16 August 2025, 10:32 AM IST

Photo: AFP
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മലേഷ്യയിലെ ക്വലാലംപുരില്‍ നടന്ന എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തിലാണ്. പോര്‍ച്ചുഗലിന്റെ സൗദി ക്ലബ്ബ് അല്‍ നസ്ര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക് കളിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഗ്രൂപ്പ് നറുക്കെടുപ്പില്‍ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസ്‌റും എഫ്സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. അതിനാല്‍ തന്നെ എഫ്സി ഗോവയ്ക്കെതിരേ ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തേണ്ടതാണ്. എന്നാല്‍ ഈ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ താരം ഇന്ത്യയിലേക്ക് എത്തിയേക്കില്ലെന്നാണ് ഒരു വിഭാഗം ഫുട്‌ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ക്ലബ്ബിന്റെ എവേ മത്സരങ്ങളുടെ കാര്യത്തില്‍ അല്‍ നസ്‌റും താരവുമായുള്ള കാരാറിലെ ഒരു വ്യവസ്ഥയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്ലബ്ബുമായുള്ള കരാറില്‍ ടൂര്‍ണമെന്റിലെ എവേ മത്സരങ്ങളില്‍ താരത്തിന് സമ്മതമാണെങ്കില്‍ മാത്രം കളിച്ചാല്‍ മതിയെന്ന വ്യവസ്ഥയുള്ളതായാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിലെ എവേ മത്സരങ്ങള്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് വേണമെങ്കില്‍ ഒഴിവാക്കാമെന്നാണ് ഈ വ്യവസ്ഥയില്‍ പറയുന്നത്. എന്നിരുന്നാലും, അല്‍-അവ്വാല്‍ പാര്‍ക്കില്‍ എഫ്‌സി ഗോവയെ നേരിടാന്‍ റൊണാള്‍ഡോ അല്‍ നസ്‌റിനൊപ്പമുണ്ടാകും. എങ്കിലും എവേ മത്സരങ്ങളില്‍ റൊണാള്‍ഡോ കളിക്കുമെന്ന വ്യവസ്ഥ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. റൊണാള്‍ഡോയ്ക്ക് ഇന്ത്യയില്‍ കളിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ കളിക്കാനും സാധിക്കും.
കഴിഞ്ഞ വര്‍ഷം എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോ ഒരു എവേ മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ജാവോ ഫെലിക്‌സ്, സാദിയോ മാനെ, ഇനിഗോ മാര്‍ട്ടിനെസ് എന്നിവര്‍ എഫ്‌സി ഗോവയ്‌ക്കെതിരേ കളിക്കാന്‍ ഇന്ത്യയിലെത്തും.
Content Highlights: Cristiano Ronaldo`s imaginable India sojourn for AFC Champions League with Al Nassr is uncertain








English (US) ·