ക്ലബ് ലോകകപ്പിൽ വിജയത്തുടക്കമിട്ട് ചെൽസി; ബോക്ക ജൂനിയേഴ്സ്–ബെൻഫിക്ക സമനിലപ്പോരിൽ ആകെ 4 ഗോൾ, 3 ചുവപ്പുകാർഡ്!

7 months ago 6

മനോരമ ലേഖകൻ

Published: June 17 , 2025 09:50 AM IST

1 minute Read

belotti-red-card
ബെൻഫിക്കയുടെ ഇറ്റാലിയൻ താരം ബെൻഫിക്ക താരം ആൻഡ്രിയ ബെലോട്ടിയെ ചുവപ്പുകാർഡ് നൽകി പുറത്താക്കുന്ന റഫറി (എക്സിൽ പങ്കുവച്ച ചിത്രം)

അറ്റ്ലാന്റ (യുഎസ്) ∙ ഫിഫ ക്ലബ് ലോകകപ്പിൽ വിജയത്തുടക്കമിട്ട് ചെൽസി കുതിപ്പു തുടങ്ങി. ഒഴിഞ്ഞ കസേരകൾകൊണ്ട് ചർച്ചയായ മത്സരത്തിൽ യുഎസ് ക്ലബ് ലൊസാഞ്ചലസ് എഫ്‍സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസി വീഴ്ത്തിയത്. മത്സരത്തിന്റെ ഇരു പകുതികളിലുമായാണ് ചെൽസി ലക്ഷ്യം കണ്ടത്. മറ്റു മത്സരങ്ങളിൽ ഫ്ലമൻഗോ തുനീസിയയിൽനിന്നുള്ള ഇഎസ് തുനിസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ, അർജന്റീന ക്ലബ് ബോക്ക ജൂനിയേഴ്സും പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചു.

ഫിഫ ക്ലബ് ലോകകപ്പിന്റെ ഗ്രൂപ്പ് ഡി മത്സരത്തിൽ 22,000 കാണികൾക്കു മുന്നിലാണ് ചെൽസിയുടെ വിജയം. മത്സരത്തിലുടനീളം ഗാലറിയിലെ ഏറിയപങ്ക് കസേരകളും കാലിയായിരുന്നു. ചെൽസിക്കായി പെഡ്രോ നെറ്റോ (34–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (79) എന്നിവർ ലക്ഷ്യം കണ്ടു. ഇഎസ് തുനിസിനെതിരെ ജോർജിയൻ ഡി അരാകയേസ്റ്റ (17–ാം മിനിറ്റ്), ലൂയിസ് അരൗജോ (70) എന്നിവർ നേടിയ ഗോളുകളിലാണ് ബ്രസീലിയൻ ക്ലബ് ഫ്ലമൻഗോ വീഴ്ത്തിയത്. ഈ മത്സരം കാണാൻ 25,000ൽ അധികം കാണികൾ സ്റ്റേഡിയത്തിലെത്തിയിരുന്നു.

പരുക്കൻ അടവുകൾകൊണ്ട് ശ്രദ്ധേയമായ മത്സരത്തിലാണ് ബോക്ക ജൂനിയേഴ്സും ബെൻഫിക്കയും സമനിലയിൽ പിരിഞ്ഞത്. ഒരു ഘട്ടത്തിൽ 2–0ന് മുന്നിലായിരുന്ന ബോക്ക ജൂനിയേഴ്സിനെ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് ബെൻഫിക്ക വീഴ്ത്തിയത്. പോർച്ചുഗീസ് ക്ലബ്ബാണെങ്കിലും അർജന്റീന ക്ലബിനെതിരെ അവരുടെ രണ്ടു ഗോളുകളും നേടിയത് അർജന്റീന താരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. എയ്ഞ്ചൽ ഡി മരിയ  (45'+3, പെനൽറ്റി), നിക്കൊളാസ് ഒട്ടാമെൻഡി (84) എന്നിവരാണ് ലക്ഷ്യം കണ്ടത്. ബോക്ക ജൂനിയേഴ്സിന്റെ ഗോളുകൾ യുറഗ്വായ് താരം മിഗ്വേൽ മെറെൻഷ്യൽ (21–ാം മിനിറ്റ്), അർജന്റീന താരം റോഡ്രിഗോ ബറ്റാഗ്ലിയ (27) എന്നിവർ നേടി.

അതേസമയം, മത്സരത്തിലാകെ മൂന്നു താരങ്ങളാണ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത്. ബോക്ക ജൂനിയേഴ്സ് നിരയിൽ രണ്ടു പേരും ബെൻഫിക്കയുടെ ഒരു താരവും ചുവപ്പുകാർഡ് കണ്ടു. ബോക്ക ജൂനിയേഴ്സിന്റെ ആൻഡർ ഹെരേര (45–ാം മിനിറ്റ്), ജോർജ് ഫിഗൽ (88) എന്നിവരും ബെൻഫിക്ക താരം ആൻഡ്രിയ ബെലോട്ടിയുമാണ് (72) ചുവപ്പുകാർഡ് കണ്ട് പുറത്തായത്.

English Summary:

Chelsea Vs Los Angeles FC, Boca Juniors vs Benfica, Flamengo vs ES Tunis, FIFA Club World Cup 2025 Matches - Live Updates

Read Entire Article