ക്രിസ്റ്റ്യാനോ ജൂനിയറിന് അരങ്ങേറ്റം, പിന്നാലെ വമ്പൻ ക്ലബ്ബുകൾ; അച്ഛനെപ്പോലെ മകനും

8 months ago 10

മനോരമ ലേഖകൻ

Published: May 16 , 2025 01:53 AM IST

1 minute Read

ക്രിസ്റ്റ്യാനോ ജൂനിയറിനെ അഭിനന്ദിക്കുന്ന 
മുത്തശ്ശി മരിയ.
ക്രിസ്റ്റ്യാനോ ജൂനിയറിനെ അഭിനന്ദിക്കുന്ന മുത്തശ്ശി മരിയ.

സാഗ്രെബ് ∙ ലോകത്തിലെ വമ്പൻ ഫുട്ബോൾ ക്ലബ്ബുകൾ കഴിഞ്ഞ ദിവസങ്ങളിൽ ക്രൊയേഷ്യയിലേക്കു തങ്ങളുടെ സ്കൗട്ടുകളെ അയച്ചതായാണ് റിപ്പോർട്ടുകൾ! ക്രൊയേഷ്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന വ്ലാട്കോ മർകോവിച്ച് അണ്ടർ 15 ടൂർണമെന്റിൽ പങ്കെടുക്കുന്ന പോർച്ചുഗൽ ടീമിലെ ഒരാളുടെ കളി കാണാനായിരുന്നത്രേ അത്.

സൗദി ക്ലബ് അൽ നസ്റിന്റെ നഴ്സറിയിൽ പരിശീലിക്കുന്ന, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ രാജ്യാന്തര അരങ്ങേറ്റത്തിനാണ് അവർ സാക്ഷികളായത്.‍ ജപ്പാനെ പോർച്ചുഗൽ 4–1നു തോൽപിച്ച മത്സരത്തിന്റെ 54–ാം മിനിറ്റിൽ പകരക്കാരനായാണ് ലെഫ്റ്റ് വിങ്ങർ ക്രിസ്റ്റ്യാനോ ജൂനിയർ കളത്തിലിറങ്ങിയത്. ഗോളൊന്നും അടിച്ചില്ലെങ്കിലും പതിനാലുകാരൻ ജൂനിയറിന്റെ കളി കാണാൻ ഗാലറിയിലും ആളേറെയുണ്ടായിരുന്നു. മുത്തശ്ശി മരിയ ഡോളോറസിന് ഒപ്പമാണ് ജൂനിയർ ക്രൊയേഷ്യയിലെത്തിയത്.

ജൂനിയറിന്റെ കളി കാണാൻ ക്രിസ്റ്റ്യാനോ സീനിയറിന്റെ മുൻ ക്ലബ്ബായ മാഞ്ചസറ്റർ യുണൈറ്റഡ് അടക്കം പതിനഞ്ചിലധികം ടീമുകൾ പ്രതിനിധികളെ അയച്ചതായാണ് റിപ്പോർട്ടുകൾ. അച്ഛന്റെ ജഴ്സി നമ്പരായ 7 തന്നെയാണു ജൂനിയറിനും ലഭിച്ചത്. മോശമല്ലാത്ത പ്രകടനം നടത്തിയ ജൂനിയറിനെ നോട്ടമിട്ടു ടോട്ടനം ഹോട്സ്പർ, ബയൺ മ്യൂണിക്, ബൊറൂസിയ ഡോർട്മുണ്ട്, ഇന്റർ മിലാൻ, തുടങ്ങിയ വമ്പൻ ക്ലബ്ബുകളുമുണ്ടെന്നാണ് വിവരം. ടൂർണമെന്റിൽ ഇന്ന് ഇംഗ്ലണ്ടിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 5 മക്കളിൽ മൂത്തയാളാണ് ക്രിസ്റ്റ്യാനോ ജൂനിയർ. 

English Summary:

Like Father, Like Son: Cristiano Ronaldo Jr. Makes Impressive International Debut

Read Entire Article