ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ്. മൂന്നാം ദിവസത്തെ അവസാന പന്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രോളിയെ ഒരു സ്ലോവര്‍ യോര്‍ക്കറില്‍ മുഹമ്മദ് സിറാജ് വീഴ്ത്തുകയായിരുന്നു.
വേഗം കുറഞ്ഞ യോര്‍ക്കര്‍ ക്രോളിയെ അക്ഷരാര്‍ഥത്തില്‍ അദ്ഭുതപ്പെടുത്തി. കാരണം അത്തരമൊരു പന്ത് ആ സമയം സിറാജില്‍ നിന്ന് ക്രോളി പ്രതീക്ഷിച്ചിരുന്നില്ല. ക്രോളിയുടെ വിക്കറ്റിനു പിന്നില്‍ സിറാജും ക്യാപ്റ്റന്‍ ഗില്ലും ചേര്‍ന്ന മാസ്റ്റര്‍ പ്ലാനായിരുന്നു.
മൂന്നാം ദിവസത്തെ അവസാന ഓവറായിരുന്നു അത്. ഇംഗ്ലീഷ് ഓപ്പണര്‍മാരായ ക്രോളിയും ബെന്‍ ഡക്കറ്റും ഓപ്പണിങ് വിക്കറ്റില്‍ 50 റണ്‍സ് ചേര്‍ത്തതോടെ ഈ കൂട്ടുകെട്ട് വേഗം തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. മൂന്നാം ദിനത്തിലെ കളി അവസാനിക്കുന്നതിനു മുമ്പേ തന്നെ അതിനുള്ള പദ്ധതി തയ്യാറായി.
മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമായിരുന്നു ബാക്കി. ക്രോളി ലോര്‍ഡ്‌സ് ടെസ്റ്റില്‍ ചെയ്തതുപോലെ സമയം കളയാന്‍ ഓരോന്ന് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ ആരും അതിനെതിരേ പ്രതികരിക്കാന്‍ നിന്നില്ല. സിറാജിന്റെ 14-ാം ഓവറിലെ നാലാം പന്തിനു മുമ്പ് ഗില്‍, സ്‌ക്വയര്‍ ലെഗ് ഫീല്‍ഡറായിരുന്ന യശസ്വി ജയ്‌സ്വാളിനെ ബൗണ്ടറിക്കടുത്തേക്ക് നിര്‍ത്തി. അടുത്തതായി ഒരു ബൗണ്‍സറാണ് എറിയാന്‍ പോകുന്നതെന്ന പ്രതീതിയുണര്‍ത്തി.
ജയ്‌സ്വാളിനെ സ്‌ക്വയര്‍ ലെഗില്‍ നിന്ന് ഡീപിലേക്ക് മാറ്റുന്നത് ക്രോളി ശ്രദ്ധിച്ചിരുന്നു. അതോടെ അടുത്തത് ഒരു ഷോര്‍ട്ട് ബോളായിരിക്കുമെന്ന് ക്രോളിയും കരുതി. എന്നാല്‍ ഒരു പെര്‍ഫെക്ട് സ്ലോവര്‍ യോര്‍ക്കറെറിഞ്ഞ സിറാജ്, ക്രോളിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ആറടി അഞ്ചിഞ്ചുകാരനായ ക്രോളിക്ക് സിറാജിന്റെ യോര്‍ക്കറിനൊത്ത് ബാറ്റെത്തിക്കാന്‍ സാധിച്ചില്ല. ഫലമോ മൂന്നാം ദിനത്തിലെ അവസാന പന്തില്‍ ഇംഗ്ലീഷ് ഓപ്പണറെ പുറത്താക്കി ഇന്ത്യ കളി അവസാനിപ്പിച്ചു.
Content Highlights: India`s clever tactics pb to Crawley`s wicket. Gill sets a trap with a short-ball field








English (US) ·