ക്ലബ്ബുകൾക്ക് എഐഎഫ്എഫ് പ്രസിഡന്റിന്റെ ഉറപ്പ്; ലേറ്റായാലും ഐഎസ്എൽ നടക്കും

5 months ago 6

ന്യൂഡൽഹി ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിന്റെ പുതിയ സീസൺ അൽപം വൈകിയാണെങ്കിലും മുടങ്ങാതെ നടത്തുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചു.

ഐഎസ്എൽ ക്ലബ്ബുകളുമായി 10 ദിവസത്തിനുള്ളിൽ വീണ്ടും യോഗം ചേർന്ന് കിക്കോഫ് തീയതി പ്രഖ്യാപിക്കും. പുതിയ സീസൺ അനിശ്ചിതത്വത്തിലായതോടെ ക്ലബ്ബുകളുടെ പ്രതിനിധികളുമായി എഐഎഫ്എഫ് നടത്തിയ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്സി എന്നീ ക്ലബ്ബുകൾ ഓൺലൈനായും മറ്റു ക്ലബ്ബുകളുടെ പ്രതിനിധികൾ നേരിട്ടും യോഗത്തിൽ പങ്കെടുത്തു.സാധാരണ ഐഎസ്എൽ സീസണിനു ശേഷം സംഘടിപ്പിക്കാറുള്ള സൂപ്പർ കപ്പ് ഇത്തവണ ലീഗിനു മുൻപേ അടുത്ത മാസം നടത്തുമെന്നും കല്യാൺ ചൗബേ പറഞ്ഞു.

സെപ്റ്റംബറിലാണ് ഐഎസ്എലിന്റെ പുതിയ സീസൺ തുടങ്ങേണ്ടിയിരുന്നത്. ഐഎസ്എൽ സംഘാടകരായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡവലപ്മെന്റ് ലിമിറ്റഡും ദേശീയ ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ റൈറ്റ്‌സ് എഗ്രിമെന്റ് (എംആർഎ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഫെഡറേഷന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.

ഇതിൽ വിധി വരാതെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തരുതെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്‌. ഡിസംബറിൽ അവസാനിക്കുന്ന കരാറിന്റെ കാര്യത്തിൽ വ്യക്തതയില്ലാതെ ഐഎസ്എൽ നടത്താനാകില്ലെന്ന് എഫ്എസ്ഡിഎൽ നേരത്തേ അറിയിച്ചിരുന്നു. ഇതുമൂലം പല ക്ലബ്ബുകളും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. താരങ്ങൾക്കു പ്രതിഫലവും നൽകുന്നില്ല. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് എഐഎഫ്എഫ് യോഗം വിളിച്ചത്.

പ്രധാന തീരുമാനങ്ങൾ

∙ സെപ്‌റ്റംബർ രണ്ടാമത്തെയൊ മൂന്നാമത്തെയോ ആഴ്‌ച സൂപ്പർ കപ്പ്‌ തുടങ്ങും

∙ വൈകിയാണെങ്കിലും ഐഎസ്എൽ സീസൺ മുടക്കമില്ലാതെ നടത്തും

∙ ചെലവു കുറച്ചാവും ഐഎസ്‍എൽ നടത്തുക, മത്സരക്രമത്തിലും മാറ്റം പ്രതീക്ഷിക്കാം

∙ ഹോം, എവേ മത്സരങ്ങൾ ഒഴിവാക്കി, എല്ലാ മത്സരങ്ങളും ഒന്നോ രണ്ടോ വേദിയിലേക്കു ചുരുക്കിയേക്കും

∙ ദൈർഘ്യമേറിയ സീസണുപകരം ഐപിഎൽ മാതൃകയിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നടത്താനും ആലോചന

∙ ക്ലബ്ബുകൾ ശമ്പളം തടഞ്ഞ സംഭവത്തിൽ ഇടപെടാനാവില്ല, അത് ക്ലബ്ബുകളുടെ ആഭ്യന്തര തീരുമാനം

∙ പത്തു ദിവസത്തിനുള്ളിൽ വീണ്ടും യോഗം ചേരും, അന്തിമ തീരുമാനം അന്ന് പ്രഖ്യാപിക്കും

English Summary:

AIFF Confirms ISL Will Happen: Super Cup Precedes League Amidst Cost-Cutting Measures

Read Entire Article