Published: July 06 , 2025 04:01 AM IST
1 minute Read
-
പിഎസ്ജി– 2, ബയൺ മ്യൂണിക്– 0
-
ചെൽസി– 2, പാൽമിറാസ്–1, ഫ്ലുമിനൻസെ– 2, അൽ ഹിലാൽ– 1
അറ്റ്ലാന്റ∙ നിലവിൽ യൂറോപ്യൻ ഫുട്ബോളിന്റെ അധിപൻമാർ തങ്ങൾ തന്നെയാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി ഒരിക്കൽ കൂടി തെളിയിച്ചു. ക്ലബ് ഫുട്ബോൾ ലോകകപ്പിലെ യൂറോപ്യൻ ടീമുകളുടെ സൂപ്പർ പോരാട്ടത്തിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനെ 2–0ന് തോൽപിച്ച പിഎസ്ജി സെമിഫൈനലിൽ കടന്നു. രണ്ട് റെഡ് കാർഡുകൾ കണ്ട്, ഒൻപതു പേരായി ചുരുങ്ങിയിട്ടും പതറാതെ പൊരുതിയ പാരിസ് ക്ലബ്ബിനായി 78–ാം മിനിറ്റിൽ യുവതാരം ഡിസിറെ ഡുവെയും രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ഉസ്മാൻ ഡെംബലെയുമാണ് (90+6) ലക്ഷ്യം കണ്ടത്.
മത്സരത്തിനിടെ പിഎസ്ജി ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നരുമ്മയുമായി കൂട്ടിയിടിച്ച ബയൺ താരം ജമാൽ മുസിയാളയുടെ കാൽക്കുഴയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മുസിയാളയെ സ്ട്രക്ചറിലാണ് ഗ്രൗണ്ടിൽ നിന്നു പുറത്തേക്കു കൊണ്ടുപോയത്. ഇന്നലെ നടന്ന മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ബ്രസീൽ ക്ലബ് ഫ്ലുമിനൻസെ 2–1 സൗദി ക്ലബ് അൽ ഹിലാലിനെ തോൽപിച്ചപ്പോൾ ഇംഗ്ലിഷ് ക്ലബ് ചെൽസിക്കു മുന്നിൽ മറ്റൊരു ബ്രസീൽ ടീമായ പാൽമിറാസ് വീണു (2–1). 9ന് നടക്കുന്ന ഒന്നാം സെമിഫൈനലിൽ ചെൽസിയും ഫ്ലുമിനൻസെയും ഏറ്റുമുട്ടും.
ബലാബലം
പന്തവകാശത്തിലും പാസുകളിലും ഇരുടീമുകളും ബലാബലം നിന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ആക്രമണത്തിന്റെ കടിഞ്ഞാൺ ബയണിന്റെ കയ്യിലായിരുന്നു. ജർമൻ ടീം 11 ഷോട്ടുകൾ പോസ്റ്റിലേക്ക് തൊടുത്തപ്പോൾ 8 തവണയാണ് പിഎസ്ജി ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചതോടെ മത്സരം ആവേശകരമായ രണ്ടാം പകുതിയിലേക്ക്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുസിയാള പരുക്കേറ്റ് പുറത്തായത് ജർമൻ ക്ലബ്ബിന് തിരിച്ചടിയായി. മുസിയാളയുടെ അസാന്നിധ്യം ബയണിനെ അൽപം പിന്നോട്ടുവലിച്ച തക്കം മുതലെടുത്ത പിഎസ്ജി ഡുവെയിലൂടെ ലീഡ് നേടി. പിന്നാലെ വില്ലിയാൻ പാച്ചോ റെഡ് കാർഡ് കണ്ടു പുറത്തായത് പിഎസ്ജിക്ക് തിരിച്ചടിയായി. പത്തു മിനിറ്റിനുള്ളിൽ ലൂക്കാസ് ഹെർണാണ്ടസും റെഡ് കാർഡ് കണ്ടു മടങ്ങിയതോടെ പിഎസ്ജി 9 പേരായി ചുരുങ്ങി. ഈ അവസരം മുതലാക്കി കൗണ്ടർ അറ്റാക്കിനു ശ്രമിച്ച ബയണിനു പിഴച്ചു. പന്ത് പിടിച്ചെടുത്ത പിഎസ്ജി താരങ്ങൾ നടത്തിയ പ്രത്യാക്രമണം ഡെംബലെ ലക്ഷ്യത്തിലെത്തിച്ചതോടെ ബയണിന്റെ പതനം പൂർണം.
English Summary:








English (US) ·