2007 ല്‍ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്ലസ് ടുക്കാരന്‍. 2025 ആകുമ്പോഴേക്കും മലയാള സിനിമയും കടന്ന് തമിഴിലും തെലുങ്കിലും ഇപ്പോള്‍ കന്നഡയിലും സംഗീതസംവിധായകനായും ഗായകനായും തിരക്കിലാണ് ഹിഷാം അബ്ദുള്‍ വഹാബ് എന്ന സംഗീതപ്രതിഭ. ദര്‍ശന എന്ന ഗാനം കൊണ്ട് മാത്രം രാജ്യത്തിനുപുറത്തും ആരാധകരെ നേടിയ ഹിഷാം കേരള ക്രൈം ഫയല്‍സിലൂടെ വീണ്ടും ത്രില്ലടിപ്പിക്കുകയാണ്. ഈശ്വരന്റേയും ഗുരുക്കന്‍മാരുടേയും മാതാപിതാക്കളുടേയും അനുഗ്രഹവും അടുത്ത സുഹൃത്തുക്കളുടെ പിന്തുണയും ജീവിതപങ്കാളി ആയിഷത്ത് സഫയുടെ സ്‌നേഹവുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ആവര്‍ത്തിക്കുന്ന ഹിഷാം തന്റെ സംഗീതയാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്നു.
കേരള ക്രൈം ഫയല്‍സിൽ നിന്ന് തുടങ്ങാം. അതിന്റെ സ്കോർ ചെയ്യുമ്പോൾ വ്യത്യസ്തത വരുത്താനായി പ്രത്യേക തയ്യാറെടുപ്പുകള്‍ / പഠനങ്ങള്‍ നടത്തിയിരുന്നോ. സംവിധായകന്റെ ഭാഗത്തുനിന്ന് സജഷന്‍സ് ഉണ്ടായിരുന്നില്ലേ.
ക്രൈം ഫയല്‍സിന്റെ നറേഷന്‍ അഹമ്മദ് (സംവിധായകന്‍) ചെയ്ത സമയത്ത് തന്നെ ഞാനാകെ ആകാംക്ഷാഭരിതനായിരുന്നു. ആറ് എപ്പിസോഡുകളാണ് കേരള ക്രൈംഫയല്‍സ് 2 വിനുള്ളത്. നാലാമത്തേയോ അഞ്ചാമത്തേയോ എപ്പിസോഡാകുമ്പോഴേക്കും എനിക്കാകെ ഗൂസ് ബംപ്സ് ഒക്കെ വന്ന് വല്ലാത്തൊരു അന്തരീക്ഷത്തിലാണ് ഞാന്‍ കഥ കേട്ടത്. ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സ്‌റ്റോറിയാണ്. പോലീസ് ഓഫീസറിന് വേണ്ടിയുള്ള സെര്‍ച്ചില്‍ നിന്നാണ് കഥ തുടങ്ങുന്നത്. എല്ലാ ത്രില്ലര്‍ സിനിമയും പോലെത്തന്നെയാണ് ഇതിന്റേയും പ്രോസസ്. ഇതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രോസസില്‍ എന്റെ സംഗീതം എങ്ങനെ വ്യത്യസ്തമായി കൊടുക്കാന്‍ പറ്റും എന്നതായിരുന്നു മനസ്സില്‍. ഞാന്‍ ഉപയോഗിക്കുന്ന ടോണുകള്‍, പുതുമയോടെ സീനുകള്‍ക്ക് വേണ്ടി ഏതുവിധത്തില്‍ സംഗീതത്തെ ഉപയോഗപ്പെടുത്താം എന്നതിലായിരുന്നു എന്റെ ഗവേഷണം. ഞാനും അഹമ്മദും ഒപ്പമിരുന്നാണ് ഈണമിട്ടത്. അഹമ്മദിന് ഇഷ്ടമായ രീതിയില്‍ത്തന്നെയാണ് ഞാന്‍ സംഗീതം ചെയ്തത് എന്നാണ് എന്റെ വിശ്വാസം. ഇന്ത്യന്‍ മ്യൂസിക് ഒരുപാടൊന്നും ഉപയോഗപ്പെടുത്താന്‍ പറ്റിയിട്ടില്ല. വ്യത്യസ്തമായി ഉപയോഗിക്കാന്‍ പറ്റുന്ന, കൂടുതല്‍ സ്ട്രിങ്സ് ഇന്‍സ്ട്രുമെന്റ്‌സ്, കോറസ്, സോളോ വയലിൻ എന്നിങ്ങനെയൊക്ക ഈ വര്‍ക്കില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കൊല്ലമാണ് കേരള ക്രൈം ഫയൽസ് 2 ന്റെ വര്‍ക്ക് തുടങ്ങിയത്. ഏകദേശം ഒരു കൊല്ലത്തോളം ഇതിന്റെ പിന്നില്‍ ഞങ്ങളെല്ലാവരും, എല്ലാ വിഭാഗത്തിലുള്ളവരും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് സീസണുകള്‍ക്കും രണ്ട് സ്‌കോറുകളാണ് ചെയ്തിട്ടുള്ളത്. രണ്ട് സീസണിലും വ്യത്യസ്തമായ കഥകളാണ്. അതിനാല്‍ത്തന്നെ രണ്ടാമത്തെ സീസണിനു വേണ്ടി ഞങ്ങള്‍ പുതിയ സംഗീതം കൊണ്ടുവരികയായിരുന്നു. തീം മ്യൂസിക്കും വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നത്. സാഹചര്യങ്ങളും കഥാപാത്രങ്ങളും മാറിയതുകൊണ്ട് ഒരു റീവിസിറ്റോ റീ കോളോ വേണ്ടി വന്നിട്ടില്ല. പുതിയൊരു വര്‍ക്ക് ചെയ്യുന്ന എല്ലാ അധ്വാനവും ഇതില്‍ എടുത്തിട്ടുണ്ട്. രണ്ടാമത്തെ സീസണ്‍ ചെയ്യുമ്പോള്‍ ആവേശത്തേക്കാൾ ആകാംക്ഷയായിരുന്നു. കാരണം സീസണ്‍ 1 ചെയ്യുമ്പോള്‍ മലയാളത്തില്‍ അതിനു മുന്‍പ് ഒരു വെബ്‌സീരീസ് വന്നിട്ടുണ്ടായിരുന്നില്ല. പക്ഷേ, രണ്ടാമത്തെ സീസണ്‍ വരുമ്പോള്‍ ഇതര ഭാഷകളിലുള്‍പ്പെടെ ത്രില്ലര്‍ ജോണറിലുള്ള ഒരുപാട് സീരീസ് വരുന്നുണ്ട്. അത്തരം സീരീസ് കണ്ട് സാച്യുറേറ്റഡ് ആയ പ്രേക്ഷകരിലേക്കാണ് ഇതെത്തിക്കേണ്ടത് എന്നതുകൊണ്ട് കുറച്ചുകൂടി സൂക്ഷ്മതയോടെ വര്‍ക്ക് ചെയ്തുവെന്ന് മാത്രം.
സോള്‍ട്ട് മാംഗോ ട്രീ മുതൽ ഹൃദയം വരെയുള്ള കാലം, ആദ്യചിത്രത്തെ കുറിച്ച് / ഹൃദയത്തിന് മുൻപ് പത്തോളം സിനിമകൾക്കായി ഹിഷാം സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്തു. പക്ഷെ, ഹിഷാമിനെ മലയാള സിനിമാസംഗീതരംഗത്ത് രേഖപ്പെടുത്തിയത് ഹൃദയവും.
സോള്‍ട്ട് മാംഗോ ട്രീയുടെ സംവിധായകൻ രാജേഷേട്ടനെ (രാജേഷ് മോഹനൻ) സമീപിക്കുകയും എന്റെ കയ്യിലുണ്ടായിരുന്ന ഒന്നുരണ്ട് ഡെമോസ് കേൾപ്പിക്കുകയും ചെയ്തു. അതിലൊന്നായിരുന്നു കാറ്റുമ്മേലഞ്ചാറ് എന്ന ഗാനം. അതിനുശേഷം ഹിഷാം റെഡിയായിക്കോളൂ എന്ന് രാജേഷേട്ടൻ പറഞ്ഞു, ആ പാട്ടും സിനിമയിൽ ഉപയോഗിച്ചു. ഹിഷാമിന് ഒരു ബ്രേക്കാകട്ടെയെന്ന് അന്ന് രാജേഷേട്ടൻ പറഞ്ഞിരുന്നു.
ഹൃദയത്തിനു മുൻപ് പത്തോളം സിനിമ ചെയ്യാനുള്ള ഭാഗ്യം കിട്ടി. അതൊക്കെ ഹൃദയത്തിലേക്കുള്ള ചുവടുവെപ്പുകളാണെന്ന് വേണമെങ്കില്‍ പറയാം. ഓളക്കണ്ണ് എന്ന സിനിമയില്‍ രണ്ടുപാട്ടുകള്‍ റെക്കോഡ് ചെയ്യാനായുള്ള ചെന്നൈയിലേക്കുള്ള യാത്രയാണ് എന്റെ ജീവിതത്തിലെ മറക്കാനാകാത്ത യാത്ര. അവിടെവെച്ചാണ് ഞാന്‍ വിനീതേട്ടനെ (വിനീത് ശ്രീനിവാസന്‍) കാണുന്നതും അവസരം ചോദിക്കുന്നതും. അതിനുശേഷം വിനീതേട്ടന്‍ എന്നെ ഹൃദയത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. വിനീതേട്ടന് എന്നിലൊരു കോണ്‍ഫിഡന്‍സ് ഉണ്ടായത് എന്റെ ഭാഗ്യമാണ്. സ്‌കോറിങ്ങിന്റെ സമയത്തൊക്കെ എന്നെ ട്രെയിന്‍ ചെയ്യിച്ചിട്ടുണ്ട്, എന്നെ ശാസിച്ച നിമിഷങ്ങളുമുണ്ട്. അജുവേട്ടന്‍ (അജു വർഗീസ്) പറയുന്ന പോലെ വിനീത് സ്‌കൂള്‍ ഓഫ് സിനിമ-അതില്‍ നിന്നുതന്നെയാണ് ഞാനും ഇറങ്ങിയിട്ടുള്ളത്. അതിനുമുന്‍പ് പത്തോളം സിനിമ ചെയ്തുവെങ്കിലും വിജയം നേടുന്ന സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന ശ്രദ്ധ- അതൊരു വലിയ ഘടകമാണ്. ഇപ്പോള്‍ കേരള ഫയല്‍സ് സീസണ്‍ 2 ന്റെ കാര്യമെടുത്താല്‍ എനിക്കുറപ്പായിരുന്നു, സീസണ്‍ 1 ശ്രദ്ധ നേടിയതിനാല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന്. വളരെയേറെ പേര്‍ കാത്തിരിക്കുന്നതിനാല്‍ത്തന്നെ മ്യൂസിക്ക് കുറച്ചുകൂടി ശ്രദ്ധ വെച്ചിരുന്നു.
മലയാളത്തിൽ അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവുമധികം പാട്ടുകളുള്ള ചിത്രമായിരുന്നു ഹൃദയം. കൂടാതെ സിനിമാസംഗീത മേഖലയിലെ അതുല്യരായ കലാകാരൻമാർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരവുമുണ്ടായി. എത്തരത്തിലായിരുന്നു ആ അനുഭവം.
ഈ സിനിമയിലേക്ക് വരുന്ന സമയത്ത് 15 പാട്ടുകള്‍ ചെയ്യണമെന്ന് വിനീതേട്ടന്‍ നിര്‍ദേശിച്ചിരുന്നില്ല. ഹൃദയം ഒരു യാത്രയായിരുന്നു. ഓരോ പാട്ടും കംപോസ് ചെയ്ത് പോകുകയായിരുന്നു. സിനിമയുടെ ഷൂട്ടിങ് അവസാനിച്ച ശേഷം സെക്കന്‍ഡ് ഹാഫിലെ കുറച്ച് മ്യൂസിക് വര്‍ക്കുകള്‍ ചെയ്യുമ്പോഴാണ് ഇത്രയും പാട്ടുകളുണ്ടല്ലോ എന്ന തിരിച്ചറിവ് എനിക്കും വിനീതേട്ടനും വരുന്നത്. അങ്ങനെയാണ് പിന്നീട് നഗുമോയും ഒണക്ക മുന്തിരിയുമൊക്കെ വരുന്നത്. തീര്‍ച്ചയായും ഞാന്‍ ബ്ലെസ്ഡ് ആണ്. എനിക്ക് വിനീതേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. പ്രൊഡ്യൂസര്‍ വിശാഖ് സുബ്രഹ്‌മണ്യത്തിനോടും നന്ദിയുണ്ട്. അവരുടെ സപ്പോർട്ട് കൊണ്ടുമാത്രമാണ് എനിക്ക് ചിത്രച്ചേച്ചി, കൈതപ്രം തിരുമേനി, ശ്രീനിവാസ് സര്‍, ഒപ്പം പുതിയ തലമുറയിലെ പാട്ടുകാരോടുമൊപ്പം പ്രവര്‍ത്തിക്കാനായത്. പൃഥ്വിരാജ് സറിനോടൊപ്പം അതില്‍ പ്രവര്‍ത്തിക്കാന്‍ പറ്റി. വിനീതേട്ടന്റെ വൈഫ് അതില്‍ പാടി. ഇത്രയും സിംഗേഴ്‌സിനോടൊപ്പം പ്രവര്‍ത്തിക്കാനായതിന്റെയും സിനിമ വിജയച്ചതിന്റെയും സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഞാനൊരു ലേണിങ് മ്യുസിഷനാണ്. ഓരോ പടവും ഓരോ അനുഭവമാണ്. എന്റെ ഗുരുക്കന്‍മാരുടെ അനുഗ്രഹത്തോടെയാണ് മുന്നോട്ടുപോകുന്നത്.
സംഗീതസംവിധായകനെന്ന നിലയിലും ഗായകനെന്ന നിലയിലും ഹിഷാം സ്വന്തമായൊരിടം നേടിക്കഴിഞ്ഞു. സംഗീതത്തിലെ രണ്ട് മേഖലകളിൽ പ്രവർത്തിക്കുന്നതിൽ നിന്നുള്ള അനുഭവം എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്.
രണ്ടും ഞാൻ ആസ്വദിക്കുന്നു. പാടുമ്പോൾ ആ പാട്ട് കംപോസ് ചെയ്ത ആൾക്ക് വേണ്ടി എന്റെ സേവനം നൽകുന്നു എന്നേയുള്ളൂ. പാടിക്കഴിഞ്ഞാൽ എന്റെ ദൗത്യം അവസാനിക്കും. പക്ഷേ, കംപോസിങ് അങ്ങനെയല്ല. നമ്മൾ അതിന്റെ ഭാഗമാണ്. ഞാൻ വളരെ പാഷണേറ്റായി തന്നെ അത് ആസ്വദിച്ചു. നമുക്ക് കുറച്ച് ആഗ്രഹങ്ങളുണ്ടാകും. ഒരു ടോൺ ഉപയോഗിക്കാം, പ്രത്യേക രീതിയിൽ ചെയ്തുനോക്കാം, ഏതു സിംഗറെ കൊണ്ട് പാടിക്കാം എന്നൊക്കെ ചിന്തിക്കും. അതൊരു വലിയ പ്രോസസ്സാണ്. ഈ വലിയ പ്രോസസിലെ ഒരു ടാസ്ക് മാത്രമാണ് സിംഗിങ്. എന്നെ സംബന്ധിച്ച് പാടുന്നതും സംഗീതം നിർവഹിക്കുന്നതും ഒന്നിച്ചു കൊണ്ടുപോകാനാണ് ഇഷ്ടം. രണ്ടും സഹവർത്തിച്ചുപോകുന്നവയാണ്.
ഒരു സിനിമയിൽ അഞ്ച് പാട്ടുകളുണ്ടെന്ന് കരുതുക. ഒരു 20-25 ദിവസം അതിനുവേണ്ടി ശ്രമിച്ചുകഴിഞ്ഞാല്‍ സംവിധായകനുവേണ്ടി നമുക്കത് തീര്‍ത്തുകൊടുക്കാന്‍ പറ്റും. പക്ഷേ, സ്‌കോറിങ് അങ്ങനെയല്ല. ഒരു സിനിമ തുടങ്ങുന്ന നിമിഷം മുതൽ ആ സിനിമ തീയേറ്ററില്‍ എത്തുന്ന തുവരെ നമ്മള്‍ ആ സിനിമയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും. സ്‌കോറിങ് എന്നു പറയുന്നത് ഇവോള്‍വിങ് ആണ്. സ്‌കോറിങ്ങിന് ആ സിനിമയെ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്കുണ്ട്. പാട്ടുകള്‍ ഒരു മ്യൂസിക് ഡയറക്ടറും സ്‌കോറിങ് മറ്റൊരാളും ചെയ്യുന്ന രീതിയുമുണ്ട്. എന്നെ സംബന്ധിച്ചടത്തോളം ആ സിനിമയും ആ സ്‌കോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. രണ്ടും കൂടി കൊണ്ടുപോകാനാണ് എനിക്ക് ഇഷ്ടം. എന്റെ ആദ്യത്തെ സിനിമകളില്‍ മാത്രമാണ് പാട്ട് ഞാനും ബാക്ക്ഗ്രൗണ്ട് മ്യൂസിക് മറ്റൊരു സംഗീതസംവിധായകനും ചെയ്തത്. അങ്ങനെ തന്നെയാണ് അതിന്റെ മ്യൂസിക് വരേണ്ടതും. കാരണം സ്‌കോര്‍ ചെയ്യുന്ന സമയത്ത് നമ്മള്‍ കംപോസ് ചെയ്ത പാട്ടുകളുടെ കുറച്ച് എലമെന്റസ് ആ സ്‌കോറിലും വരണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഉദാഹരണത്തിന് ദര്‍ശന എന്ന സോങ്ങിലെ ഹമ്മിങ് ആദ്യമായി ദര്‍ശനയെ സിനിമയില്‍ കാണുന്ന സമയത്ത് ബാക്ക്ഗ്രൗണ്ടിൽ വരുന്നുണ്ട്.
സൂഫി സംഗീതത്തിൽ ഹിഷാം നടത്തിയ പഠനങ്ങൾ. സൂഫി സംഗീതത്തെ ഏതുവിധത്തിലാണ് ഹിഷാം ഉപയോഗപ്പെടുത്തുന്നത്.
സൂഫി സംഗീതം ഒരനുഭവമാണ്. കർണാട്ടിക് പോലെയോ ഹിന്ദുസ്ഥാനി പോലെയോ അല്ല. സൂഫിസത്തിൽ ചേർന്നിരിക്കുന്ന പല മോഡ്സ് ഓഫ് മ്യൂസിക് ആണ് സൂഫി മ്യൂസിക്. അതിൽ ഖവാലി, ഗസൽ എന്നിവയെല്ലാം ഉൾപ്പെടും. നമുക്ക് സൗഖ്യം പകരുന്ന, സമാധാനം നൽകുന്ന സംഗീതവും സൂഫി സംഗീതത്തിൽ ഉൾപ്പെടുത്താം. എന്റെ ആദ്യത്തെ സൂഫി ആൽബമായിരുന്നു ഖദം ബട്ഹ- മുന്നോട്ടു പോകുക. ആ ആൽബം പ്രൊഡ്യൂസ് ചെയ്തത് ബ്രിട്ടീഷ് സൂഫി മ്യുസീഷനായ സാമി യൂസഫ് ആയിരുന്നു. ഈ ആൽബം കേട്ടതാണ് ഹൃദയത്തിൽ എന്ന ക്ഷണിക്കാൻ പ്രേരകമായതെന്ന് വിനീതേട്ടൻ പറഞ്ഞിട്ടുണ്ട്.
ദർശന പാട്ടിനുവേണ്ടി ഏഴ് ദിവസം ഞങ്ങൾ തുർക്കിയിൽ പോയിരുന്നു. പേർഷ്യൻ ഇൻസ്ട്രുമെന്റ്സ് റെക്കോഡ് ചെയ്തിരുന്നു. പല പാട്ടുകളിലും അങ്ങിങ്ങായി ഔദ്, ബഗ് ലാമ, കാനൂൻ, സന്തൂർ, ഇങ്ങനെയുള്ള ഇൻസ്ട്രുമെന്റ്സ് ഉപയോഗിച്ചിട്ടുണ്ട്. ചിത്രച്ചേച്ചി പാടിയ മുകിലിന്റെ മറവുകളിൽ റ്റാർ (Tar) എന്ന ഇൻസ്ട്രുമെന്റ് ഉപയോഗിച്ചിട്ടുണ്ട്. പൊട്ടുതൊട്ട പൗർണമി എന്ന പാട്ടിന്റെ തുടക്കത്തിൽ സുർന (Zurna) എന്ന ഇൻസ്ട്രുമെന്റ് യൂസ് ചെയ്തിട്ടുണ്ട്. ഇതൊക്കെ സൂഫി സംഗീതത്തിന്റെ ഉള്ളിൽ വരുന്ന സംഗീതോപകരണങ്ങളാണ്. ഇവ ഉപയോഗിച്ചാൽ പുതുമയുണ്ടാകും എന്ന പ്രതീക്ഷയോടെയാണ് അത് ചെയ്യുന്നത്. എന്റെ കഷ്ടപ്പാടുകൾ വിനീതേട്ടൻ കണ്ടിട്ടുണ്ട്. ഞാൻ വിനീതേട്ടനോട് പലപ്പോഴും അവസരം ചോദിക്കാറുണ്ടായിരുന്നു. അതൊക്കെ ദൈവം കേട്ടിട്ടുണ്ടാകണം. അവസരങ്ങൾ ചോദിച്ചുകൊണ്ടിരിക്കുക എന്നതാണ് നമ്മുടെ ഡ്യൂട്ടി. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിലല്ലേ.
മറ്റു ഭാഷാചിത്രങ്ങളിലും സജീവമാകുന്നു. ഉത്തരവാദിത്വം കൂടുകയാണോ.
ഹൃദയത്തിലൂടെയാണ് തമിഴ്, കന്നഡ ഭാഷകളിലൊക്കെ എത്തിയത്. അടുത്ത മാസം എന്റെ ആദ്യത്തെ കന്നഡ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. ഗോൾഡൻ സ്റ്റാർ ഗണേഷ് ആണ് ഹീറോ. വലിയ സന്തോഷം. അറിയാത്ത ഭാഷകളിൽ പോയി നമ്മുടെ സംഗീതത്തിലൂടെ സംവദിക്കാൻ പറ്റുന്നത് ഒരു ഭാഗ്യമാണ്. ഹൃദയത്തിനുശേഷം തെലുങ്കിൽ നിന്ന് ഹായ് നാന, ഖുഷി ടീമുകൾ സമീപിക്കുകയായിരുന്നു. തമിഴിൽ വൺസ് മോർ, മാമൻ എന്നിവയൊക്കെ സംഭവിക്കുകയായിരുന്നു. നമുക്കായി ഒരു സമയം ഉണ്ടെന്ന് പറയാറില്ലേ. ഇന്നത്തെ കാലത്ത് ജോലി നമ്മളെ തേടി വരിക എന്നത് ഒരു ഭാഗ്യമാണ്. നാട്ടിൽതന്നെയാണ് താമസം. മറ്റു ഭാഷകളിൽ നിന്നുള്ളവർ തേടി നമ്മുടെ നാട്ടിലേക്ക് വരുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. കഥകൾ കേൾക്കുന്നുണ്ട്. പറ്റുന്നവ തിരഞ്ഞെടുക്കുന്നുമുണ്ട്.
സ്കൂൾകാലം ഗൾഫിലായിരുന്നില്ലേ, എങ്ങനെയായിരുന്നു അക്കാലത്തെ സംഗീതാഭ്യസനം. ഇപ്പോഴും പഠനം തുടരുന്നുണ്ടോ / സൗണ്ട് എൻജിനിയറിങ് പഠിച്ചത് സംഗീതപ്രവർത്തനത്തിൽ എത്തരത്തിലാണ് ഹിഷാമിന് സഹായമാകുന്നത്.
ക്ലാസിക്കൽ മ്യൂസിക് (കർണാട്ടിക്) ഇപ്പോഴും പഠിക്കുന്നുണ്ട്. കൊല്ലം ബാലമുരളി മാഷാണ് എന്റെ ഗുരു. ഓൺലൈൻ ക്ലാസാണ്. കൃത്യമായി പഠനം നടക്കാറില്ല. അതിന് മാഷിൽ നിന്ന് വഴക്ക് കേൾക്കാറുണ്ട്. ഒരു സോങ് കംപോസ് ചെയ്യുമ്പോൾ രാഗങ്ങളുടെ സംശയം ഉണ്ടായാൽ മാഷാണ് ക്ലിയർ ചെയ്തുതരുന്നത്. സംഗീതപഠനം ആരംഭിച്ചത് സൗദിയിൽവെച്ചാണ്. ജോണി മാഷാണ് ആദ്യത്തെ ഗുരു. സൗദിയിൽ മ്യൂസിക് റെസ്ട്രിക്ഷൻസ് ഒരുപാടുണ്ട്. അരങ്ങേറ്റമോ കച്ചേരിയോ ഒന്നും നടത്താൻ പറ്റില്ല. ഓഡിയോ കാസറ്റുകൾതന്നെ വളരെ അപൂർവമായാണ് വാങ്ങാൻ കിട്ടിയിരുന്നത്. ആ ഓഡിയോ കാസറ്റുകളിൽ നിന്നാണ് എനിക്ക് സംഗീതത്തോടുള്ള പ്രണയം ഉണ്ടായത്. ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുണ്ട്. അന്നൊക്കെ ഞാൻ കൂടുതൽ കേട്ടിരുന്നത് റഹ്മാൻ സർ, ഇളയരാജ സർ, വിദ്യാസാഗർ സർ, ഔസേപ്പച്ചൻ സർ, പ്രീതം, ശങ്കർ എഹ്സാൻ ലോയ്, ദീപക് ദേവ്, എന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീതസംവിധായകരിലൊരാളായ എം. ജയചന്ദ്രൻ സർ തുടങ്ങിയവരെയായിരുന്നു. ഇപ്പോൾ എന്റെ കേൾവികളിൽ മാറ്റം വന്നിട്ടുണ്ട്. ആസ്വാദനത്തിനപ്പുറം സംഗീതസംവിധാനത്തിൽ സഹായിക്കുന്ന, കൂടുതൽ സ്വാധീനിക്കുന്ന തരത്തിലുള്ളവയാണ് കേൾക്കുന്നത്.
അക്കാദമികമായി അറിവ് വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് പഠനത്തിനായി സൗണ്ട് എൻജിനിയറിങ് തിരഞ്ഞെടുത്തത്. ചെന്നൈയിൽ ഡിപ്ലോമ ചെയ്തു. പിന്നീട് ദുബായിൽ അതേ കോളേജിൽ ഗ്രാജ്വേഷൻ ചെയ്തതിന് ശേഷമാണ് സൗണ്ട് എൻജിനിയറായി പ്രവർത്തിക്കാൻ തുടങ്ങിയത്. മൂന്ന് വർഷം സാമി യൂസഫിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. സൗണ്ട് എൻജിനിയറിങ് പഠിച്ചത് എന്റെ വർക്കിൽ സഹായിക്കുന്നുണ്ട്. എന്റെ മ്യൂസിക് ടീമിനോടൊപ്പം പ്രവർത്തിക്കുമ്പോൾ കൃത്യമായി അവരോട് സംവദിക്കാൻ പറ്റും.
ഒരു സംഗീതപ്രവർത്തകനായി ഹിഷാമിനെ മാറ്റിയെടുത്തതിൽ കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന് മനസ്സിലാക്കുന്നു. പഠനത്തിൽ ഇടവേളയെടുത്ത് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പേരന്റ്സ് പിന്തുണച്ചിട്ടുണ്ടാകുമല്ലോ.
ജനിച്ചത് ചേര്‍ത്തലയിലാണ്, സ്വദേശം ആലപ്പുഴ. ഇപ്പോള്‍ കൊച്ചിയിലാണ് സെറ്റില്‍ഡ് ചെയ്തിരിക്കുന്നത്. ഉപ്പയും ഉമ്മയും സൗദിയില്‍ ജോലിചെയ്തിരുന്നതിനാല്‍ പഠിച്ചത് സൗദിയിലാണ്. പ്ലസ് ടു വരെ അവിടെയായിരുന്നു. അതിനുശേഷം ചെന്നൈയില്‍ സൗണ്ട് എന്‍ജിനിയറിങ് പഠിച്ചു. അതിനുശേഷം ദുബായില്‍ സൗണ്ട് എന്‍ജിനിയറിങ് ഗ്രാജുവേഷന്‍ ചെയ്തു. അതിനുശേഷം സാമി യൂസഫ് എന്ന മ്യൂസിഷനോടൊപ്പം മൂന്ന് വര്‍ഷം വര്‍ക്ക് ചെയ്തു. അതിനുശേഷമാണ് സോള്‍ട്ട് മാംഗോ ട്രീ ചെയ്യാന്‍ വരുന്നത്. 2007 ല്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കാന്‍ വരുന്നത്. അതില്‍ അത്രയും റൗണ്ടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. റൗണ്ടുകള്‍ പോകെപ്പോകെ ഒരുപാട് പേര്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. ഇപ്പോഴും ആളുകള്‍ വന്ന് സ്റ്റാര്‍ സിംഗറില്‍ വന്ന ഹിഷാമല്ലേ എന്ന് തിരക്കാറുണ്ട്. ടിവി ഷോയില്‍ വന്ന് ഒരുപാട് പേര്‍ ശ്രദ്ധിച്ചുവെന്നത് പിന്നീടാണ് മനസ്സിലായത്.
പേരന്റ്‌സിന്റെ സപ്പോർട്ട് വളരെ വലുതായിരുന്നു. എനിക്കൊരു സഹോദരനാണുള്ളത്. അവനും മ്യുസീഷനാണ്. കുടുംബത്തിന്റെ സപ്പോർട്ട് കാരണമാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനും പിന്നീട് സൗണ്ട് എന്‍ജിനിയറിങ് പഠിക്കാനുമൊക്കെ. പിന്നീടങ്ങോട്ട് എന്റെയൊരു യാത്രയായിരുന്നു, സെൽഫ് ഡിസ്കവറിയായിരുന്നു. എന്റെ സ്വന്തം തീരുമാനങ്ങൾ പിന്തുടർന്ന് തന്നെയാണ് ഇവിടെവരെ എത്തിയിട്ടുള്ളത്. ഇന്നത്തെ കാലത്ത് മ്യൂസിക് സീരിയസായി എടുക്കുക എന്നത് വലിയ റിസ്കായിട്ടുള്ള കാര്യമാണ്. നമുക്ക് ഒന്നും പ്രെഡിക്ട് ചെയ്യാനാകാത്ത ഇൻഡസ്ട്രിയാണ് സിനിമ. ഏറ്റവുമടുത്ത സുഹൃത്തുക്കൾ, എന്റെ ഭാര്യ അയിഷ ഇവരുടെയൊക്കെ സപ്പോർട്ട് വളരെ വലുതാണ്. അയിഷയുടെ സപ്പോർട്ടാണ് എടുത്തുപറയേണ്ടത്. സിനിമയിൽ ഞാൻ വന്ന കാലം മുതൽ അയിഷ എന്റെയൊപ്പമുണ്ട്. എനിക്കുവേണ്ടിയാണ്, എന്റെ കാര്യങ്ങൾ നോക്കുന്നതിനുവേണ്ടി അയിഷ പഠനം പോലും നിർത്തിവെച്ചിരുന്നു. വേണമെങ്കിൽ എന്റെ മാനേജരെന്ന് പറയാം. അയിഷയുടെ ഇൻഫ്ളുവൻസും സപ്പോർട്ടുമൊക്ക വലുതാണ്.

സംഗീതസംവിധായകൻ, ഗായകൻ എന്നീ റോളുകൾക്കുപരി മറ്റെന്തെങ്കിലും / ഭാവിയിൽ സംഗീതവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളോ മറ്റോ തുടങ്ങാനുള്ള പദ്ധതിയുണ്ടോ.
സംഗീതവുമായി ബന്ധപ്പെട്ട് ഞാനും വൈഫും ചേർന്നു നടത്തുന്ന ലിവ് വിത് മ്യൂസിക് എന്നൊരു അക്കാദമിയുണ്ട്. ഇപ്പോൾ തിരക്കുകൾ കാരണം അതിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. സോഫ്റ്റ്വെയർ ട്രെയിനിങ് കൊടുക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടാണ്. സ്പെഷ്യൽ ചിൽഡ്രന് വേണ്ടി മ്യൂസിക് തെറാപ്പിയും ഇവിടെ നൽകുന്നുണ്ടായിരുന്നു. ഇതൊക്കെ താത്പര്യമുള്ള കാര്യങ്ങളാണ്. തിരക്കു കാരണം ഇപ്പോൾ അക്കാദമിക്കു വേണ്ടി മാറ്റിവെക്കാനുള്ള സമയം കിട്ടുന്നില്ല. മ്യൂസിക്കിന്റെ പവർ വളരെ വലുതാണ്. ഒരു സ്പെഷ്യൽ കിഡിനെയാണ് ഞാൻ പിയാനോ പഠിപ്പിച്ചു തുടങ്ങിയത്. ആ കുട്ടിക്ക് ഇപ്പോൾ 24 വയസ്സുണ്ട്. ഇന്ന് ആ കുട്ടി വർക്ക് ചെയ്യുകയാണ്. ആ കുട്ടിയുടെ അമ്മ ഏതാനും ദിവസം മുൻപ് എനിക്ക് മെസേജ് അയച്ചിരുന്നു, വളരെ സന്തോഷമുണ്ട് ഹിഷാം അവന്റെ കാര്യത്തിൽ എന്ന്. മ്യൂസിക് തെറാപ്പി വഴി അത്തരം കുട്ടികളെ വലിയ മ്യുസീഷൻസ് ആക്കുകയല്ല ചെയ്യുന്നത്. അവർക്ക് വലിയ കോൺഫിഡൻസ് കൊടുക്കാൻ മ്യൂസിക് തെറാപ്പിയ്ക്ക് സാധിക്കും. ഒരുപക്ഷേ, ഞാൻ പഠിപ്പിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പ്രാർഥനയാകും ഇന്ന് സംസാരിക്കാനുള്ള ഈ അവസരത്തിലേക്ക് എന്നെ എത്തിച്ചത്. ഒരു കുട്ടിയുടെ പേരന്റ്സ് എന്നോട് അന്വേഷിച്ചതാണ്. എന്റെ ഫാമിലിയിൽ അത്തരത്തിലുള്ള രണ്ടുകുട്ടികളുണ്ടായിരുന്നു. അതുകൊണ്ടാണ് ആ മാതാപിതാക്കൾ അക്കാര്യം ആവശ്യപ്പെട്ടപ്പോൾ ഞാനത് സ്വീകരിക്കാൻ തയ്യാറായത്. ആ കുട്ടിയിൽ മാറ്റങ്ങളുണ്ടായപ്പോഴാണ് മറ്റു കുട്ടികളുടെ മാതാപിതാക്കളും സമീപിച്ചത്. ഞാൻ തന്നെ പഠിപ്പിച്ചിരുന്നതുകൊണ്ട് ഇനി അതിനായി മറ്റ് ടീച്ചേഴ്സിനെ പരിശീലിപ്പിച്ച് ആ സ്ഥാപനം വീണ്ടും തുടങ്ങാനുള്ള പദ്ധതിയുമുണ്ട്.
Content Highlights: Hesham Abdul Wahab`s travel from world amusement to composing scores for Kerala Crime Files, Hridayam
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·