Published: July 08 , 2025 10:01 AM IST
1 minute Read
ഈസ്റ്റ് റുഥർഫോർഡ് (യുഎസ്എ) ∙ ചെൽസി X തിയാഗോ സിൽവ! ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ സെമിഫൈനലിൽ ചെൽസിയും ഫ്ലൂമിനെൻസെയും തമ്മിലുള്ള മത്സരത്തിന് ഇങ്ങനെയൊരു വിശേഷണം കേട്ട് അതിശയിക്കേണ്ടതില്ല. ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ മുൻ ക്യാപ്റ്റൻ തിയാഗോ സിൽവയാണ് ഇപ്പോൾ ബ്രസീൽ ക്ലബ് ഫ്ലൂമിനെൻസെയുടെ നായകൻ. കളിക്കു മുൻപേ എല്ലാ കണ്ണുകളും സിൽവയിലേക്കാവുക അതിനാൽ സ്വാഭാവികം. അടുത്ത വർഷത്തെ ലോകകപ്പിന്റെ ഫൈനൽ വേദിയായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇന്നു രാത്രി 12.30നാണ് കിക്കോഫ്. രണ്ടാം സെമിയിൽ നാളെ രാത്രി 12.30ന് ഫ്രഞ്ച് ക്ലബ് പിഎസ്ജി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനെ നേരിടും.
2020 മുതൽ 2024 വരെയുള്ള കാലത്ത് ചെൽസിക്കായി 150ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട് തിയാഗോ സിൽവ. ഒരു ചാംപ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ ചെൽസിക്കൊപ്പം നേടിയിട്ടുമുണ്ട് ബ്രസീലുകാരൻ സിൽവ. പക്ഷേ, ഇപ്പോൾ ഇതെല്ലാം പഴങ്കഥയാണ്. കാരണം എൻസോ മരേസ്ക പരിശീലിപ്പിക്കുന്ന ചെൽസിക്ക് ഈ സീസണിൽ ക്ലബ് ലോകകപ്പ് കൂടി വേണമെന്നൊരു പിടിവാശി തുടക്കം മുതലുണ്ട്. സെമിവരെയുള്ള യാത്രയിൽ ചെൽസി ഒരേയൊരു മത്സരമാണു തോറ്റത്; അതും ബ്രസീൽ ക്ലബ് ഫ്ലമെൻഗോയ്ക്കെതിരെയായിരുന്നു ആ തോൽവി. ക്ലബ് ലോകകപ്പിൽ ഇതുവരെ കരുത്തരായ ഒരു എതിരാളിയെ നേരിട്ടിട്ടില്ല എന്നതാണു ചെൽസിക്കുള്ള ഒരേയൊരു മൈനസ് പോയിന്റ്.
ബ്രസീൽ ക്ലബ്ബിന്റെ അടുക്കൽ ചുവടു തെറ്റിയ ചെൽസിയെയാണ്, ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത റിയോ ഡി ജനീറോ ക്ലബ് നേരിടാനൊരുങ്ങുന്നത്. പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ 2–0നു തോൽപിച്ചതു ടീമിന്റെ ആത്മവിശ്വാസം വാനോളമുയർത്തിയിട്ടുണ്ട്. ഇരുടീമുകളും മത്സരഫുട്ബോളിൽ ആദ്യമായാണ് നേർക്കു നേർ വരുന്നത്. ചെൽസി നിരയിൽ 2 മഞ്ഞക്കാർഡുകൾ കണ്ടതിനാൽ സസ്പെൻഷനിലായ ലിയാം ഡിലാപ്, ലെവി കോൾവെൽ എന്നിവർ കളിക്കില്ല. സസ്പെൻഷൻ കഴിഞ്ഞ മോയിസെസ് കായ്സെഡോ ടീമിലേക്കു തിരിച്ചെത്തുകയും ചെയ്തു. ഫ്ലുമിനെൻസെ നിരയിലും സസ്പെൻഷനിലായ യുവാൻ പാബ്ലോ ഫ്ലെയ്റ്റസും മത്തേവൂസ് മാർട്ടിനെല്ലിയും കളിക്കില്ല.
English Summary:








English (US) ·