Published: July 13 , 2025 03:01 PM IST
1 minute Read
ഈസ്റ്റ് റുഥർഫോഡ്∙ പ്രായത്തിലും പ്രതാപത്തിലും ഇംഗ്ലിഷ് ക്ലബ് ചെൽസിയോടു മുട്ടിനിൽക്കാൻ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു കഴിഞ്ഞേക്കില്ല. എന്നാൽ പ്രതാപകാലം അയവിറക്കാതെ യാഥാർഥ്യത്തിലേക്കു വന്നാൽ കളിമികവിലും കണക്കുകളിലും ഇംഗ്ലിഷ് ടീമിനെക്കാൾ ബഹുദൂരം മുന്നിലാണ് നിലവിൽ ഫ്രഞ്ച് പടയുടെ സ്ഥാനം. ക്ലബ് ഫുട്ബോൾ ലോകകപ്പ് ഫൈനലിനായി ഇന്ന് ന്യൂ ജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ചെൽസി ആരാധകരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നതും പിഎസ്ജിയുടെ സമീപ കാല മികവു തന്നെ.
ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറച്ചാണ് ഇന്ന് പിഎസ്ജി ഇറങ്ങുന്നതെങ്കിൽ ടൂർണമെന്റിൽ രണ്ടാം കിരീടം നേടി, യൂറോപ്യൻ ഫുട്ബോളിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള സുവർണാവസരമാണ് ചെൽസിക്ക് ഈ ഫൈനൽ. മത്സരം ഇന്നു രാത്രി 12.30 മുതൽ നടക്കുന്ന ഫൈനലിന് ഇന്ത്യയിൽ ടെലിവിഷൻ സ്പ്രേഷണമില്ല.
∙ ബലാബലം മുന്നേറ്റം
ഉസ്മാൻ ഡെംബലെ, ഡിസിറെ ഡുവെ, ക്വിച്ച ക്വാരട്സ്‌ഹെലിയ തുടങ്ങിയവരടങ്ങിയ മുന്നേറ്റ നിരയാണ് പിഎസ്ജിയുടെ കരുത്ത്. ഇവർക്കൊപ്പം അച്റഫ് ഹാക്കിമി, വിറ്റിഞ്ഞ, മാർക്വിഞ്ഞോസ്, ഫാബിയാൻ റൂയിസ് എന്നിവർ കൂടി ചേരുന്നതോടെ ഫ്രഞ്ച് ക്ലബ്ബിന്റെ ആക്രമണ നിര ഡബിൾ സ്ട്രോങ്.
മറുവശത്ത് കോൾ പാമർ നേതൃത്വം നൽകുന്ന ചെൽസി അറ്റാക്കിനെ പെഡ്രോ നെറ്റോ, എൻസോ ഫെർണാണ്ടസ്, ജോവ പെഡ്രോ, നിക്കോളാസ് ജാക്സൻ എന്നിവരുടെ സാന്നിധ്യം സമ്പന്നമാക്കുന്നു.
∙ ഓടി നേടി പിഎസ്ജി
ടൂർണമെന്റിലെ ഏറ്റവും മികച്ച ‘ഓട്ടക്കാരുമായാണ്’ പിഎസ്ജിയുടെ വരവ്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ദൂരം കവർ ചെയ്ത താരമെന്ന റെക്കോർഡ് ഫ്രഞ്ച് ക്ലബ് മിഡ്ഫീൽഡർ വിറ്റിഞ്ഞയ്ക്കാണ്. 69.33 കിലോമീറ്ററാണ് ഫൈനലിനു മുൻപു വരെ വിറ്റിഞ്ഞ ഓടിത്തീർത്തത്.
അച്റഫ് ഹാക്കിമി (60.68 കിലോമീറ്റർ), ഡിസിറെ ഡുവെ (58.79), ജോവ നെവസ് (56.44) എന്നിങ്ങനെ 4 പിഎസ്ജി താരങ്ങൾ പട്ടികയിലെ ആദ്യ പത്തിലുണ്ട്. മറുവശത്ത് 14–ാം സ്ഥാനത്തുള്ള പ്രതിരോധ താരം മാർക്ക് കുക്കുറേയയാണ് (53.85) ചെൽസി നിരയിൽ ഒന്നാമൻ.
∙ പ്രായത്തിൽ ചെൽസി
ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമുകളിലൊന്നുമായാണ് ചെൽസി ഫൈനലിന് ഇറങ്ങുന്നത്. 23.4 വയസ്സാണ് പരിശീലകൻ എൻസോ മരെസ്കയ്ക്കു കീഴിൽ ഇറങ്ങുന്ന ഇംഗ്ലിഷ് ടീമിന്റെ ശരാശരി പ്രായം.
27 വയസ്സുകാരൻ ടോസിൻ അഡാറബിയോയോ ആണ് ടീമിലെ സീനിയർ. മറുവശത്ത് 25 വയസ്സ് ശരാശരി പ്രായവുമായി എത്തുന്ന ലൂയി എൻറിക്വെയുടെ ടീമിൽ മുപ്പത്തിയൊന്നുകാരൻ മാർക്വിഞ്ഞോസാണ് പ്രായം കൂടിയ താരം.
English Summary:








English (US) ·