ക്ലബ് ലോകകപ്പിൽ ഓക്‌ലൻഡ് സിറ്റിക്കെതിരെ റെക്കോർഡ് വിജയവുമായി ബയൺ മ്യൂണിക് (10–0); അത്‌ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തി പിഎസ്‍ജി

7 months ago 6

ഓൺലൈൻ ഡെസ്ക്

Published: June 15 , 2025 12:04 PM IST Updated: June 16, 2025 07:52 AM IST

1 minute Read

psg-goal-celebration-1
അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന പിഎസ്ജി താരങ്ങൾ (ഫിഫ പങ്കുവച്ച ചിത്രം)

സിൻസിനാറ്റി (യുഎസ്) ∙ യുവേഫ ചാംപ്യൻസ് ലീഗിലെ കന്നിക്കിരീടം വെറും ഭാഗ്യമല്ലെന്ന് തെളിയിച്ച പ്രകടനവുമായി ഫ്രഞ്ച് ക്ലബ് പിഎസ്ജി; ഗോളടിയിൽ റെക്കോർഡ് കുറിച്ച വിജയത്തോടെ ഫിഫ ക്ലബ് ലോകകപ്പിൽ തുടക്കം ഗംഭീരമാക്കി ജർമൻ ക്ലബ് ബയൺ മ്യൂണിക്. ഫലം, ഗോൾരഹിതമായ ഉദ്ഘാടന മത്സരത്തിന്റെ നിരാശയെല്ലാം നീക്കി ക്ലബ് ലോകകപ്പിൽ ഗോൾമഴ! സ്പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മഡ്രിഡിനെ പിഎസ്ജി 4–0ന് തകർത്തപ്പോൾ, ഓഷ്യാനിയ മേഖലയിൽനിന്നു ലോകകപ്പിൽ പങ്കെടുക്കുന്ന ഏക ടീമായ ന്യൂസീലൻഡിലെ ഓക്‌ലൻഡ് സിറ്റി എഫ്സിയെ ബയൺ 10–0ന് തോൽവിയിൽ മുക്കി.

അവസാന 10 മിനിറ്റിലധികം 10 പേരുമായി കളിച്ച അത്‌ലറ്റിക്കോ മഡ്രിഡിനെ, എൺപതിലായിരത്തിലധികം വരുന്ന കാണികൾക്കു മുന്നിലാണ് പിഎസ്ജി 4–0ന് നാണംകെടുത്തിയത്. ഫാബിയൻ റൂയിസ് (19–ാം മിനിറ്റ്), വിറ്റീഞ്ഞ (45'+1), സെന്നി മയുലു (87), ലീ കാങ് ഇൻ (90'+7, പെനൽറ്റി) എന്നിവരാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. 78–ാം മിനിറ്റിൽ വിവാദച്ചുവയുള്ള തീരുമാനത്തിലൂടെ ക്ലെമന്റ് ലാങ്‌ലെറ്റ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെയാണ് അത്‌ലറ്റിക്കോ മഡ്രിഡ് 10 പേരായി ചുരുങ്ങിയത്.

ഇന്നലെ അർധരാത്രി നടന്ന മത്സരത്തിൽ ജമാൽ മുസിയാല ഹാട്രിക് നേടിയതോടെയാണ് (67, 73, 84 മിനിറ്റുകൾ) ബയൺ മ്യൂണിക്ക് ന്യൂസീലൻഡിൽനിന്നുള്ള ഓക്‌ലൻഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളുകൾക്ക് തകർത്തത്. കിങ്സ്‌ലി കോമാൻ (6, 21 മിനിറ്റുകൾ), മൈക്കിൾ ഒലീസെ (20, 45+3), തോമസ് മുള്ളർ (45, 89) എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ സാഷാ ബോയെ (18) പട്ടിക പൂർത്തിയാക്കി. ആദ്യ പകുതിയിൽതന്നെ ജർമൻ ടീം 6–0ന് മുന്നിലായിരുന്നു.

തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ ക്ലബ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയാണ് ബയൺ മ്യൂണിക് തിരിച്ചു കയറിയത്. ഒരു യൂറോപ്യൻ ടീമിനെതിരെ ആദ്യ മത്സരം കളിക്കുന്ന ഓക്‌ലൻഡിനെ നിർദാക്ഷിണ്യം നേരിട്ട ബയൺ കളിയുടെ ആദ്യ മിനിറ്റു മുതൽ കളം നിറഞ്ഞു. 72% പന്തവകാശം സ്വന്തമാക്കിയ ജർമൻ ടീം ന്യൂസീലൻഡ് ക്ലബ്ബിന്റെ പ്രതിരോധത്തെ തുടരെ പരീക്ഷിച്ചുകൊണ്ടിരുന്നു.

ചെറുതും വലതുമായ പാസുകളിലൂടെ മുന്നേറിയ ബയണിന്റെ അൻപതിലേറെ അപകടകരമായ ഗോൾനീക്കങ്ങൾ ഓക്‌ലൻഡ് പ്രതിരോധനിര ക്ലിയർ ചെയ്തു. മത്സരത്തിൽ ബയൺ മ്യൂണിക് 17 ഗോൾഷോട്ടുകൾ പായിച്ചപ്പോൾ ബയണിന്റെ പോസ്റ്റ് ലക്ഷ്യമിട്ടെത്തിയത് ഒരേയൊരു ഷോട്ട് മാത്രം. ആറാം മിനിറ്റിൽ കിങ്സ്‌ലി കോമാൻ തുടക്കമിട്ട ബയണിന്റെ ഗോളടി പൂർത്തിയാക്കിയത് ബയണിനായി അവസാന ടൂർണമെന്റ് കളിക്കുന്ന തോമസ് മുള്ളറാണ്.

പരുക്കിനുശേഷം ടീമിലേക്കു മടങ്ങിയെത്തിയ ജമാൽ മുസിയാല രണ്ടാം പകുതിയിൽ 17 മിനിറ്റുകൾക്കിടെയാണ് 3 ഗോളുകൾ നേടിയത്. അതിലൊന്ന് പെനൽറ്റിയിലൂടെയായിരുന്നു. ജയത്തോടെ, ഗ്രൂപ്പ് സിയിൽ 3 പോയിന്റുമായി ബയൺ ഒന്നാമതെത്തി.

English Summary:

Bayern Munich Vs Auckland City, PSG vs Atletico Madrid, FIFA Club World Cup 2025 Group C Matchday 1 - Live Updates

Read Entire Article