്ന മത്സരത്തിന്റെ 61–ാം മിനിറ്റിലായിരുന്നു ഫൗൾ. ആദ്യം മഞ്ഞക്കാർഡാണ് വിധിച്ചതെങ്കിലും വാർ പരിശോധനയിൽ ഇതു ചുവപ്പായി. സീനിയർ കരിയറിലെ 226 രാജ്യാന്തര മത്സരങ്ങൾക്കിടെ നാൽപതുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു കിട്ടുന്ന ആദ്യത്തെ ചുവപ്പുകാർഡാണിത്.
നിലവിലെ മത്സരത്തിൽനിന്നു പുറത്താക്കപ്പെട്ടതിനു പുറമേ ഒരു മത്സരത്തിൽക്കൂടിയാണ് സാധാരണനിലയിൽ വിലക്കു വരിക. എന്നാൽ, ഫൗളിന്റെ തീവ്രത അനുസരിച്ച് അതിലേറെ മത്സരങ്ങളിൽ വിലക്കു വന്നേക്കാം. ഇങ്ങനെ സംഭവിച്ചാൽ, പോർച്ചുഗൽ ലോകകപ്പിനു യോഗ്യത നേടുകയാണെങ്കിൽ ക്രിസ്റ്റ്യാനോയ്ക്ക് ആദ്യമത്സരം നഷ്ടമാകാനിടയുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ അച്ചടക്കനടപടികളുടെ ആകെ പട്ടിക ഡിസംബർ 5ന് ലോകകപ്പ് നറുക്കെടുപ്പിനു ശേഷമേ ഫിഫ പ്രസിദ്ധീകരിക്കൂ എന്നാണ് വിവരം.
ക്രിസ്റ്റ്യാനോയ്ക്ക് എത്ര കളികളിൽ വിലക്കുണ്ടാകുമെന്നതും അപ്പോഴേ അറിയാൻ സാധിക്കൂ. അതിനിടെ, ക്രിസ്റ്റ്യാനോയുടെ ഫൗൾ ഗൗരവമുള്ളതല്ലെന്ന വാദവുമായി പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസ് രംഗത്തെത്തി. 23 വർഷമായി രാജ്യാന്തര ഫുട്ബോൾ കളിക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് മുൻപൊരിക്കൽ പോലും റെഡ്കാർഡ് കിട്ടിയിട്ടില്ല എന്നതും പരിഗണിക്കണമെന്നു മാർട്ടിനസ് അഭിപ്രായപ്പെട്ടു.
റൊണാൾഡോ –1, മെസ്സി –2
ഫെബ്രുവരിയിൽ 41 വയസ്സു തികയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ആറാമത്തെ ലോകകപ്പിനാണ് ഒരുങ്ങുന്നത്. രാജ്യാന്തര കരിയറിലെ ആദ്യ റെഡ്കാർഡാണ് ക്രിസ്റ്റ്യാനോയ്ക്കു കിട്ടിയതെങ്കിൽ അർജന്റീന താരം ലയണൽ മെസ്സി ഇതിനകം 2 രാജ്യാന്തര മത്സരങ്ങളിൽ റെഡ് കാർഡ് കണ്ടിട്ടുണ്ട്. 2005ൽ അരങ്ങേറ്റ മത്സരത്തിലായിരുന്നു ആദ്യത്തേത്. 2019 കോപ്പ അമേരിക്ക 3–ാം സ്ഥാനപ്പോരാട്ടത്തിൽ ചിലെയ്ക്കെതിരായ മത്സരത്തിലും മെസ്സിക്കു ചുവപ്പുകാർഡ് കിട്ടി.
ക്രിസ്റ്റ്യാനോയ്ക്കു കരിയറിൽ ഇതുവരെ കിട്ടിയത് 14 റെഡ് കാർഡുകൾ. 2002ൽ യൂറോപ്യൻ അണ്ടർ 17 ചാംപ്യൻഷിപ്പിൽ വച്ചാണ് ആദ്യത്തേത്. ക്ലബ് കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് (4), റയൽ മഡ്രിഡ് (6), യുവന്റസ് (1), അൽ നസ്‌ർ (1) എന്നിവയിൽനിന്നായി 12 തവണയും കഴിഞ്ഞ ദിവസം സീനിയർ ടീമിനൊപ്പം ആദ്യ റെഡ് കാർഡും.
English Summary:








English (US) ·