ക്രീസിനോട് വിടപറഞ്ഞ് പുജാര; പടിയിറങ്ങിയത് ടെസ്റ്റിലെ ഇന്ത്യയുടെ ബാറ്റിങ് നെടുന്തൂൺ

4 months ago 5

cheteshwar pujara

ചേതേശ്വർ പുജാര | ഫോട്ടോ - പിടിഐ

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍നിന്ന് വിരമിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് പുജാര അറിയിച്ചു. ക്രിക്കറ്റ് ജീവിതത്തിലുടനീളം നല്‍കിയ അവസരങ്ങള്‍ക്കും പിന്തുണയ്ക്കും ബിസിസിഐക്കും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും നന്ദി. വര്‍ഷങ്ങളായി പ്രതിനിധാനം ചെയ്ത എല്ലാ ടീമുകള്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും കൗണ്ടികള്‍ക്കും നന്ദിയര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തു.

'രാജ്‌കോട്ടെന്ന ചെറിയ നഗരത്തില്‍നിന്നുള്ള കൊച്ചുകുട്ടിയായിരുന്ന ഞാന്‍, എന്റെ മാതാപിതാക്കളോടൊപ്പം വലിയ സ്വപ്‌നം കാണുകയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഈ കളി എനിക്ക് വിലമതിക്കാനാവാത്ത അവസരങ്ങളും അനുഭവങ്ങളും ജീവിതലക്ഷ്യവും സ്‌നേഹവും, എല്ലാറ്റിനുമുപരി എന്റെ സംസ്ഥാനത്തെയും മഹത്തായ ഈ രാജ്യത്തെയും പ്രതിനിധാനം ചെയ്യാന്‍ അവസരവും നല്‍കുമെന്ന് ഞാന്‍ ഒട്ടും കരുതിയതല്ല. ഇന്ത്യന്‍ ജെഴ്‌സിയണിഞ്ഞ്, ദേശീയഗാനമാലപിച്ച്, കളിക്കളത്തില്‍ ഇറങ്ങുമ്പോഴെല്ലാം എന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിച്ചത്- ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്തെന്ന് വാക്കുകളില്‍ വിവരിക്കാനാവുന്നില്ല. നല്ല കാര്യങ്ങള്‍ക്കെല്ലാം ഒരു അവസാനമുണ്ട്. അതിയായ നന്ദിയോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു' -പുജാര കുറിച്ചു.

ഉപദേശകരുടെയും പരിശീലകരുടെയും ആത്മീയഗുരുവിന്റെയും വിലയേറിയ മാര്‍ഗനിര്‍ദേശങ്ങളില്ലാതെ ഈ നിലയില്‍ എത്താനാവുമായിരുന്നില്ല. അവരോടെല്ലാം എപ്പോഴും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ടെസ്റ്റ് ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ചേതേശ്വര്‍ പുജാര. 103 ടെസ്റ്റിൽ നിന്ന് 19 സെഞ്ചുറികള്‍ ഉള്‍പ്പെടെ 43.60 ശരാശരിയില്‍ 7,195 റണ്‍സ് നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എട്ടാമത്തെ ഏറ്റവും ഉയര്‍ന്ന റണ്‍സ് സ്‌കോററായാണ് വിരമിക്കുന്നത്. മൂന്നാം നമ്പറിലായിരുന്നു പുജാര ഇറങ്ങിയിരുന്നത്. 2023-ല്‍ ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് പുജാര ഇന്ത്യക്കായി അവസാനമായി കളിച്ചത്. സമീപകാലത്ത് അന്താരാഷ്ട്ര മത്സരങ്ങൡ അദ്ദേഹം ക്രിക്കറ്റ് പണ്ഡിറ്റിന്റെ റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

2018-19ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ചരിത്രപരമായ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിലെ അദ്ദേഹത്തിന്റെ പങ്ക് എക്കാലവും ഓര്‍മിക്കപ്പെടും. പരമ്പരയില്‍ 1258 പന്തുകള്‍ നേരിട്ട് 521 റണ്‍സ് നേടി. മൂന്ന് സെഞ്ചുറികളും പരമ്പരയില്‍ അദ്ദേഹം സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യ തുടര്‍ച്ചയായി നേടിയ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി വിജയങ്ങളില്‍ പുജാരയുടെ പങ്ക് വലുതായിരുന്നു.

അഞ്ച് ഏകദിനങ്ങളിൽ മാത്രമാണ് പുജാര കളിച്ചത്. 51 റൺസാണ് സമ്പാദ്യം.

Content Highlights: Indian Test Stalwart Cheteshwar Pujara Announces Retirement from Cricket

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article