27 June 2025, 09:43 AM IST
.jpg?%24p=9815a1a&f=16x10&w=852&q=0.8)
Photo: Getty Images
ലണ്ടൻ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ രണ്ടുവർഷംകൂടി സൗദി അറേബ്യൻ ക്ലബ് അൽ നസ്‌റിൽ തുടരും. ‘പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം, നമുക്കൊരുമിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാം’. കരാർ ഒപ്പുവെച്ചശേഷം ക്രിസ്റ്റ്യാനോ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
അഞ്ചുവട്ടം ബലൻദ്യോർ പുരസ്കാരജേതാവായ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ യുണൈറ്റഡിൽനിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്. ലോകത്തെ ഞെട്ടിച്ച പ്രതിഫലത്തിലായിരുന്നു താരത്തിന്റെ ചുവടുമാറ്റം. 1500 കോടി രൂപയിലേറെയായിരുന്നു കരാർത്തുകയെന്നാണ് സൂചന. ക്രിസ്റ്റ്യാനോയുടെ ചുവടുപിടിച്ച് നെയ്മർ, കരീം ബെൻസമ തുടങ്ങിയ ലോകത്തെ മുൻനിര താരങ്ങളും സൗദി പ്രോ ലീഗിൽ കളിക്കാനെത്തി.
ക്രിസ്റ്റ്യാനോ സൗദിയിൽ തുടരുമോ എന്നകാര്യത്തിൽ സംശയമുണ്ടായിരുന്നു. കഴിഞ്ഞമാസം ക്ലബ് വിടുകയാണെന്ന സൂചനയാണ് താരം നൽകിയിരുന്നത്. എന്നാൽ, കരാർ പുതുക്കിയതിലൂടെ എല്ലാ സംശയങ്ങളും അസ്ഥാനത്തായി. അൽ നസ്‌റിനായി 77 കളികളിൽ 74 ഗോളുകൾ നേടിയിട്ടുണ്ട്.
അഞ്ചുവട്ടം ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ മുൻ റയൽ മഡ്രിഡ് താരം ഇത്തവണ പോർച്ചുഗലിന് യൂറോപ്യൻ നേഷൻസ് കപ്പ് നേടിക്കൊടുത്താണ് വീണ്ടും സൗദിയിലെത്തുന്നത്. അടുത്തലോകകപ്പിലും ക്രിസ്റ്റ്യാനൊ പോർച്ചുഗലിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Cristiano Ronaldo signs caller Al Nassr deal








English (US) ·