2026 ഫുട്ബോൾ ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സൽ പൂർത്തിയായി! ഇക്കഴിഞ്ഞ ക്ലബ് ലോകകപ്പിനു വേദിയായ യുഎസിലെ 5 സ്റ്റേഡിയങ്ങൾ അടുത്ത വർഷം ഇതേ സമയം ഫുട്ബോൾ ലോകകപ്പിനും വേദിയാകും. ലോകകപ്പിനു പതിവായെത്തുന്ന ആരാധകർ നിലവിൽ ക്ലബ് ഫുട്ബോൾ ലോകകപ്പിലെ വിശേഷങ്ങളാണ് ചർച്ച ചെയ്യുന്നത്.
കനത്ത ചൂട്, ശൂന്യമായ ഗാലറികൾ, നിലവാരം കുറഞ്ഞ മത്സരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ടൂർണമെന്റിന്റെ തുടക്കത്തിൽ വിമർശനങ്ങൾക്കു വഴിയൊരുക്കിയെങ്കിലും ടൂർണമെന്റ് ഹിറ്റ് ആയി എന്നാണ് ഫിഫയുടെ മറുപടി.
∙ ക്ലബ്ബുകൾക്ക് വലിയ കാര്യം!
691 കോടി രൂപ കൈമാറ്റക്കരാറിൽ ബ്രസീൽ സ്ട്രൈക്കർ ജോവ പെഡ്രോ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ചെൽസിയിലെത്തിയത് ക്ലബ് ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ്. സെമിയിൽ ജോവ പെഡ്രോ നേടിയ 2 ഗോളിന്റെ ബലത്തിൽ ചെൽസി ഫൈനലിലെത്തി. ജോവയ്ക്കായി മുടക്കിയ തുകയുടെ മൂന്നിലൊന്ന് ഒറ്റ മത്സരത്തിൽത്തന്നെ ടീം തിരിച്ചുപിടിച്ചു. ഫൈനലിലും ഗോൾ നേടിയ ജോവ, തന്നെ ടീമിലെടുത്ത ചെൽസിയുടെ തീരുമാനം ശരിതന്നെയെന്നു തെളിയിച്ചു.
ക്ലബ് ലോകകപ്പ് തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുൻപ് 32 ടീമുകൾ പുതുതായി ടീമിലെത്തിച്ചത് 59 താരങ്ങളെയാണ്. ആകെ 4106 കോടി രൂപയുടെ താരക്കൈമാറ്റമാണു നടന്നത്.
∙ ആളൊരുങ്ങി; അരങ്ങൊരുങ്ങി
26000 പേർക്ക് ഇരിക്കാവുന്ന ഫ്ലോറിഡയിലെ ഇന്റർ ആൻഡ് കോ സ്റ്റേഡിയത്തിൽ ഉൽസൻ എച്ച്ഡി–മാമലോഡി സൺഡൗൺസ് മത്സരം കാണാനെത്തിയത് 3412 പേരാണ്. സ്റ്റേഡിയത്തിന്റെ 13% മാത്രം. 4 മത്സരങ്ങൾക്കു കാണികൾ പതിനായിരത്തിൽ താഴെയായിരുന്നു.
എന്നാൽ, 16 മത്സരങ്ങൾക്ക് 60,000നു മുകളിൽ കാണികളെത്തി. ഏറ്റവും കൂടുതൽ കാണികൾ (81,118) ഉണ്ടായിരുന്നത് ചെൽസി–പിഎസ്ജി ഫൈനലിനായിരുന്നു. ടൂർണമെന്റിന്റെ ശരാശരി കാണികളുടെ എണ്ണം 38,369 ആണ്.
∙ ബ്രസീൽ വീണ്ടും യൂറോപ്പിലേക്ക്
ലോകത്തിനു മുന്നിൽ തങ്ങളുടെ ഫുട്ബോൾ മികവു പുറത്തെടുക്കാൻ ലഭിച്ച അവസരം ബ്രസീലിയൻ ടീമുകൾ മുതലാക്കി. ഫ്ലുമിനെൻസെ, ഫ്ലമൻഗോ, ബൊട്ടഫാഗോ, പാൽമെയ്‌റാസ് എന്നീ 4 ബ്രസീലിയൻ ടീമുകൾ നോക്കൗട്ടിലെത്തി. ഈ ടീമുകളിൽ തിളങ്ങിയ താരങ്ങളെ വലവീശാൻ യൂറോപ്യൻ ക്ലബ്ബുകൾ രംഗത്തിറങ്ങിക്കഴിഞ്ഞു.
∙ ബൊട്ടഫാഗോ താരങ്ങളായ ഹേർ കുൻഹ, ഇഗോർ ജീസസ് (138 കോടി രൂപ വീതം) എന്നിവരെ ഇംഗ്ലിഷ് ക്ലബ് നോട്ടിങ്ങാം ഫോറസ്റ്റ് സ്വന്തമാക്കി.
∙ ഫ്ലമൻഗോ ഡിഫൻഡർ വെസ്‌ലിക്കായി ഇറ്റാലിയൻ ക്ലബ് റോമ പ്രഖ്യാപിച്ച ഓഫർ 288 കോടി രൂപയാണ്.
∙ ഫ്ലുമിനെൻസെ വിങ്ങർ ജോൺ അരിയാസിന് ഇംഗ്ലിഷ് ക്ലബ് വൂൾവ്സിന്റെ ഓഫർ 200 കോടി രൂപ.
∙ പാൽമെയ്‌റാസ് മിഡ്ഫീൽഡർ റിച്ചഡ് റയോസിനു റോമ വാഗ്ദാനം ചെയ്തിരിക്കുന്നത് 288 കോടി രൂപ.
∙ 8558 കോടി രൂപ!
ക്ലബ് ഫുട്ബോൾ ലോകകപ്പിനെത്തിയ ടീമുകൾ ലക്ഷ്യം വച്ചതു വമ്പൻ സമ്മാനത്തുകയാണ്. ഏകദേശം 8558 കോടി രൂപയായിരുന്നു ക്ലബ് ലോകകപ്പിന്റെ ആകെ സമ്മാനത്തുക. വിജയികളായ ചെൽസിക്ക് 987 കോടി രൂപ ലഭിച്ചു. രണ്ടാം സ്ഥാനക്കാരായ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു കിട്ടിയത് 918 കോടി രൂപ. അവസാന സ്ഥാനക്കാരായ ന്യൂസീലൻഡ് ക്ലബ് ഓക്‌ലൻഡ് സിറ്റിക്കു പോലും കിട്ടി 53 കോടി രൂപ !
English Summary:








English (US) ·