ക്ലബ് ലോകകപ്പ്; പ്രീ-ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം, മയാമി-പിഎസ്ജി പോരാട്ടം ഞായറാഴ്ച

6 months ago 6

ഫിലാഡെൽഫിയ (യുഎസ്എ): ക്ലബ് ഫുട്‌ബോൾ ലോകകപ്പ് നോക്കൗട്ട് റൗണ്ട് കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ. യൂറോപ്യൻ മുൻനിര ടീമുകളായ ബയേൺ മ്യൂണിക്, റയൽ മഡ്രിഡ്, ഇന്റർ മിലാൻ, മാഞ്ചെസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയവ പ്രീക്വാർട്ടറിൽ സ്ഥാനംനേടി. ബ്രസീലിൽനിന്നുള്ള നാലുടീമുകളും മുന്നേറി.

ബ്രസീൽ ടീമുകൾ നേർക്കുനേർ

ബ്രസീൽ ക്ലബ്ബുകളുടെ നേർക്കുനേർ പോരാട്ടത്തിന് ശനിയാഴ്ച ചാമ്പ്യൻഷിപ്പ് വേദിയാവും. നിലവിലെ ബ്രസീൽ, സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ ബോട്ടാഫോഗൊ ടീം പാൽമിറാസിനെയാണ് നേരിടുന്നത്. രാത്രി 9.30-നാണ് മത്സരം. യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയെ കീഴടക്കിയാണ് ബോട്ടാഫോഗൊ കടന്നുവന്നത്. കഴിഞ്ഞ അഞ്ചുകളികളിലും പാൽമിറാസിന് ബോട്ടാഫോഗൊയെ കീഴടക്കാനായിട്ടില്ല. എന്നാൽ, ബ്രസീൽ ലീഗിൽ ബോട്ടാഫൊഗൊക്ക് മുന്നിലാണ് പാൽമിറാസ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻചാമ്പ്യന്മാരായ ചെൽസി ശനിയാഴ്ച രാത്രി 1.30-ന് പോർച്ചുഗൽ ക്ലബ് ബെൻഫിക്കയെ നേരിടും. എൻസൊ മരേസ്‌കയുടെ ലണ്ടൻ ടീം ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് യോഗ്യതനേടിയത്. പോർച്ചുഗൽ പവർഹൗസായ ബെൻഫിക്ക ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ചാണ് നോക്കൗട്ടിലെത്തിയത്. ചെൽസിക്കെതിരേയും അട്ടിമറിയാണ് പോർച്ചുഗൽ ടീമിന്റെ ലക്ഷ്യം. പരിചയസമ്പന്നനായ പ്ലേ മേക്കർ എയ്ഞ്ചൽ ഡി മരിയയുടെ സാന്നിധ്യം ടീമിന് സ്ഥിരതനൽകുന്നു.

പിഎസ്ജിയെ നേരിടാൻ മെസ്സി

ഗ്രൂപ്പ് ഘട്ടത്തിൽ വിസ്മയമായ ടീമാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. പോർച്ചുഗലിന്റെ പോർട്ടൊക്കെതിരേ നിർണായക ജയംകുറിച്ചാണ് അമേരിക്കൻ ടീം മുന്നേറിയത്. മെസ്സിയുടെ മുൻ ടീം പിഎസ്ജിയെയാണ് ഞായറാഴ്ച മയാമി നേരിടുന്നത്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിനു പിന്നാലെ ലോകകപ്പും സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് പാരീസ് ടീം കളിക്കുന്നത്. മയാമിയെ അനായാസം മറികടന്ന്‌ ക്വാർട്ടറിലെത്താമെന്നാണ് കോച്ച് ലൂയി എൻ‌റിക്കെയുടെ പ്രതീക്ഷ. എന്നാൽ, ബോട്ടാഫോഗൊക്കെതിരേ ഗ്രുപ്പ് മത്സരത്തിലേറ്റ തോൽവി ആശങ്കയുണ്ടാക്കുന്നു.

ഹാരി കെയ്‌ൻ, മൈക്കൽ ഒലിസ്, തോമസ് മുള്ളർ തുടങ്ങിയ പരിചയസമ്പന്നർ അണിനിരക്കുന്ന ബയേണിനെയാണ് ബ്രസീലിന്റെ ഫ്ലെമംഗൊ നേരിടുന്നത്. കരുത്തരായ ചെൽസിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. ജർമൻ ബുണ്ടസ് ലീഗ് സ്വന്തമാക്കിയ ഫോം തുടരാനാവുമെന്നാണ് ബയേണിന്റെ പ്രതീക്ഷ.

ഇൻററിന് ബ്രസീൽ ചലഞ്ച്

യൂറോപ്യൻ ചാമ്പ്യസ് ലീഗ് ഫൈനലിസ്റ്റായ ഇന്റർ മിലാൻ തിങ്കളാഴ്ച ബ്രസീലിന്റെ ഫ്‌ളൂമിനെൻസിനെയാണ് നേരിടുക. ബൊറൂസിയ ഡോർട്മുൺഡിനെ തളച്ചതിന്റെ ആവേശത്തിലാണ് ഫ്‌ളൂമിനെൻസ്.

ഗ്രൂപ്പിലെ എല്ലാ കളികളും ജയിച്ച ഏകടീമെന്ന ഖ്യാതിയുള്ള മാഞ്ചെസ്റ്റർ സിറ്റിക്ക് സൗദി ടീം അൽ ഹിലാലാണ് എതിരാളികൾ. മുൻ ഏഷ്യൻ ചാമ്പ്യന്മാരായ അൽ ഹിലാലിൽ യാവൊ കാൻസിലൊ ഉൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ താരങ്ങളുണ്ട്. എന്നാൽ, തങ്ങൾക്ക് കാര്യമായ വെല്ലുവിളിയുയർത്താൻ സൗദി ടീമിന് കഴിയില്ലെന്നാണ് പെപ് ഗാർഡിയോളയുടെ കണക്കുകൂട്ടൽ.

യുവന്റസിനെ വീഴ്ത്താൻ റയൽ

അസുഖബാധിതനായ സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയെ കളത്തിലിറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ചൊവ്വാഴ്ച റയൽ മഡ്രിഡ് ഇറ്റാലിയൻ ടീം യുവന്റസുമായി കൊമ്പുകോർക്കുന്നത്. മാഞ്ചെസ്റ്റർ സിറ്റിയോടേറ്റ 5-2 സ്‌കോർ തോൽവിയുടെ ആഘാതം മറികടക്കാൻ യുവന്റസിന് കഴിയേണ്ടതുണ്ട്. മെക്‌സിക്കൻ ടീം മോണ്ടറിയും ജർമനിയുടെ ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് ചൊവ്വാഴ്ചത്തെ മറ്റൊരു പോരാട്ടം. മുൻ റയൽ താരം സെർജിയൊ റാമോസ് അണിനിരക്കുന്ന മോണ്ടെറി ഇന്റർ മിലാനെ സമനിലയിൽ തളച്ചിരുന്നു.

Content Highlights: nine satellite cupful pre 4th matches

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article