'ക്രൈം ജോണർ ശരിക്കും വെല്ലുവിളിയായിരുന്നു, ഹൃദയത്തിന് ശേഷം ഇത്രയും നല്ല അഭിപ്രായം വരുന്നത് ഇപ്പോൾ'

6 months ago 8

Hesham Abdul Wahab Kerala Crime Files Season 2

ഹിഷാം അബ്ദുൾ വഹാബ്, പ്രതീകാത്മക ചിത്രം | Photo: Mathrubhumi, Facebook/ JioHotstar Malayalam

ജിയോഹോട്സ്റ്റാറിൽ റിലീസ് ചെയ്ത കേരള ക്രൈം ഫയൽ രണ്ടാം സീസണിന് ഗംഭീരമായ പ്രതികരണമാണു ലഭിക്കുന്നത്. ആദ്യസീസണിനൊപ്പമോ ഒരുപടി മുകളിലോ ആണ് ഇതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അഹമ്മദ് കബീർ സംവിധാനംചെയ്ത സീരീസിന്റെ തിരക്കഥ ബാഹുൽ രമേഷിന്റേതാണ്. സീരീസ് ഹിറ്റായതിനുപിന്നിൽ മ്യൂസിക്കിനും വലിയ പ്രാധാന്യമുണ്ട്. ഹൃദയം സിനിമയിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ ഹിഷാം അബ്ദുൾ വഹാബാണ് കേരള ക്രൈം ഫയലിന്‌ രണ്ടുസീസണിലും ട്രാക്കൊരുക്കിയത്. സീരീസിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു.

കേരള ക്രൈം ഫയലിന് മ്യൂസിക്കൊരുക്കുന്നത് എത്രത്തോളം വെല്ലുവിളിയായിരുന്നു?
റൊമാന്റിക്കും മെലഡി ട്രാക്കുകളും ചെയ്തുശീലിച്ച എനിക്ക് ക്രൈം ജോണർ ശരിക്കും വെല്ലുവിളിയായിരുന്നു. സീസൺ ഒന്നിൽനിന്നു വ്യത്യസ്തമായ കഥയും പശ്ചാത്തലവുമാണ് സീസൺ രണ്ടിലേത്. ഓരോ എപ്പിസോഡിലും പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കണം. കഥാപാത്രങ്ങളുടെ ഇമോഷണൽ ഫീലിങ് കൊണ്ടുവരണം. ഇതെല്ലാമായിരുന്നു വെല്ലുവിളി. ഇന്റർനാഷണൽ ലെവലിൽ വരുന്നരീതിയിൽ ചെയ്യണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ, മലയാളികൾക്ക് ആസ്വദിക്കാനും പറ്റണം. ആ രീതിയിലാണ് ഇതിന്റെ സ്‌കോറിങ് ചെയ്തത്.

പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ?
വൈകാരികതയ്ക്ക് ഏറെ പ്രാധാന്യമുള്ള, പല അടരുകളിലായി കടന്നുപോകുന്ന കഥയാണ് സീരീസിലേത്. സ്‌കോറിങ് വല്ലാതെ ഹൈ ആകേണ്ടതില്ലെന്ന് സംവിധായകൻ സൂചിപ്പിച്ചിരുന്നു. സ്‌ക്രിപ്റ്റും അത്തരത്തിലുള്ളതായിരുന്നു. നായകനായ അർജുൻ രാധാകൃഷ്ണന്റെ റോളിനെ അണ്ടർലൈൻ ചെയ്യുന്നതരത്തിലുള്ള തീം കൊണ്ടുവരാൻ ശ്രമിച്ചു. അതിനനുസരിച്ചുള്ള സംഗീതമാണ് ഒരുക്കിയത്. ഏതാണ്ട് ഒൻപതുമാസത്തോളം ഇതിന്റെ പുറകെയായിരുന്നു.

മ്യൂസിക് നല്ലരീതിയിൽ സ്വീകരിക്കപ്പെട്ടല്ലോ
ഗംഭീരമായ ഫീഡ്ബാക്കാണ് സ്‌കോറിനെക്കുറിച്ച് ലഭിക്കുന്നത്. ഹൃദയത്തിലെ പാട്ടുകൾക്കുശേഷം ഇത്രയുംനല്ല അഭിപ്രായം വരുന്നത് ഇപ്പോഴാണ്. കേരള ക്രൈം ഫയലിന്റെ ആദ്യസീസൺ നന്നായി സ്വീകരിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പുതിയ സീസണിനെക്കുറിച്ചുള്ള പ്രതീക്ഷയും കൂടുതലായിരിക്കും. അതിനനുസരിച്ച് മ്യൂസിക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സംവിധായകൻ അഹമ്മദ് കബീർ ഉൾപ്പെടെയുള്ളവരുടെ സഹായം ഇതിനുപിന്നിലുണ്ട്.

ഹൃദയത്തിലെ പാട്ടുകളെക്കുറിച്ചുള്ള ഓർമ്മകൾ
ഹൃദയം സിനിമയും അതിലെ പാട്ടുകളും എന്റെ മ്യൂസിക് കരിയറിൽ നിർണായകമായിരുന്നു. വിനീത് ശ്രീനിവാസനൊപ്പം മുൻപ് പലവർക്കിലും ഞാൻ പ്രവർത്തിച്ചിരുന്നു. കദംബഡ്ഹാ എന്ന എന്റെ സൂഫി ആൽബം പുറത്തിറക്കിയപ്പോൾ അദ്ദേഹം അത് കേൾക്കുകയും നല്ല അഭിപ്രായം പറയുകയും ചെയ്തു. ഒപ്പം വർക്കുചെയ്യാനുള്ള ആഗ്രഹം ഞാൻതന്നെയാണ് വിനീതേട്ടനോട് സൂചിപ്പിച്ചത്. പതിനഞ്ച് പാട്ടുകളായിരുന്നു ഹൃദയം സിനിമയിൽ. പല റേഞ്ചിലുള്ള, പല മൂഡുള്ള പാട്ടുകൾ. വെസ്റ്റേണും ജാസും സൂഫിസംഗീതവും നിറഞ്ഞവ. ദർശനയും ഒണക്കമുന്തിരിയും നഗുമോയും പൊട്ടുതൊട്ട പൗർണമിയുമെല്ലാം ഇപ്പോഴും ആളുകൾ പാടിനടക്കുന്നുവെന്നറിയുമ്പോൾ സന്തോഷം.

തമിഴിലെയും തെലുഗുവിലെയും ­പാട്ടനുഭവങ്ങൾ
അന്യഭാഷകളിൽ ആദ്യം മ്യൂസിക് ചെയ്തത്‌ ഖുശി എന്ന തെലുങ്ക് ചിത്രത്തിലാണ്. വിജയ് ദേവരക്കൊണ്ടയും സാമന്തയുമായിരുന്നു അഭിനേതാക്കൾ. അതിലെ നാ റോജാ നുവ്വേ എന്ന ഗാനം അഞ്ചുഭാഷകളിൽ റിലീസ് ചെയ്തു. റൊമാന്റിക് ചിത്രമായ ഹായ് നാനയിലെ പാട്ടുകളും ഹിറ്റായി. അർജുൻ ദാസ് നായകനായ വൺസ് മോർ ആണ് മ്യൂസിക് ചെയ്ത ആദ്യ തമിഴ് ചിത്രം. സൂരി നായകനായ മാമൻ സിനിമയിലെ ഗാനങ്ങളാണ് തമിഴിൽ ആദ്യം റിലീസായത്. സംഗീതത്തിന് അതിരുകളില്ലാത്തതിനാൽ ഭാഷ പ്രശ്നമായി തോന്നിയിട്ടില്ല. തെലുഗാണെങ്കിലും തമിഴാണെങ്കിലും വരികളുടെ അർഥം ചോരാതെ പാട്ടൊരുക്കുകയാണ് പ്രധാനം. അതിനുള്ള റിസർച്ച് ഓരോ പാട്ടിനുപുറകിലുമുണ്ട്. അതിനായി ആ ഭാഷകളിലെ പാട്ടുകൾ കേൾക്കും, അതിന്റെ കമ്പോസിങ്, വരികൾ എല്ലാം മനസ്സിലാക്കും. ശരിക്കും നന്നായി റിസർച്ച് ചെയ്തശേഷമാണ് ഓരോ പാട്ടും ചെയ്യാറുള്ളത്.

Content Highlights: Hesham Abdul Wahab, composer of Kerala Crime Files Season 2 interview

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article